9/11ന് ശേഷം അമേരിക്കയിൽ തഴച്ചുവളർന്നത് വെള്ള ദേശീയത; 65 ശതമാനം ജനങ്ങൾ ഭയപ്പെടുന്നത് വലതുപക്ഷ തീവ്രവാദം

വാഷിംഗ്‌ടൺ: ലോക വ്യാപാര സമുച്ചയത്തിൽ 2001 സെപ്തംബർ 11നുണ്ടായ ഭീകരാക്രമണത്തിന് ശേഷം അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധ ഇസ്ലാമിസ്റ്റ് തീവ്രവാദം കൈകാര്യം ചെയ്യുന്നതിലേക്ക് തിരിഞ്ഞതോടെ രാജ്യത്ത് വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകൾ ആഴത്തിൽ വേരുറപ്പിച്ചുവെന്ന് പഠനം. 9/11 ആക്രമണത്തിന് ശേഷം ഇന്നുവരെ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘങ്ങൾ അമേരിക്കയിൽ ജീവനെടുത്തതിനെക്കാൾ കൂടുതൽ ആളുകൾ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് പ്രസും നോർക്ക് സെന്റർ ഫോർ പബ്ളിക് അഫയേഴ്‌സ് റിസേർച്ചും ചേർന്ന് നടത്തിയ സർവേയിൽ 65 ശതമാനം അമേരിക്കക്കാരാണ് തങ്ങൾ വെള്ളക്കാരായ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെയും വളർച്ചയെയും കുറിച്ച് ആശങ്കാകുലരാണ് എന്ന് അഭിപ്രായപെട്ടത്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ കൂടുതൽ ശക്തിപ്പെടുകയും പൊതു ഇടങ്ങളിലേക്ക് കൂടുതൽ പ്രത്യക്ഷമാകുകയും ചെയ്‌തതെന്നാണ്‌ വിശകലനം. അമേരിക്കയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ രണ്ട് വൈറ്റ് നാഷണലിസ്റ്റ് അതിക്രമങ്ങളും നടന്നത് ഈ കാലയളവിൽ ആയിരുന്നു. വിർജീനിയയിലെ ഷാലറ്റ്‌സ്‌വില്ലിൽ 2017ൽ നടന്ന വലതുപക്ഷ, നിയോ നാസി പ്രകടനമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഡൊണാൾഡ് ട്രംപിന്റെ പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത വെള്ളക്കാരായ ദേശീയവാദികൾ 2021 ജനുവരിയിൽ അമേരിക്കൻ കാപിറ്റോൾ സമുച്ചയം വളഞ്ഞതായിരുന്നു. ഡെമോക്രാറ്റിക് പാർട്ടിക്കാരായ 75 ശതമാനം അമേരിക്കൻ പൗരന്മാർ ആഭ്യന്തര തീവ്രവാദത്തെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ റിപ്പബ്ളിക്കൻ പാർട്ടിയിയും 57 ശതമാനം പേർ ഇതിൽ ഉൽകണ്ഠാകുലരാണ്.

വാഷിംഗ്‌ടണിലെ ഗവേഷക ഗ്രൂപ്പായ ന്യൂ അമേരിക്കയുടെ റിപ്പോർട്ട് പ്രകാരം 2001 സെപ്റ്റംബറിന് ശേഷം മൂന്ന് ഡസനിൽ അധികം ആക്രമണങ്ങളിലായി 114 കൊലപാതകങ്ങളാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ അമേരിക്കയിൽ നടത്തിയിട്ടുള്ളത്. ഇസ്‌ലാമിസ്റ്റ്‌ ഗ്രൂപ്പുകൾ ഈ കാലയളവുകളിൽ കൊന്നവർ 14 ആക്രമണങ്ങളിലായി 107പേരാണ്.

