‘ഹോംവര്‍ക് നല്‍കിയാണ് മാധവി ടീച്ചര്‍ ക്ലാസ് അവസാനിപ്പിച്ചത്’; ഓണ്‍ലൈന്‍ ക്ലാസിനിടയിലെ അധ്യാപികയുടെ മരണം കണ്ണുനിറയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

ഓണ്‍ലൈന്‍ ക്ലാസിനിടെ കുഴഞ്ഞുവീണ് മരിച്ച എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി ടീച്ചര്‍ക്ക് ആദരമര്‍പ്പിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്ന് അധ്യാപിക കുഞ്ഞുങ്ങളോട് പറഞ്ഞ വാചകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വായിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചുമയുള്ളതിനാല്‍ ബാക്കി അടുത്ത ക്ലാസിലെടുക്കാം എന്ന് പറഞ്ഞ് ഹോംവര്‍ക്കും നല്‍കിയ ശേഷമാണ് മാധവി ടീച്ചര്‍ ക്ലാസെടുക്കുന്നത് അവസാനിപ്പിച്ചതത്രെ.

വി ശിവന്‍കുട്ടി

മാധവി ടീച്ചര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. ആ ക്ലാസിന് പിന്നാലെ വിട പറഞ്ഞു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ടീച്ചര്‍ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. മാധവി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച്ച രാത്രിയാണ് കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക സി. മാധവി (47) മരിച്ചത്. രാത്രി 7.30ന് മാധവി ടീച്ചര്‍ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക് വിഷയത്തില്‍ ക്ലാസ് ആരംഭിച്ചിരുന്നു. ‘വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’. എന്ന് ടീച്ചര്‍ കുട്ടികളോട് പതിവില്ലാതെ പറഞ്ഞു. വീഡിയോ ഓണാക്കിയ കുട്ടികളോട് ഓരോരുത്തരോടും ടീച്ചര്‍ സംസാരിച്ചു. ക്ലാസ് തുടങ്ങി അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും ചുമയ്ക്കാന്‍ ആരംഭിച്ചു. എന്താണ് പറ്റിയതെന്ന് കുട്ടികള്‍ ചോദിച്ചപ്പോള്‍ സാരമില്ലെന്നും തണുപ്പടിച്ചതാണെന്നുമായിരുന്നു മറുപടി. കുട്ടികള്‍ക്ക് ഗൃഹപാഠം കൂടി നല്‍കിയ ശേഷം മാധവി ടീച്ചര്‍ ക്ലാസ് അവസാനിപ്പിച്ചു.

ഓണ്‍ലൈന്‍ ക്ലാസിനിരുന്ന അതേ സ്ഥലത്ത് ടീച്ചറെ കുഴഞ്ഞുവീണ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ തനിച്ചായിരുന്നു മാധവി ടീച്ചര്‍. സഹോദരന്റെ മകന്‍ രതീഷിനോട് ശാരീരിക ബുദ്ധിമുട്ടുള്ള വിവരം അറിയിച്ചിരുന്നു. രതീഷ് എത്തിയപ്പോള്‍ മാധവി ടീച്ചര്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ പൂടങ്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.