ലൂയിസ് വാൻഗാൽ വീണ്ടും നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പരിശീലകൻ. ആഴ്ച്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഡച്ച് ഫുട്ബോൾ ഫെഡറേഷനായ കെഎൻവിബിയാണ് മാനേജരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യൂറോകപ്പ് നോക്കൗട്ട് റൗണ്ടിൽ ചെക്ക് റിബ്ലക്കിനോട് എതിരില്ലാത്ത രണ്ട് ഗോളിനോട് തോറ്റ് ഹോളണ്ട് പുറത്തായിരുന്നു. ഫ്രാങ്ക് ദെ ബോവറിന് പകരക്കാരനായി വാൻഗാലെത്തുമെന്ന് അന്ന് മുതൽക്കേ തന്നെ വാർത്തകളുണ്ട്. മൂന്നാം തവണയാണ് വാൻഗാൽ നെതർലൻഡ്സ് ദേശീയ ടീമിന്റെ പരിശീലകനാകുന്നത്.
എന്റെ ഹൃദയത്തോട് എപ്പോഴും ചേർന്നുനിൽക്കുന്നതാണ് ഡച്ച് ഫുട്ബോൾ. ഞങ്ങളുടെ ഫുട്ബോൾ മുൻപോട്ടുകൊണ്ടുപോകുന്നതിനേക്കുറിച്ചുള്ള എന്റെ വീക്ഷണത്തിൽ പ്രധാനസ്ഥാനമാണ് പരിശീലനചുമതലയ്ക്ക്.
ലൂയിസ് വാൻഗാൽ
ഡച്ച് ടീമിനെ പരിശീലിപ്പിക്കാൻ കഴിയുക ഒരു അംഗീകാരമായി കാണുന്നു. അടുത്ത യോഗ്യതാ മത്സരങ്ങൾക്ക് കുറച്ച് സമയം മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് പങ്കാളിത്തത്തിന് ആ മത്സരങ്ങൾ അതീവ നിർണായകമാണ് താനും. കളിക്കാരിലും സമീപനത്തിലുമാണ് അതുകൊണ്ട് 100 ശതമാനം ശ്രദ്ധ. അതിന് വേണ്ടിയാണ് എന്നെ ചുമതലപ്പെടുത്തിരിയിരിക്കുന്നത്. തിരിച്ചെത്താനായതിൽ സന്തോഷമുണ്ട്. ഇപ്പോൾ തന്നെ ഒരു പറ്റം കളിക്കാരുമായും ടെക്നിക്കൽ സ്റ്റാഫുമായും സംസാരിച്ചുകഴിഞ്ഞു. ഒത്തൊരുമയോടെ കർത്തവ്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ് താനെന്നും 69കാരനായ ഡച്ച് പരിശീലകൻ കൂട്ടിച്ചേർത്തു.
2000ലാണ് വാൻഗാൽ ആദ്യമായി ഹോളണ്ട് സീനിയർ ടീമിന്റെ പരിശീലകനാകുന്നത്. 2002 ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയതോടെ സ്ഥാനം തെറിച്ചു. 2012ൽ കിട്ടിയ അവസരം രണ്ട് വർഷം നീണ്ടു നിന്നു. 2014 ലോകകപ്പിന് യോഗ്യത നേടിയെ ഡച്ച് ടീം സെമി ഫൈനൽ വരെ കുതിപ്പ് തുടർന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അന്ന് അർജന്റീനയോട് തോറ്റത്.
വാൻഗാലിന്റെ ഡച്ച് റെക്കോർഡ്
കളികൾ: 44
ജയം: 27
സമനില: 13
തോൽവി: നാല്
2019ൽ പരിശീലക വേഷം അഴിച്ചുവെയ്ക്കുകയാണെന്ന് വാൻഗാൽ പ്രഖ്യാപിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് വാൻ ഗാൽ ഏറ്റവും ഒടുവിലായി പരിശീലിപ്പിച്ചത്. 2016ൽ എഫ്എ കപ്പ് നേടിയതിന് പിന്നാലെ യുണൈറ്റഡ് മാനേജ്മെന്റ് ഡച്ച് മാനേജരെ പറഞ്ഞുവിട്ടു. യൂറോ തോറ്റതിന്റെ നിരാശ മാറാത്ത ഡച്ച് ജനതയുടെ ഖത്തർ പ്രതീക്ഷകൾ നിറവേറ്റുകയെന്ന ഭാരമേറിയ ചുമതലയാണ് വാൻഗാൽ ഏറ്റെടുത്തിരിക്കുന്നത്. നിർഭാഗ്യം കൂടപ്പിറപ്പായ ഓറഞ്ചിന് ഇത്തവണയും പ്രതിഭാ സമ്പന്നമായ സ്ക്വാഡുണ്ട്. ഡാനി ബ്ലിൻഡ്, ഹെങ്ക് ഫ്രേസർ, ഫ്രാൻസ് ഹോയെക് എന്നിവർ വാൻഗാലിനെ അസിസ്റ്റ് ചെയ്യും.