തിരുവനന്തപുരം: നഗരസഭാ നികുതിവെട്ടിപ്പ് ചര്‍ച്ച ചെയ്യവെ, മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി കോവളം എം.എല്‍.എ എം വിന്‍സന്റ്. മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണെന്ന് അദ്ദേഹം ആരോപിച്ചു. നികുതി തട്ടിപ്പില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന നഗരസഭയായി തിരുവനന്തപുരം മാറി. ക്രമക്കേട് തുടര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പ്രതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തെന്നും എം വിന്‍സന്റ് കുറ്റപ്പെടുത്തി. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നും കുറ്റക്കാരായ ജീവനക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു.
നികുതി തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്നും ഇനിനകം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് മറുപടി നല്കി. നികുതി വെട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണം കാര്യക്ഷമമാണ്. നികുതിദായകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ചിലര്‍ മേയറെ തേജോവധം ചെയ്യുകയാണ്. അങ്ങനെ ഉരുകിപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയില്‍ അതൃപ്തി വ്യക്തമാക്കിയ പ്രതിപക്ഷം, നികുതിയടച്ചവരുടെ ആശങ്കയ്ക്ക് എന്താണ് പരിഹാരമെന്നും നഷ്ടമായ തുക എങ്ങനെ കോര്‍പറേഷനില്‍ തിരിച്ചെത്തുമെന്നും ചോദിച്ചു. കോര്‍പറേഷനില്‍ അഴിമതികളുടെ പരമ്പരയാണെന്നും അഴിമതികള്‍ക്ക് പിന്നില്‍ സിപിഐഎം ഭാരവാഹികളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.