സഭാ തര്‍ക്കത്തിന്റെ ചരിത്രം, ഒന്നാം ഭാഗം: മലങ്കര ക്രിസ്ത്യാനികളുടെ വേരുകള്‍ തേടുമ്പോള്‍

കേരള രാഷ്ട്രീയത്തിന്റെ വിധി നിര്‍ണയിക്കാന്‍ തക്ക വിധം നിര്‍ണായകമായിരിക്കുകയാണ് ഒരു നൂറ്റാണ്ടോളമായി തുടരുന്ന മലങ്കര സഭാ തര്‍ക്കം. വിശ്വാസക്രമങ്ങളിലും ആരാധനാരീതികളിലും വലിയ വ്യത്യാസങ്ങളില്ലാതിരുന്നിട്ടും ചേരി തിരിഞ്ഞ് പോരടിക്കുകയാണ് ഇരുവിഭാഗവും. തലമുറകള്‍ കൈമാറിയെന്ന പോലെ നിയമപോരാട്ടങ്ങള്‍ നടക്കുന്നു. പതിറ്റാണ്ടുകളായി നടക്കുന്ന, കോടതി വഴിയും അല്ലാതെയുമുള്ള മാധ്യസ്ഥ ശ്രമങ്ങളും ഫലം കാണുന്നില്ല. ഇരു വിഭാഗങ്ങളിലേയും വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് വിലക്കുകള്‍ വരുന്നു. ബന്ധുവാണെങ്കില്‍ പോലും എതിര്‍ വിഭാഗത്തില്‍ പെട്ട വൈദികന് വീടുകളിലെ ചടങ്ങില്‍ കാര്‍മികത്വം നല്‍കരുതെന്ന് നിര്‍ദ്ദേശങ്ങളുണ്ടാകുന്നു. ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള മല്‍പിടുത്തം കലാപത്തിലേക്ക് നയിക്കപ്പെടുമോ എന്ന ആശങ്കയിലാണ് മലങ്കരാ സഭാ തര്‍ക്കം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. എന്താണ് മലങ്കര സഭാ തര്‍ക്കം? യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്താണ്? എന്തുകൊണ്ടാണ് അത് പരിഹരിക്കപ്പെടാത്തത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഈ എക്‌സ്‌പ്ലെയിനര്‍. ചരിത്രകാരന്‍ ബോബി തോമസ് എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ക്രിസ്ത്യാനികള്‍ എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങളാണ് ഈ ലേഖനത്തിന്റെ മുഖ്യ അവലംബം.

കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രമാണ് മലങ്കര സഭയുടെ ചരിത്രം. അത് പറയാതെ സഭാ തർക്കമെന്ന വിഷയത്തിലേക്ക് കടക്കാൻ കഴിയില്ല. കേരള കോൺ​ഗ്രസിന്റെ ജനനവും വളർച്ചയും പിളർപ്പും പോലെയാണ് അതിന്റെ നാള്‍വഴികള്‍. കേരളത്തിലെ നസ്രാണി ചരിത്രത്തിൽ ലഭ്യമായ ഏറ്റവും ആദ്യത്തെ തെളിവ് തരിസാപ്പള്ളി ചെപ്പേടാണ്. എ ഡി 849ൽ കൊല്ലത്തെ അന്നത്തെ ഭരണാധികാരി ഒരു ക്രൈസ്തവ പുരോഹിതന് അനുവദിച്ച് എഴുതിക്കൊടുത്തതെന്ന് കരുതുന്ന അവകാശങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങൾ. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികളാണ് ഈ ലിഖിതത്തിന്റെ കർത്താവ്. പേർഷ്യയിൽ നിന്ന് അതായത് ഇന്നത്തെ ഇറാനിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യൻ മാർ സാപ്രൊ ഈശോയുടെ അല്ലെങ്കിൽ മാർ സാബോറിന്റെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ തകിടുകളിലുണ്ടായിരുന്നത്.

