‘ഫാന്റം ഹോസ്പിറ്റലി’ലൂടെ മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്; പ്രമേയം ഇന്ത്യന്‍ ആരോഗ്യരംഗത്തെ അട്ടിമറികളിന്മേലുള്ള ജോസി ജോസഫിന്റെ കണ്ടെത്തലുകള്‍

‘ഫാന്റം ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന് ബോളിവുഡ് എന്‍ട്രി. പ്രിതി ഷഹാനിയാണ് മലയാളി സംവിധായകന്‍ ആദ്യമായി ഡയറക്ട് ചെയ്യുന്ന ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ‘തല്‍വാര്‍’, ‘റാസി’, ‘ബദായ് ഹോ’ എന്നീ ചിത്രങ്ങളൊരുക്കിയ ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവാണ് പ്രിതി. വനിതാ പ്രൊഡ്യൂസര്‍ ഈയിടെ ലോഞ്ച് ചെയ്ത ബാനര്‍ ‘ടസ്‌ക് ടെയ്ല്‍ ഫിലിംസി’ന്റെ ആദ്യ ചിത്രം കൂടിയാണ് ഫാന്റം ഹോസ്പിറ്റല്‍.

പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ഇന്ത്യന്‍ ആരോഗ്യമേഖലയേക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളാണ് ഫാന്റം ഹോസ്പിറ്റലിന്റെ പ്രമേയം. ജോസിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ മഹേഷ് നാരായണനും ആകാശ് മൊഹിമെനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തെ യഥാര്‍ത്ഥ സംഭവങ്ങളേക്കുറിച്ചുള്ള കഥ കേട്ടയുടന്‍ തന്നെ താന്‍ ആകര്‍ഷിക്കപ്പെട്ടെന്ന് മഹേഷ് നാരായണന്‍ പറഞ്ഞു.

ക്വാളിറ്റി കണ്ടന്റുകള്‍ നല്‍കിയ പ്രിതി ഷഹാനിയ്‌ക്കൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷമുണ്ട്. ജോസി ജോസഫിന്റെ അതി സൂക്ഷ്മമായ അന്വേഷണങ്ങള്‍ കഥയില്‍ വലിയ മാനങ്ങളുണ്ടാക്കുന്നു.

മഹേഷ് നാരായണന്‍

എന്റെ ചിത്രങ്ങള്‍ ഹിന്ദി പ്രേക്ഷകരില്‍ നിന്ന് ഒരുപാട് ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. ആദ്യ ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നതിന്റെ ആവേശത്തിലാണ് താനെന്നും മഹേഷ് പ്രതികരിച്ചു. ഇന്നിനെ പ്രതിഫലിപ്പിക്കുന്ന കഥകള്‍ പ്രേക്ഷകരിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രിതി സാഹ്നി പറഞ്ഞു. വലിയ കാഴ്ച്ചപ്പാടുള്ള മഹേഷ് നാരായണന്റെ ചിത്രങ്ങള്‍ രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരിലൂടെ സഞ്ചരിക്കുന്നവയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് ജോസി ജോസഫ്. നമ്മുടെ രാജ്യത്തെ ഏറ്റവും ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് എന്റര്‍ടെയ്‌നിങ്ങായ വെളിപ്പെടുത്തുന്ന ഒരു ചിത്രം നിര്‍മ്മിക്കുകയാണ് എല്ലാവരുടേയും ഉന്നമെന്നും നിര്‍മ്മാതാവ് പറഞ്ഞു. ഫാന്റം ഹോസ്പിറ്റല്‍ സിനിമാലോകത്ത് പുതിയ വഴികള്‍ തുറക്കുമെന്ന് കോണ്‍ഫ്‌ളുവന്‍സ് മീഡിയ സ്ഥാപകന്‍ കൂടിയായ ജോസി ജോസഫ് പ്രതികരിച്ചു.

ഇന്ത്യയേക്കുറിച്ചുള്ള ഒരു വിചിത്രമായ കാര്യമെന്താണെന്നാല്‍ ഇവിടുത്തെ യഥാര്‍ത്ഥ കഥകള്‍ ഏതൊരു എഴുത്തുകാരനും ഭാവനയില്‍ കാണാന്‍ പോലും പറ്റാത്തത്ര നാടകീയമാണ്.

ജോസി ജോസഫ്

പക്ഷെ, അവ അര്‍ഹിക്കുന്ന രീതിയില്‍ ദൃശ്യവല്‍കരിക്കപ്പെടുന്നില്ല. മഹേഷിന്റെ മികവും വെല്ലുവിളിയാര്‍ന്ന പ്രൊജക്ടുകള്‍ ചെയ്യാനുള്ള പ്രിതിയുടെ കഴിവും ഫാന്റം ഹോസ്പിറ്റലിലൂടെ വീണ്ടും കാണാമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു.

പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രമിപ്പോള്‍. കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഭരതന്‍-കമല്‍ ഹാസന്‍ ക്ലാസിക് ‘തേവര്‍ മകന്റെ’ രണ്ടാം ഭാഗമാണ് പണിപ്പുരയിലുള്ള മറ്റൊരു മഹേഷ് നാരായണന്‍ ചിത്രം. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കഥയെഴുതുകയാണെന്ന് കമല്‍ ഹാസന്‍ ഈയിടെ പറഞ്ഞിരുന്നു.