‘കേരളം ദുരന്തഭൂമിയായി മാറി, ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു’; പശ്ചിമഘട്ട റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചെന്ന് മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചെന്ന് മാധവ് ഗാഡ്ഗില്‍. ദുരന്തങ്ങളുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നായിരുന്നു തന്റെ റിപ്പോര്‍ട്ടിലെ ആവശ്യം. ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചെന്നും ഗാഡ്ഗില്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേരളം ദുരന്തഭൂമിയായി മാറി. പ്രകൃതി ചൂഷണത്തോടൊപ്പം കാലാവസ്ഥാ മാറ്റവും തിരിച്ചടിയായെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയും ഗാഡ്ഗില്‍ വിമര്‍ശനമുന്നയിച്ചു. ‘മെഗാപ്രൊജക്ടുകള്‍ കേരളത്തിന് ആവശ്യമുണ്ടോ? കുറച്ച് സമയം ലാഭിക്കാന്‍ പ്രകൃതിയെ നശിപ്പിക്കണോ? വന്‍കിട നിര്‍മ്മാണങ്ങളല്ല കേരളത്തിനിപ്പോള്‍ ആവശ്യം’ അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടം തകര്‍ന്നിരിക്കുകയാണെന്നും വലിയ പ്രകൃതി ദുരന്തങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ നല്‍കിയായിരുന്നു 2011ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ വിസമ്മിച്ചു. അതിനെ മറികടക്കാനായി കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.