പ്രിയങ്ക ഗാന്ധിയോടൊപ്പം വനിതാ പൊലീസുകാരുടെ സെല്‍ഫി; നടപടിയെടുക്കുമെന്ന് യുപി പൊലീസ്

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഒപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ലഖ്‌നൗ പൊലീസ് കമ്മീഷണര്‍ ഡി.കെ താക്കൂര്‍. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ആഗ്രയിലേക്ക് പോകുന്നതിനിടെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയിലെ ടോള്‍ പ്ലാസയില്‍ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. അപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയോടൊപ്പം സെല്‍ഫിയെടുത്തത്.

ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിയങ്കയും ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനം.

നടപടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തന്റെയൊപ്പം ഫോട്ടോയെടുക്കുന്നത് കുറ്റകരമാണെങ്കില്‍ തന്നെയാണ് ശിക്ഷിക്കേണ്ടത്. എന്തിന് പൊലീസുകാരെ കുറ്റപ്പെടുത്തണം. വിശ്വസ്തരും ഉത്സാഹികളുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ ആദ്യം തടഞ്ഞെങ്കിലും പിന്നീട് മരിച്ച ശുചീകരണ തൊഴിലാളിയുടെ വീട് സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയിരുന്നു. തന്നെ തടഞ്ഞ നടപടിക്കെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

താന്‍ വീട്ടിലാണെങ്കില്‍ പ്രശ്‌നമില്ല. ഓഫീസിലേക്ക് പോകുകയാണെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ മറ്റെവിടെയെങ്കിലും പോയാല്‍ ഇവരീ ‘തമാശ’ തുടരുകയാണ്. എന്താണിത്?,തീര്‍ത്തും പരിഹാസ്യമാണ് നടക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.