തരിസാപ്പള്ളി ശാസനങ്ങൾ

ക്രിസ്തുവിന്റെ ശിഷ്യനായ സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ലെന്ന് പാശ്ചാത്യചരിത്രകാരൻമാർ പറയുന്നുണ്ടെങ്കിലും കേരളത്തിലെ ക്രൈസ്തവർ തങ്ങളുടെ ക്രിസ്ത്യൻ സ്വത്വബോധം പണിതുയർത്തിയത് ആ വിശ്വാസത്തിലാണ്. സെന്റ് തോമസ് വന്നതിനോ വരാതിരുന്നതിനോ ചരിത്രപരമായ തെളിവുകളില്ല. എന്നാൽ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ റോമാക്കാർ വന്നതിന് തെളിവുകളായി കൊടുങ്ങല്ലൂരിൽ നിന്ന് കിട്ടിയ നാണയങ്ങളുണ്ട്. ആ കാലത്ത് തന്നെ ക്രിസ്തുമതം റോമാക്കാർക്കൊപ്പം കേരളത്തിൽ വന്നിരിക്കാമെന്ന് പറയുന്നവരുണ്ട്. ആ വാദത്തെ പൂർണമായും തള്ളിക്കളയാനാകില്ല. അത് വസ്തുതയെങ്കിൽ കേരളത്തിലെ ആദ്യമതങ്ങളിലൊന്നാണ് ക്രിസ്തുമതം. ഇന്നത്തെ ഹിന്ദുമതത്തേക്കാൾ മുന്നേ കേരളത്തിൽ ക്രിസ്തുമതമുണ്ടായിരുന്നെന്ന സാധ്യത കൂടി ആ വാദത്തിലുണ്ട്. എന്തൊക്കെയായാലും ആദ്യനൂറ്റാണ്ടുകളിൽ കേരളത്തിൽ ക്രിസ്തുമതമുണ്ടായിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ എടുത്ത് കാണിക്കാനില്ല.

എഡി 52ല്‍ തോമാശ്ലീഹയാണ് കേരളത്തില്‍ ‘തോമാ ക്രിസ്ത്യാനികളുടെ’ സഭ സ്ഥാപിച്ചതെന്ന് കല്‍ദായ സുറിയാനി സഭക്കാര്‍ അവകാശപ്പെടുന്നു. സുവിശേഷപ്രചരണത്തിനായി മൂന്നുമുതല്‍ അറു നൂറ്റാണ്ടുവരെ ഭാരതത്തില്‍ സഞ്ചരിച്ചിരുന്ന പേര്‍ഷ്യന്‍ സഭാപിതാക്കന്മാരുടെ സഭയായിരുന്നു പൂര്‍വ്വിക പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെന്നാണ് കല്‍ദായക്കാരുടെ വാദം. ഒന്നര സഹസ്രാബ്ദം ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മലങ്കരയിലെ പൂര്‍വ്വിക കല്‍ദായ മാര്‍ തോമ നസ്രാണികള്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് പിളര്‍ന്നതെന്നും കല്‍ദായ സഭ പറയുന്നു.

പ്രാചീന വ്യാപാര പാതകള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും തോമാശ്ലീഹയെ ആണ് തങ്ങളുടേയും കേരളത്തിലെ ക്രിസ്തുമതത്തിന്റേയും സ്ഥാപകനായി കാണുന്നത്. കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് ആറാം നൂറ്റാണ്ട് മുതലെങ്കിലും പേര്‍ഷ്യന്‍ സഭയുടെ മേല്‍ നോട്ടമുണ്ടായിരുന്നെന്നും, മര്‍തോമ ക്രിസ്ത്യാനികളുടെ ഇടയില്‍ പൗരസ്ത്യ സുറിയാനി ആരാധന ക്രമങ്ങളും പാരമ്പര്യങ്ങളും നിലവില്‍ വരാന്‍ ഈ ബന്ധം കാരണമായെന്നും ഓര്‍ത്തഡോക്‌സ് സഭ അവകാശപ്പെടുന്നു.

