‘സ്വരാജ് പിണറായിയുടെ പൊന്നിന്‍കുടം’; ആരോപണങ്ങള്‍ അത് പൊട്ടിത്തകര്‍ന്നതുകൊണ്ടെന്ന് കെ ബാബു

തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് ഫലത്തേച്ചൊല്ലി എല്‍ഡിഎഫ്-യുഡിഎഫ് വാക്‌പോര് തുടരുന്നു. ബിജെപി വോട്ട് വാങ്ങിയാണ് താന്‍ ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് നിയുക്ത എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു പറഞ്ഞു. എം സ്വരാജ് പിണറായി വിജയന്റെ പൊന്നിന്‍കുടമാണെന്നും മുന്‍ മന്ത്രി പരിഹസിച്ചു.

പിണറായി വിജയന്റെ ഒരു പൊന്നിന്‍കുടമാണ് അവിടെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആ പൊന്നിന്‍കുടം പൊട്ടിത്തകര്‍ന്നതിന്റെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ ബിജെപി വോട്ടുകൊണ്ടാണ് ഞാന്‍ ജയിച്ചതെന്ന് പ്രചരണം നടത്തുന്നത്.

കെ ബാബു

ഈ പ്രചരണം അസംബന്ധമാണ്. വസ്തുതകളുടെ പിന്തുണയില്ലാത്ത കാര്യമാണ്. ആ കണക്കുകളും ശരിയല്ലെന്ന് കെ ബാബു കൂട്ടിച്ചേര്‍ത്തു.

Also Read: ‘കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണം’; ചട്ടലംഘനമാരോപിച്ച് സിപിഐഎം ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ച് സിപിഐഎം ഹൈക്കോടതിയെ സമീപിക്കും. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും ചോദ്യം ചെയ്യും.

99 സീറ്റുകളുമായി എല്‍ഡിഎഫ് മിന്നും ജയം നേടിയെങ്കിലും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എം സ്വരാജിന്റേയും ജോസ് കെ മാണിയുടേയും തോല്‍വികള്‍ ചര്‍ച്ചയായിരുന്നു. തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സിറ്റിങ്ങ് എംഎല്‍എ എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. കെ ബാബു 65,875 വോട്ടുകളും സ്വരാജ് 64,883 വോട്ടുകളും നേടി. 23,756 പേരാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഡോ. കെ എസ് രാധാകൃഷ്ണന് വോട്ട് ചെയ്തത്.

അയ്യപ്പവിശ്വാസികളുടെ വോട്ട് തനിക്കായിരിക്കുമെന്ന് പ്രചരണ വേളയില്‍ കെ ബാബു പരസ്യമായി പറഞ്ഞിരുന്നു. മുന്‍ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശിധരന്‍ നമ്പൂതിരിയാണ് നല്‍കിയത്. വിഷുദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രം ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വാര്‍ത്തയായി. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജിന്റെ പ്രസംഗം തൃപ്പൂണിത്തുറയില്‍ യുഡിഎഫും ബിജെപിയും ഒരേ പോലെ പ്രചരണ ആുധമാക്കിയിരുന്നു.

കെ ബാബു തൃപ്പൂണിത്തുറയില്‍ ജയിച്ചത് ബിജെപിയുടെ വോട്ട് വാങ്ങിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് വിവാദം രൂക്ഷമായത്. മുഖ്യമന്ത്രിയുടെ ആരോപണം തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന മറുപടിയുമായി നിയുക്ത എംഎല്‍എ കെ ബാബു രംഗത്തെത്തി. തൃപ്പൂണിത്തുറയില്‍ 2016 ല്‍ ബി.ജെ.പിയ്ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ 2016 ല്‍ ബി.ജെ.പിയ്ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂര്‍വ വിദ്യാര്‍ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതില്‍ തന്നെ ലഭിക്കുകയും അത് വോട്ടില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇത്തവണ ബി.ജെ.പിയ്ക്ക് 6087 വോട്ട് കുറയുവാനുള്ള യഥാര്‍ത്ഥ കാരണം സത്യസന്ധമായി ബിജെപിയും സിപിഐഎമ്മും വിലയിരുത്തണം. ഇന്നലെ വരെ കോണ്‍ഗ്രസ്സില്‍ നിന്ന് എല്ലാം നേടിയ ശേഷം കൂടുതല്‍ ഭാഗ്യം തേടി വന്ന ഇത്തവണത്തെ സ്ഥാനാര്‍ഥിക്ക് പ്രൊഫ. തുറവൂര്‍ വിശ്വംഭരനേക്കാള്‍ ഏറെ എന്തു മികവും ആകര്‍ഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണമെന്നും കെ ബാബു പറഞ്ഞു.

വോട്ടുചോര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെഎസ് രാധാകൃഷ്ണനുമെത്തി. വോട്ടുചോര്‍ച്ചയില്‍ ഗൗരവ അന്വേഷണം വേണം. തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് യുഡിഎഫിനാണ് കിട്ടിയതെന്നും അദ്ദേഹം തുറന്നടിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ പ്രധാന ഭാരവാഹികളുള്‍പ്പെടെ തനിക്കുവേണ്ടി പ്രചരണം നടത്തിയില്ല. പലരും തനിക്ക് വോട്ട് ചെയ്തില്ലെന്നാണ് മനസിലാക്കുന്നത്. തനിക്ക് വോട്ട് ചെയ്താല്‍ സ്വരാജ് ജയിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ക്ക് ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെ ഫലം വരുന്നതിന് മുമ്പേ പരാതി നല്‍കിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.