ഒരു കോടി രൂപ ‘ബ്ലഡ് മണി’ കെട്ടിവെച്ച് യൂസഫലി; ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ ഒഴിവായി

പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനേത്തുടര്‍ന്ന് അബുദാബിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവിന് മോചനം. തൃശ്ശൂര്‍ പുത്തന്‍ചിറ സ്വദേശി ബെക്‌സ് കൃഷ്ണനെയാണ് (45) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) ദയാധനം കെട്ടിവെച്ച് രക്ഷപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ചുണ്ടായ വാഹനാപകടക്കേസില്‍ കൃഷ്ണനെ കുറ്റക്കാരനായി കണ്ട് വധശിക്ഷ വിധിച്ചിരുന്നു. അപകടത്തില്‍ മരിച്ച സുഡാനി കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ ചര്‍ച്ചകളും ദയാധനവുമാണ് ശിക്ഷ റദ്ദ് ചെയ്യലിലേക്ക് എത്തിയത്.

2012 സെപ്തംബര്‍ ഏഴിനായിരുന്നു ബെക്‌സിന്റെ ജീവിതം തുലാസിലാക്കിയ അപകടമുണ്ടായത്. അബുദാബിയില്‍ സ്വകാര്യ കമ്പനിയിലായിരുന്നു ബെക്‌സിന്റെ ജോലി. ഡ്യൂട്ടിക്കിടെ മുസഫയിലേക്ക് പോകവേ കാര്‍ അപകടത്തില്‍ പെട്ട് സുഡാന്‍ പൗരനായ കുട്ടി മരണപ്പെട്ടു. രക്ഷിതാക്കളുടെ പരാതിയില്‍ അബുദാബി പൊലീസ് ബെക്‌സിനെതിരെ നരഹത്യാകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. 2013ല്‍ എമിറേറ്റ്‌സ് സുപ്രീം കോടതി ബെക്‌സ് കൃഷ്ണനെ വധശിക്ഷയ്ക്ക് വിധിച്ചു.

അബുദാബി അല്‍ വത്ബ ജയിലില്‍ അടയ്ക്കപ്പെട്ട ബെ്ക്‌സിന് വേണ്ടി കുടുംബം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഒടുവില്‍ മോചനത്തിന് വേണ്ടി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് യൂസഫലിയെ സമീപിച്ചു. കുടുംബവുമായ പല തവണ സംസാരിച്ച യൂസഫലി മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുമുണ്ടായി. ഒടുവില്‍ മാപ്പ് നല്‍കാമെന്ന് കുടുംബം നിലപാടെടുത്തു. കോടതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ട അഞ്ച് ലക്ഷം ദിര്‍ഹം യൂസഫലി ജനുവരിയില്‍ കെട്ടിവെച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ബെക്‌സ് കൃഷ്ണന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കും.