ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാന്‍ ധാരണ? ഇളവുകളുണ്ടാകും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍കുറയട്ടെ എന്ന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാന്‍ ധാരണ. ലോക്ക്ഡൗണ്‍ തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ലോക്ഡൗണ്‍ നീട്ടാനും കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായെന്നാണ് വിവരം.

സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ടാകും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.

സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തില്‍ എടുത്ത നിലപാട്. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.