‘നിശ്ചയം അടുത്തപ്പോള്‍ എന്റെ ജോലി പോയി’; ജീവിതത്തിലെ ‘സുരഭി’യേക്കുറിച്ച് സുനില്‍ സൂര്യ

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒറ്റ പ്രകടനം കൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് നടന്‍ സുനില്‍ സൂര്യ. വിവാഹം കഴിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഭാര്യപിതാവിന്റെ അവഗണന വകവെയ്ക്കാതെ, ഭാര്യ സുരഭിയ്‌ക്കൊപ്പം നിന്ന്, വിവാഹ വീട്ടിലെ മൂത്ത മരുമകന്റെ റോള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്ന സന്തോഷ് എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിച്ചത്. ഭാര്യാസഹോദരിയുടെ വിവാഹസമയത്ത് കാര്യമായ സാമ്പത്തിക സഹായം ചെയ്യാന്‍ പറ്റാത്തതിന്റെ നിസ്സഹായാവസ്ഥ കെഎസ്ആര്‍ടിസി ജീവനക്കാരനായ സന്തോഷ് ചിത്രത്തില്‍ പലവട്ടം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തില്‍ അതിനേക്കാള്‍ വലിയൊരു പ്രതിസന്ധി സുനില്‍ നേരിട്ടു. അപ്പോള്‍ സുരഭിയേപ്പോലെ കട്ടയ്ക്ക് കൂടെ നിന്നയാളേക്കുറിച്ച് പറയുകയാണ് നടന്‍.

സിനിമയേയും കഥാപാത്രത്തേയും സ്വീകരിച്ച സന്തോഷത്തിനൊപ്പം തന്റെ വിവാഹ സമയത്തുണ്ടായ ഒരു അപ്രതീക്ഷിത വഴിത്തിരിവ് നടന്‍ പങ്കുവെച്ചു. വിവാഹ നിശ്ചയത്തിന് തൊട്ടുമുന്‍പ് തനിക്ക് ജോലി നഷ്ടമായെന്ന് സുനില്‍ പറയുന്നു. ‘2017 ലെ ഒരു നവംബര്‍ 2ന് ആയിരുന്നു എന്റെ വിവാഹ നിശ്ചയം. പെണ്ണ് കാണാന്‍ പോകുന്ന നേരം എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു. നിശ്ചയം അടുക്കവേ എനിക്കെന്റെ ജോലി നഷ്ട്ടമായി. ശരിക്കും ഞാന്‍ ഒരു വട്ട പൂജ്യം. കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു ‘കല്യാണത്തിന് ശേഷം ആണ് നിങ്ങളുടെ ജോലി നഷ്ട്ടപ്പെട്ടിരുന്നതെങ്കിലോ?’ സിനിമ മാത്രമാണ് എന്റെ തലയില്‍ എന്നും ഞാന്‍ പറഞ്ഞു. അതില്‍ ഞാന്‍ ശോഭിക്കുമോ എന്നും അറിയില്ല. അന്നും ഇന്നും അവള്‍ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഉണ്ട്. ജീവിതത്തിലെ സുരഭിയുടെ യഥാര്‍ത്ഥ നാമം വന്ദന എന്നാണ്.’ തന്റെ ‘ചൊവ്വാഴ്ച നിശ്ചയത്തിന്റ’ വീഡിയോയും സുനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സുനില്‍ സൂര്യ, വന്ദന

സംവിധായകന്‍ സെന്ന ഹെഗ്‌ഡേയേപ്പോലെ കാഞ്ഞങ്ങാടുകാരനാണ് സുനില്‍ സൂര്യയും. ബെസ്റ്റ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്ന സമയത്താണ് സെന്ന ഹെഗ്‌ഡേയേക്കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ‘തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ’ ഓഡിഷനില്‍ പങ്കെടുത്ത സുനിലിന് ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് സന്തോഷിന്റെ കഥാപാത്രം ലഭിക്കുന്നത്. സുനിലിന്റെ ഭാര്യ വന്ദന ശിവന്‍ തിരുവനന്തപുരം സ്വദേശിനിയാണ്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ മലയാളത്തില്‍ പിഎച്ച്ഡി ചെയ്യുകയാണിപ്പോള്‍.