‘യുട്യൂബ് എന്ന് പറഞ്ഞ് ജീവിതം കളയരുതെന്ന് പലരും ഉപദേശിച്ചു’; അവരിപ്പോള്‍ കരിക്കിന്റെ കട്ട ആരാധകരെന്ന് ജീവന്‍

ബിടെക്കും എംബിഎയും കഴിഞ്ഞ് അബുദാബിയില്‍ നല്ല ശമ്പളത്തോടെ കിട്ടിയ ജോലി ഉപേക്ഷിച്ചതാണ് അഭിനയ കരിയറിലെ വഴിത്തിരിവെന്ന് കരിക്ക് സീരീസുകളിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫന്‍ മാമ്മന്‍. എറണാകുളത്ത് എംബിഎ ചെയ്യുമ്പോള്‍ തന്നെ കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെട്ടിരുന്നെന്ന് ജീവന്‍ പറഞ്ഞു. രണ്ടുപേരും ഒരേ താല്‍പര്യക്കാരാണെന്ന് പരിചയപ്പെട്ടപ്പോഴേ മനസിലായി. പഠനശേഷം ഒരു വര്‍ഷം അബുദാബിയില്‍ ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹവും ചെയ്യുന്ന ജോലിയും രണ്ടായതോടെ മാനസികമായി ഡൗണ്‍ ആയെന്ന് ജീവന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജീവന്റെ പ്രതികരണം.

രാജിവെച്ച് നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക് സീന്‍ ആയി.

ജീവന്‍

വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി. എങ്ങനെയെങ്കിലും അഭിനയമേഖലയില്‍ എത്തിപ്പറ്റണമെന്നായിരുന്നു ആഗ്രഹം. കരിക്കിലെ ഉണ്ണി മാത്യൂസ് വഴിയാണ് ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും. നല്ല വിദ്യാഭ്യാസത്തിന് ശേഷം കിട്ടിയ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. യു ട്യൂബ് ഒരു തൊഴിലായി ചെയ്യാവുന്ന മേഖലയാണ് എന്ന് വീട്ടുകാരേയും നാട്ടുകാരേയും ബോധ്യപ്പെടുത്താന്‍ ഒരുപാട് പാടുപെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ കരിക്ക് ക്ലിക്ക് ആയതോടെ വീട്ടുകാര്‍ ഓക്കെ ആയെന്നും ജീവന്‍ പറഞ്ഞു.

യുട്യൂബ് എന്ന് പറഞ്ഞ് ജീവിതം കളയരുതെന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ് എന്നതാണ് എന്റെ മധുരപ്രതികാരം.

ജീവന്‍ സ്റ്റീഫന്‍ മാമ്മന്‍