കേരളത്തില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ വേണമെന്ന് വിദഗ്ധ സമിതി; തീരുമാനം സര്‍വകക്ഷി യോഗം ഉടനെടുക്കും

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഇന്ന് നടക്കുന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനമാവുക. രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ വേണമെന്നാണ് ശുപാര്‍ശ.

ലോക്ഡൗണ്‍ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. നിയന്ത്രണങ്ങള് കടുപ്പിച്ചാല്‍ മതിയെന്നായിരുന്നു ആലോചന. പ്രതിപക്ഷത്തിനും സമാന അഭിപ്രായമാണുള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സാധാരണക്കാരുടെ ജീവതം ദുരിതത്തിലാവുമെന്ന് പ്രതതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് കൊവിഡ് വിദഗ്ധ സമിതി രണ്ടാഴ്ച ലോക്ഡൗണ്‍ എന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുവരിക കൂടി ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യതിയാനം സംഭവിച്ച വൈറസ് സംസ്ഥാനത്ത് പടരാന്‍ സാധ്യതയുണ്ടെന്നാണ് സമിതിയുടെ നിരീക്ഷണം. ഈ പകര്‍ച്ച ചെറുക്കാന്‍ ആളുകള്‍ തമ്മില്‍ ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. അതിന് ലോക്ഡൗണ്‍ തന്നെയാണ് പോംവഴിയെന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത്.

അന്തിമ തീരുമാനം സര്‍വകക്ഷി യോഗത്തിന് വിട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ വേണ്ട എന്നതാണ് തീരുമാനമെങ്കില്‍ എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചേക്കും.