തോമാശ്ലീഹയുടെ വരവിനേക്കുറിച്ചും അദ്ദേഹത്തിലൂന്നിയ ചരിത്രത്തേക്കുറിച്ചും വലിയ വാശി പിടിക്കാത്ത മലങ്കര സഭാ വിഭാഗം യാക്കോബായക്കാരാണ്. വി. പത്രോസിനെയാണ് യാക്കോബായ സഭ തങ്ങളുടെ സ്ഥാപകനായി കാണുന്നത്. തോമാ ശ്ലീഹാ വന്നതിനേക്കുറിച്ചുള്ള തെളിവുകളുടെ ദൗര്‍ലഭ്യവും ചരിത്രപരമായ പൊരുത്തക്കേടുകളും (ബ്രാഹ്‌മണരെ മതംമാറ്റല്‍ ഉള്‍പ്പെടെ) ഒരു പരിധിവരെ യാക്കോബായക്കാര്‍ അംഗീകരിച്ചേക്കും. എന്നാല്‍ നാലാം നൂറ്റാണ്ട് മുതല്‍ മലങ്കര ക്രിസ്ത്യാനി സഭ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ കീഴിലാണെന്ന വാദത്തില്‍ യാക്കോബായക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ല.

മുസിരിസ് പാപ്പിറസ്‌

എന്തായാലും കാലക്രമേണ ഒരു പ്രത്യേക ജാതിസമൂഹമായി മലങ്കരയിലെ നസ്രാണികൾ പരിണമിച്ചു. ജാതിക്ക് കർത്തവ്യൻ എന്ന് വിളിപ്പേരുള്ള സമുദായ നേതാക്കൾ ഈ സമൂഹത്തെ നയിച്ചു. കേരളത്തിലുണ്ടായിരുന്നത് പാശ്ചാത്യ ക്രിസ്തുമതത്തിൽ ഏറെ വ്യത്യസ്തമായ തികച്ചും കേരളീയമായ ഒരു നസ്രാണി സമൂഹമായിരുന്നു. ഹൈന്ദവ ആചാരങ്ങളും ജൈന-ബുദ്ധ ജീവിത രീതികളും ആദിമ-ദ്രാവിഡ അനുഷ്ഠാനങ്ങളും ക്രിസ്തുമതവും ഇടകലർന്ന ഒരു വിശ്വാസരീതിയായിരുന്നു പണ്ട് കാലത്തെ നസ്രാണികളുടേതെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. കുരുമുളകും സു​ഗന്ധ്രദ്രവ്യങ്ങളും സ്വർണവും തേടി യൂറോപ്യൻമാർ വീണ്ടുമെത്തുന്നതോടെയാണ് കേരളത്തിലെ ഈ തനത് നസ്രാണിമതത്തിൽ മാറ്റങ്ങളും പിളർപ്പുകളുമുണ്ടാകുന്നത്.

ആറാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നാണ് ആദ്യമായി ക്രിസ്തുമതം കേരളത്തിൽ എത്തിയതെന്നും നിരീക്ഷണങ്ങളുണ്ട്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നും ലോകം ചുറ്റാനിറങ്ങിയ കോസ്മോസ് എന്ന വ്യാപാരിയുടെ പുസ്തകത്തിലെ പരാമർശമാണ് കേരളത്തിലെ ക്രിസ്തുമതത്തേക്കുറിച്ചുള്ള മറ്റൊരു തെളിവായി പറയുന്നത്. എഡി 535 മുതൽ 550 വരെയായിരുന്നു കോസ്മോസ് ഇന്തിക്കോപ്ലിസ്റ്റസിന്റെ സമുദ്രയാത്ര. കുരുമുളക് കിട്ടുന്ന മലബാറിലും സിലോണിലും പേർഷ്യയിൽ നിന്ന് നിയമിതരായ ബിഷപ്പുമാരുണ്ടെന്ന് കോസ്മോസ് പുസ്തകത്തിലെഴുതി.

