‘തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും’; രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൊവിഡ് രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഇത്രത്തോളം രൂക്ഷമായതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്ന് കോടതി തുറന്നടിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞുള്ള റാലിയും പൊതുപരിപാടികളും തടയാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നില്ലെങ്കില്‍ വോട്ടെണ്ണല്‍ തടയേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതിയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏക ഉത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്’, മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.

മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കുന്നതില്‍ കോടതി ഉത്തരവുകളുണ്ടായിരുന്നിട്ടുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ വീഴ്ച സംഭവിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ‘തെരഞ്ഞെടുപ്പ് റാലികള്‍ ഇവിടെ അരങ്ങേറിയ സമയത്ത് നിങ്ങള്‍ മറ്റേതെങ്കിലും ഗ്രഹത്തിലായിരുന്നോ?’, ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി ചോദിച്ചു.

മെയ് രണ്ടിന് വോട്ടണ്ണല്‍ നടക്കുന്നത് പരിഗണിച്ച് വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വോട്ടെണ്ണല്‍ നിര്‍ത്തി വെപ്പിക്കുമെന്നും മദ്രാസ് ഹൈക്കോടതി അറിയിച്ചു.

‘പൊതുജനാരോഗ്യമാണ് സര്‍വ്വപ്രധാനം. ഭരണഘടനാ സ്ഥാപനങ്ങളെ ഇത് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് ഖേദകരമാണ്. പൗരന് ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രമേ അവന് ജനാധിപത്യ സംവിധാനങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ’, കോടതി വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന് തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.