അമേരിക്കൻ ഗവണ്മെന്റിന്റെ ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ പ്രകാരവും വൈദേശിക ആക്രമണ സാധ്യതകളെക്കാൾ വലിയ സുരക്ഷാ ഭീഷണിയായി ചൂണ്ടിക്കാണിക്കുന്നത് വംശീയതയിലൂന്നിയ തീവ്ര ദേശീയവാദികളുടെ ഗ്രൂപ്പുകളെയാണ്. ഈ വർഷം ജൂണിൽ ആഭ്യന്തര തീവ്രവാദം എങ്ങനെ നിയന്ത്രിക്കാമെന്നതിൽ ദേശീയതലത്തിൽ ഒരു പ്രായോഗിക പദ്ധതിയും വൈറ്റ് ഹൗസ് ആവിഷ്കരിച്ചിരുന്നു. എന്നാൽ വലതുപക്ഷ തീവ്രവാദം പരമാവധി മറച്ചുപിടിക്കാനും ഗൗരവം കുറച്ചുകാണിക്കാനുമാണ് രാഷ്ട്രീയ നേതൃത്വം താല്പര്യപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

എല്ലായിടത്തും ലഭ്യമായ തോക്കുകളും മറ്റ് ആയുധങ്ങളും സാമൂഹിക രാഷ്ട്രീയ ധ്രുവീകരണവും അനുബന്ധ ഘടകങ്ങളും ഒപ്പം സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ചേർന്ന് അങ്ങേയറ്റം സങ്കീർണമായ സുരക്ഷാ ഭീഷണിയുടെ ഈ സാഹചര്യമാണ് രാജ്യത്തെ പ്രധാന തീവ്രവാദ ഭീഷണിയെന്നാണ് ന്യൂ അമേരിക്കയുടെ റിപ്പോർട്ട് വിശദീകരിക്കുന്നത്. പരമ്പരാഗതമായി കരുതിവന്നിരുന്ന തീവ്രവാദ സങ്കല്പത്തിൽ നിന്നും വ്യത്യസ്തമാണ് ഇവയൊന്നും റിപ്പോർട്ട് വിശകലനം ചെയ്യുന്നു.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കയുടെ ഊന്നൽ അൽ ഖ്വയ്‌ദ പോലെയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ നേരിടുന്നതിലും രാജ്യത്തിനുള്ളിലുള്ള അവരുടെ അനുഭാവികൾ ശക്തിപ്പെടുന്നത് തടയുന്നതിലും മാത്രമായിരുന്നു. ഈ കാലയളവിലാണ് വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പുകൾ വേരുറപ്പിച്ചത് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ‘വലതുപക്ഷ ആക്രമണങ്ങളെ ഫെഡറൽ അതോറിറ്റികൾ തീവ്രത കുറച്ചുകാണിക്കുകയും വേണ്ടത്ര ഗൗരവത്തിൽ പരിഗണിക്കാതിരിക്കുകയും ചെയ്‌തു എന്നത് വാസ്തവമാണ്. 9/11 ആക്രമണത്തിന് ശേഷം നിരീക്ഷണവും ഊന്നലും മുസ്‌ലിംകളിലേക്കും കുടിയേറ്റക്കാരിലേക്കും വെള്ളക്കാരല്ലാത്തവരിലേക്കും മാത്രമായത് വലതുപക്ഷ തീവ്രവാദികൾക്ക് കൃത്യമായ വേദിയൊരുക്കിക്കൊടുത്തു,’ എന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഡയറക്ടർ ഹിന ഷംസി അഭിപ്രായപ്പെടുന്നത്.

9/11 ആക്രമണത്തിന്റെ 20 വർഷം പൂർത്തിയാകുമ്പോൾ രാജ്യത്തെ മൂന്നിലൊന്ന് ജനവിഭാഗം മാത്രമാണ് ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധങ്ങൾ പ്രാധാന്യമുള്ളതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നതെന്നും സർവേ വ്യക്തമാക്കുന്നു.