തോമാശ്ലീഹാ നമ്പൂതിരിമാരെ മതം മാറ്റിയെന്ന വാദമാണ് ഏറ്റവും കടുപ്പം. ഒന്നാം നൂറ്റാണ്ടിൽ സെന്റ് തോമസ് കേരളത്തിൽ എത്തിയിരുന്നെങ്കിൽ തന്നെ നമ്പൂതിരിമാർ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ബ്രാഹ്മണർ അൽപമെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അക്കാലത്ത് അവർക്ക് സാമൂഹ്യ ജീവിതത്തിൽ ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. ബ്രാഹ്മണ കുടിയേറ്റങ്ങൾ വ്യാപകമാകുന്നത് 6 മുതൽ എട്ട് വരെയുള്ള കാലഘട്ടത്തിലാണ്. കേരള സമൂഹത്തിൽ നമ്പൂരി മേധാവിത്വമുണ്ടാകുന്നത് 10-12 നൂറ്റാണ്ടുകളിലാണെന്നും ചരിത്രകാരൻമാർ വ്യക്തമാക്കുന്നു. തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണരായിരുന്നെന്ന ചിലരുടെ അവകാശവാദം സവർണ ജാതി ചിന്തയിലൂന്നിയുള്ളതാണെന്ന വിമർശനമുണ്ട്. ശങ്കരപുരി, പകലോമറ്റം‌, കള്ളി, കാളിയങ്കാവ് തുടങ്ങിയ 32 നമ്പൂതിരി ഇല്ലക്കാരെയാണ് തോമാശ്ലീഹ മതം മാറ്റിയതെന്നും വിശ്വാസങ്ങളുണ്ട്. എന്തായാലും മേൽ പറഞ്ഞ കുടുംബക്കാർക്കാണ് നസ്രാണി സമുദായത്തിൽ കൂടുതൽ പ്രാമുഖ്യം ലഭിച്ചത്. പകലോമറ്റം കുടുംബത്തിലെ പുരോഹിതരാണ് 1816 വരെ നസ്രാണി സമുദായ തലവൻമാരായത്. അവർ പിന്നീട് ജാതിക്ക് കർത്തവ്യന്മാരും മെത്രാൻമാരുമായി.

തോമാശ്ലീഹയേക്കൂടാതെ മറ്റൊരു തോമയുടെ കഥ കൂടി ഉൾപ്പെട്ടതാണ് കേരള നസ്രാണി ചരിത്രം. എ ‍‍‍ഡി 435ൽ ക്നായി തൊമ്മൻ പേർഷ്യയിൽ നിന്ന് വന്നുവെന്നാണ് ഒരു വാദം. എഡി 345ല്‍ അന്തോഖ്യയുടേയും കിഴക്കിന്റേയും പാത്രീയര്‍ക്കീസ് സഭാ സുന്നഹദോസ് വിളിച്ചുചേര്‍ത്ത് മലങ്കരയിലേക്ക് ക്‌നായി തൊമ്മനേയും രണ്ട് വൈദികരേയും നാനൂറ് ആളുകളേയും കേരളത്തിലേക്ക് അയച്ചെന്നാണ് യാക്കോബായ വിഭാഗക്കാരുടെ ചരിത്രത്തിലുള്ളത്. തൊമ്മൻ വന്നത് ഒമ്പതാം നൂറ്റാണ്ടിലാണെന്ന് ചരിത്രകാരൻമാരിൽ ചിലർ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ എന്നുമുതലാണ് ക്രിസ്ത്യാനികളുണ്ടായതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടാൻ പാടാണ്. മർതോമ ക്രിസ്ത്യാനികൾ, ഇന്ത്യൻ സുറിയാനി ക്രിസ്ത്യാനികൾ, മാർതോമ നസ്രാണി, മലങ്കര നസ്രാണി, മലബാർ നസ്രാണി, നസ്രാണി മാപ്പിള എന്നെല്ലാം ഈ സമൂഹത്തിന് വിളിപ്പേരുണ്ടായി.

കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയെന്ന് കരുതപ്പെടുന്ന സ്ഥലത്തെ സ്മാരകം

അവ്യക്തതകൾ ഏറെയുണ്ടെങ്കിലും മധ്യകാല കേരളത്തിലെ സാമ്പത്തിക മേഖലയിൽ മാർതോമ നസ്രാണികൾക്ക് പ്രധാന നേതൃത്വമുണ്ടായിരുന്നെന്ന് അനുമാനമുണ്ട്. പേർഷ്യയിൽ നിന്ന് വന്ന വ്യാപാര പ്രമുഖരുമായുള്ള ഇടപാടുകളാകാം അവരെ ആ നിലയിലേക്കുയർത്തിയത്. കേരളത്തിലെ നസ്രാണിമതക്കാരുടെ പേർഷ്യൻ ബന്ധം റോമൻ കത്തോലിക്കാ സഭ അറിഞ്ഞിരുന്നില്ലെന്ന് വേണം കരുതാൻ. നസ്രാണി മതത്തിന്റെ ആത്മീയ നേതൃത്വം കിഴക്കൻ സഭയ്ക്കും പേർഷ്യയിൽ നിന്ന് വന്ന മെത്രാന്മാർക്കായിരുന്നു. പേർഷ്യയിൽ നിന്നെത്തിയ സുറിയാനി നസ്രാണികളുടെ പ്രധാന ഭാഷയായി. ജാതിക്ക് കർത്തവ്യൻ എന്ന കത്തനാർ സഭാ തലവനായി ഇവിടെയുണ്ടായിരുന്നെങ്കിലും ഒരു മലയാളി മെത്രാനേക്കുറിച്ച് മലങ്കര നസ്രാണി മതക്കാർ ചിന്തിച്ചിരുന്നില്ല.

ആധിപത്യം നിലനിർത്താനും സാമ്രാജ്യം വലുതാക്കാനുമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ മത്സരം, അറബികളുടേയും മൂറുകളുടേയും സമുദ്ര വ്യാപാരം പിടിച്ചെടുക്കാനുള്ള ആർത്തി, കാണാപ്പുറങ്ങളേക്കുറിച്ചുള്ള കൗതുകം എന്നിവയ്ക്കൊപ്പം മറ്റൊരു കാരണം കൂടിയുണ്ട്. ​ഗോൾഡ്, ​​ഗ്ലോറി ആൻഡ് ​ഗോഡ്. ഇരുണ്ട നിറക്കാരെ ക്രിസ്ത്യാനിയാക്കുക എന്ന ഉത്തരവാദിത്വം കൂടി തങ്ങളുടെ ആർത്തിക്കൊപ്പം വെള്ളക്കാർ ചേർത്തു.

ചക്രവർത്തിമാരുടേതിന് സമാനമായ റോൾ പോപ്പിനുണ്ടായിരുന്ന മധ്യകാലഘട്ടം. വെള്ളക്കാരുടെ അധിനിവേശ പ്രയാണങ്ങൾക്ക് പോപ്പിന്റേയും കത്തോലിക്കാ സഭയുടേയും ആശിർവാദം കൂടിയുണ്ടായിരുന്നു. ക്രൈസ്തവ മതപ്രചാരണം അധിനിവേശ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നായി. പിടിച്ചെടുക്കുന്നിടത്തോളം സ്ഥലങ്ങൾ റോമിന്റെ സ്വാധീനത്തിൽ കൂടി വരുമല്ലോ. ഏദൻ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം എന്ന് ദൈവം മനുഷ്യനോടു കല്പിച്ചതുപോലെ പോപ്പ് കാണാപ്പുറങ്ങൾ സ്പെയിനിനും പോർച്ചു​ഗലിനും വീതിച്ചു നൽകി. പോപ്പ് ഇന്ത്യ കൊടുത്തത് പോർച്ചു​ഗലിനാണ്. 1455 ജനുവരി എട്ടിന് പോപ്പ് നിക്കോളാസ് അഞ്ചാമൻ ഇങ്ങനെ പ്രഖ്യാപിച്ചു. ഇതുവരെ കണ്ടെത്തിയതും കണ്ടെത്താൻ പോകുന്നതുമായ എല്ലാ നാടുകളും സമുദ്രങ്ങളും എല്ലാ കാലത്തേക്കും പോർച്ചു​ഗൽ രാജാവിനായിരിക്കും.

