‘അതിലൊരു പ്രശ്‌നമുണ്ട്’; നാല് മാസം മുന്‍പ് കെ സുധാകരന്‍ മനോരമ വാരികയോട് പറഞ്ഞത് ചൂണ്ടി എം സ്വരാജിന്റെ മറുപടികള്‍

മലയാള മനോരമ വാരികയില്‍ വന്ന അഭിമുഖത്തിലും വിവാദമായതിനേത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും കെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതിയംഗം എം സ്വരാജ്. നാല് മാസം മുന്‍പ് ഫെബ്രുവരിയില്‍ മനോരമ വാരികയില്‍ തന്നെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ താനും പിണറായിയും തമ്മില്‍ നേരിട്ട് അടിപിടി നടത്തിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞത് സ്വരാജ് ചൂണ്ടിക്കാട്ടി.

നാല് മാസത്തിനിടയില്‍ ഒരേ പ്രസിദ്ധീകരണത്തിലാണ് ഒരേയാളുണ്ടെ രണ്ട് അഭിപ്രായങ്ങള്‍ വരുന്നത്. ഓരോ ദിവസവും ഓരോ കളവ് പറയാന്‍ അസാധാരണ വൈഭവമുള്ള മനോരമയ്ക്കും കെ സുധാകരനും മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെല്ലാം.

എം സ്വരാജ്

കെപിസിസി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തിന് ഒപ്പം കൊണ്ടുവന്ന കണ്ടോത്തെ ഗോപി എന്നയാള്‍ ആര്‍എസ്എസ് ഗുണ്ടയാണെന്ന് സ്വരാജ് പറഞ്ഞു. ഗണേശ് ബീഡിക്കമ്പനിയുടെ ഗുണ്ടയായിരുന്ന ഗോപി നിരവധി കേസുകളില്‍ പ്രതിയാണ്. ദിനേശ് ബീഡിയുമായുള്ള കേസില്‍ ഗണേശ് ബീഡിക്കമ്പനിയുടെ സാക്ഷിയായിരുന്നു ഗോപിയെന്നും സ്വരാജ് പ്രതികരിച്ചു.

ഇത്തരം സില്‍ബന്ദികളുടെയൊക്കെ താങ്ങിലാണ് ഇപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ എഴുന്നേറ്റ് നില്‍ക്കുന്നത്.

എം സ്വരാജ്

എം സ്വരാജ് പറഞ്ഞത്

“സ്ഥാനാരോഹണത്തിന് മുന്‍പ് നിയുക്ത കെപിസിസി അദ്ധ്യക്ഷന്റെ അഭിമുഖം മലയാള മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു. താനൊരു വലിയ പരാക്രമിയാണ് എന്ന് തോന്നിപ്പിക്കും വിധം കോളേജ് വിദ്യാഭ്യാസ കാലത്തെ ചില വീരശൂര പരാക്രമങ്ങള്‍ അദ്ദേഹം പറഞ്ഞതായി മനോരമ വാരികയെഴുതി. പച്ചക്കള്ളം, അല്‍പ്പത്തരം…കെപിസിസി അദ്ധ്യക്ഷന്റെ കസേരയിലിരിക്കുന്ന ഒരാള്‍ പറഞ്ഞതിന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. അതോടെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമായി അത് മാറി. മുഖ്യമന്ത്രിക്ക് താന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറയുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അറിയിച്ചു. ആ വാര്‍ത്താസമ്മേളനം എന്തോ ഒരു മഹത്തായ കാര്യമായി പരിണമിക്കുമെന്ന് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രചരണവും ആരംഭിച്ചു.

കേരള കൗമുദിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ എഴുതിയത് ഇങ്ങനെയാണ്. ‘അങ്കത്തിന് സമയം കുറിച്ചു, പിണറായിക്ക് മറുപടിയുമായി സുധാകരന്‍ 11.15ന് എത്തും, പ്രതീക്ഷിക്കുന്നത് വന്‍ വെളിപ്പെടുത്തലുകള്‍’. അതിഭയാനകമായ എന്തോ വെളിപ്പെടുത്താന്‍ പോകുകയാണെന്നാണ് കൗമുദി പറഞ്ഞത്. രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പ്രസ്മീറ്റ് ആണിതെന്ന് ഏഷ്യാനെറ്റ് ആവര്‍ത്തിച്ചുപറഞ്ഞു. രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ വക്താവായി ആ നിമിഷത്തില്‍ ഏഷ്യാനെറ്റ് മാറി.

