‘ഗൗരിയമ്മയുടെ മരണത്തിലും സിപിഐഎമ്മിന്റെ ശവമടക്ക് നടത്തുകയാണ് ചിലര്‍’; മലയാള മനോരമയ്‌ക്കെതിരെ എം സ്വരാജ്

അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ അനുശോചനക്കുറിപ്പില്‍ തെറ്റുവരുത്തിയ മലയാള മനോരമയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയെന്ന ലേഖനത്തിലെ ഭാഗം ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ വിമര്‍ശനം. മനോരമയുടെ ലേഖനത്തില്‍ പറയുന്നത് കള്ളമാണെന്നും ഗൗരിയമ്മയുടെ മരണവേളയില്‍ സിപിഐഎമ്മിന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസിന് താല്‍പര്യമുണ്ടായിരുന്നില്ല. അത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇതെ നായനാരെ ഇഎംഎസ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം ഏല്‍പിച്ചു. വിഎസ് അച്യുതാനന്ദന്റെ സമ്മര്‍ദ്ദം കാരണം ഗൗരിയമ്മയ്ക്ക് വ്യവസായം, വിജിലന്‍സ്, എക്‌സൈസ്് എന്നീ വകുപ്പുകള്‍ ലഭിച്ചു’, മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങനെ.

എന്നാല്‍, 1987 ല്‍ തൃക്കരിപ്പൂരില്‍ നിന്നും ഇകെ നായനാര്‍ മത്സരിച്ചു, വിജയിച്ചു, മുഖ്യമന്ത്രിയുമായി. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ഇതു കള്ളമാണ്…

ഗൗരിയമ്മയുടെ മരണവേളയില്‍ സി പി ഐ (എം ) ന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകള്‍ ആവോളം അടിച്ചിറക്കന്നുണ്ട്.

അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവര്‍ പറയുന്നത്.

ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ… പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങള്‍ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത്?

സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോള്‍ ഭാവനകള്‍ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലില്‍ മുക്കിക്കൊല്ലുമ്പോള്‍ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

1987 ല്‍ തൃക്കരിപ്പൂരില്‍ നിന്നും സ: ഇകെ നായനാര്‍ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ല്‍ ഇല്ല.
ഇതാണ് സത്യം.

ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കൊല്ലരുത് .