കൈയടിക്കാനും വിസിലടിക്കാനുമായി നാല് വണ്ടി ആളേയും കൂട്ടിയാണ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു കെപിസിസി പ്രസിഡന്റ് ഒരു ജനസഞ്ചയവുമായി പ്രസ്മീറ്റിന് വരുന്നത്. എത്ര നേരം വേണമെങ്കിലും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇവിടെ ഇരുന്നുതരാന്‍ തയ്യാറായിട്ടാണ് ഞാന്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷെ, വാര്‍ത്താസമ്മേളനം കുറച്ച് മുന്നേറിയപ്പോള്‍ ഒറ്റയ്ക്ക് പറഞ്ഞിട്ട് ആകുന്നില്ല എന്ന് തോന്നിയിട്ടാകാം, കൂടെക്കൊണ്ടുവന്ന ഒരു ശിങ്കിടിക്ക് മൈക്ക് കൈമാറി. കണ്ടോത്തെ ഗോപി എന്നൊരു മാന്യനായിരുന്നു അത്. സുധാകരന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. പിണറായി അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ടത്രെ. ആരാണ് കണ്ടോത്തെ ഗോപി? ആര്‍എസ്എസിന്റെ കളരിയില്‍ നിന്ന് അഭ്യാസം കഴിഞ്ഞ ലക്ഷണമൊത്ത സ്വയം സേവകന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗലാപുരത്തെ ഗണേശ് ബിഡിക്കമ്പനിയുടെ ഗുണ്ടയായി കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാള്‍. അതിന്റെ പേരില്‍ കേസുകളില്‍ പ്രതിയായ ആള്‍. ഗണേശ് ബീഡിക്കമ്പനി ദിനേശ് ബീഡിക്കെതിരെ കേസ് നടത്തിയപ്പോള്‍ ഗണേശ് കമ്പനിയുടെ സാക്ഷി.

അദ്ദേഹം പറയുന്നത് പിണറായി അദ്ദേഹത്തെ ആക്രമിച്ചെങ്കിലും ഭരണസ്വാധീനം കാരണം എഫ്‌ഐആര്‍ പോലും ഇട്ടില്ലെന്നാണ്. പക്ഷെ, അതിലൊരു പ്രശ്‌നമുണ്ട്. ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് കേരളത്തിലും കേന്ദ്രത്തിലുമൊക്കെ സിപിഐഎം ആയിരുന്നില്ല അധികാരത്തില്‍. കേരളത്തില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് എന്തേ എഫ്‌ഐആര്‍ ഇടാതെ പോയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കേണ്ടതാണ്. ഇനി ഏതെങ്കിലുമൊരു അക്രമസംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം കൊടുക്കാത്തത് എന്ത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഏതായാലും ഇത്തരം സില്‍ബന്ദികളുടെയൊക്കെ താങ്ങിലാണ് ഇപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ എഴുന്നേറ്റ് നില്‍ക്കുന്നത്.

എത്രനേരം വേണമെങ്കിലും ഇരുന്ന് തരാമെന്ന് പറഞ്ഞയാള്‍ കുപ്പിയിലും ഗ്ലാസിലുമായി കരുതിയ വെള്ളമെല്ലാം കുടിച്ചുതീര്‍ത്ത ശേഷം പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച്, വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച് ഇറങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്.

എന്തായിരുന്നു അദ്ദേഹം നടത്തിയ വന്‍ വെളിപ്പെടുത്തല്‍? മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച, ആകാംഷപൂര്‍വ്വം കാത്തിരിക്കാന്‍ മലയാളികളെ ആഹ്വാനിച്ച ആ വെളിപ്പെടുത്തല്‍ എന്തായിരുന്നു. അദ്ദേഹം പറയുന്നു ‘വിവാദമായ അഭിമുഖത്തില്‍ ഇന്നത്തെ മുഖ്യമന്ത്രിയെ പണ്ട് ഞാന്‍ ബ്രണ്ണന്‍ കോളേജില്‍ വെച്ച് ചവിട്ടി താഴെയിട്ടു എന്നൊക്കെയുള്ള വീരസ്യം പറച്ചില്‍, അതൊന്നും താന്‍ പറഞ്ഞതല്ല. അതൊന്നും അച്ചടിച്ചു വന്നതില്‍ ഞാന്‍ ഉത്തരവാദിയല്ല. മനോരമ ചതിച്ചതാണ്. മനോരമയുടെ ലേഖകനോട് സ്വകാര്യ സംഭാഷണത്തില്‍ ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യങ്ങളാണ്. അതൊന്നും അച്ചടിക്കില്ല എന്ന് ഞാന്‍ ഉറപ്പുവരുത്തിയിരുന്നു’ എന്നാണ്. എന്താണ് അതിന്റെ അര്‍ത്ഥം? അച്ചടിക്കില്ലെന്ന ഉറപ്പില്‍ എന്ത് വീരസ്യവും എന്ത് അല്‍പത്തരവും പറയുന്ന ഒരാളാണ് കെപിസിസി പ്രസിഡന്റ്.

അച്ചടിക്കരുതെന്ന പറഞ്ഞിട്ടും അത് കൊടുത്ത മനോരമയുടെ ഉദ്ദേശമെന്തെന്ന് നമുക്ക് അറിഞ്ഞുകൂടാ. പക്ഷെ, അത് അച്ചടിച്ചുവന്നപ്പോള്‍ കെ സുധാകരന്‍ പരസ്യമായി നിഷേധിച്ചിട്ടില്ല. പിണറായിയുടെ മറുപടി വരെ അങ്ങനെയൊരു നിഷേധം വന്നിരുന്നില്ല. മനോരമ എഡിറ്റര്‍ക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇനി വിശദീകരിക്കേണ്ടത് മനോരമയാണ്. എന്തുമാകട്ടെ, ഒന്നുകില്‍ സുധാകരന് ലജ്ജവേണം, അല്ലെങ്കില്‍ അത് അച്ചടിക്കുന്ന മനോരമയ്ക്ക് ലജ്ജ വേണം. ഇത് രണ്ടുമില്ലാതെയായാല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കും.

2021 ഫെബ്രുവരി 27ന് പുറത്തിറങ്ങിയ മനോരമ വാരികയുടെ 26-ാം പേജില്‍ സുധാകരനെ മഹത്വവല്‍കരിക്കുന്ന ഒരു സ്‌റ്റോറിയുണ്ട്. പിണറായി വേഴ്‌സസ് സുധാകരന്‍ എന്ന പേരിലോ മറ്റോ. അനില്‍ കുരുടത്ത് എന്ന ലേഖകനാണ് അത് എഴുതിയത്. അതില്‍ ബ്രണ്ണന്‍ കോളേജ് കാലത്തെ സംഘര്‍ഷങ്ങളേക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പറയുന്നു. ‘പിണറായി വിജയന്റെ വിദ്യാര്‍ത്ഥികളും മറുഭാഗത്ത് കെഎസ്‌യുവും നേര്‍ക്ക് നേരെയുള്ള സംഘര്‍ഷങ്ങളുടെ കാലമായിരുന്നു അത്. പക്ഷെ, പിണറായിയും താനും ഒരിക്കലും പരസ്പരം തല്ലിയിട്ടില്ല’ എന്നാണ് പറയുന്നത്. പിണറായിയും സുധാകരനും തമ്മില്‍ അടിപിടിയുണ്ടായിട്ടില്ല എന്ന് ഇതേ മനോരമ വാരിക ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നു.

നാല് മാസം പിന്നിടുമ്പോള്‍ അതേ സുധാകരന്‍ അതേ മനോരമയില്‍ പറഞ്ഞതായി വരുന്നു; ‘പിന്നൊന്നും ആലോചിച്ചില്ല, പിണറായിയെ ഒറ്റച്ചവിട്ട്’. നാല് മാസത്തിനിടയില്‍ ഒരേ പ്രസിദ്ധീകരണത്തിലാണ് ഒരേയാളുണ്ടെ രണ്ട് അഭിപ്രായങ്ങള്‍ വരുന്നത്. ഇതില്‍ നിന്ന് വായനക്കാര്‍ക്ക് അവരുടേതായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും. ഓരോ ദിവസവും ഓരോ കളവ് പറയാന്‍ അസാധാരണ വൈഭവമുള്ള മനോരമയ്ക്കും കെ സുധാകരനും മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെല്ലാം.

അക്കാലത്ത് കോളേജിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തേയും നേതാവ് ശ്രീ മമ്പറം ദിവാകരന്‍ പറയുന്നു സുധാകരന്‍ പറഞ്ഞ സംഭവങ്ങളേക്കുറിച്ച് കേട്ടിട്ടേയില്ലെന്ന്. ആ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഒന്നിനു പുറകെ ഒന്നായി കള്ളമാണെന്ന് ഈ ദിവസങ്ങളില്‍ തെളിഞ്ഞു.”

സിപിഐഎം കേരളയുടെ യുട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ച ‘മനോരമയുടെ ചതിയും സുധാകരന്റെ സങ്കടവും, തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം’ എന്ന പരിപാടിയിലാണ് എം സ്വരാജിന്റെ പ്രതികരണം.