‘Vasco da Gama’ (circa 1460-1524), oil on canvass by antonio Manuel da Fonseca, 1838

1498ൽ വാസ്കോഡ ​ഗാമയും ​ഗ്യാങ്ങും വന്ന കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ. 1502ൽ കേരളത്തിലേക്ക് നടത്തിയ രണ്ടാം യാത്രയിലാണ് ​​വാസ്കോ ഡി ഗാമ നസ്രാണികളെ കാണുന്നത്. 1500ൽ കേരളത്തിലെത്തിയ പോർച്ചു​ഗീസ് നാവികൻ കബ്രാൾ കേരളത്തിൽ ക്രൈസ്തവരെ കണ്ട കാര്യം യൂറോപ്പിനെ അറിയിച്ചു. കേരളത്തിൽ ക്രിസ്ത്യാനികളെ കണ്ട പറങ്കികൾ ആദ്യം സന്തോഷിച്ചു. മർതോമാ നസ്രാണികളുടെ ആത്മീയ നേതൃത്വം കിഴക്കൻ സഭയ്ക്കാണെന്ന് തിരിച്ചറിയുന്നതുവരെയേ ആ പ്രത്യേക സ്നേഹത്തിന് ആയുസുണ്ടായുള്ളൂ. കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രത്യേകതരം ജീവിതരീതിയും പറങ്കികളെ കലിപ്പിലാക്കി. ബോബി തോമസിന്റെ ഭാഷയിൽ പറഞ്ഞാൽ മുഹൂർത്തവും ജാതകവും നോക്കി സ്വൽപം കൂടോത്രവും നടത്തി തലയിൽ കുടുമയുമായി നടന്ന നസ്രാണികൾ അവരുടെ കണ്ണിൽ പാഷണ്ഡരായിരുന്നു. നമ്മുടെ ക്രിസ്തുമതം ഇങ്ങനെയല്ലെന്ന് പഠിപ്പിക്കാൻ പോർച്ചു​ഗീസ് ബിഷപ്പ് മെനസിസ് കപ്പൽ കയറിയെത്തി.

പോർച്ചു​ഗീസുമാർക്കൊപ്പം അവിടെ നിന്നുള്ള ക്രിസ്ത്യൻ മിഷണറിമാരാണ് ആദ്യം വന്നു തുടങ്ങിയത്. പാശ്ചാത്യരീതിയിൽ നിന്നും ഏറെ വ്യത്യസ്തമായ രീതി പിന്തുടർന്ന കേരളത്തിലെ മർതോമ ക്രൈസ്തവരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ എന്തുചെയ്യാനും മടിക്കാത്തവരായിരുന്നു പറങ്കികൾ. മിഷണറിമാർ പേർഷ്യയിൽ നിന്നെത്തിയ മെത്രാനിൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപിക്കാനാണ് ശ്രമിച്ചത്. അവരെ പറഞ്ഞ് മാറ്റുന്നതിലും ഭേദം പേർഷ്യൻ മെത്രാൻമാരെ കേരളത്തിലേക്ക് അടുപ്പിക്കാതിരിക്കുന്നതാണ് എന്ന് പറങ്കികൾ നിശ്ചയിച്ചുറപ്പിച്ചു. പേർഷ്യൻ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനിടെ 1552ൽ പേർഷ്യയിലെ നെസ്തോറിയൻ സഭ പിളർന്നു. കിഴക്കിന്റെ സഭയ്ക്ക് രണ്ട് പാത്രിയർക്കീസുമാരുണ്ടായി. പാത്രിയർക്കീസ് എന്നാൽ പ്രധാന പിതാവ്, ഭരണാധികാരി എന്നാണ് അർത്ഥം. സഭയുടെ പരമോന്നത തലവന് നൽകുന്ന സ്ഥാനപ്പേരാണിത്. പുതുതായുണ്ടായ സമാന്തര പാത്രിയർക്കീസ് കിഴക്കിന്റെ സഭയെ തള്ളിപ്പറഞ്ഞ് റോമൻ കത്തോലിക്കാ പക്ഷത്ത് ചേർന്നു. റോമിനോട് കൂറ് പ്രഖ്യാപിച്ച വിമത പാത്രിയർക്കീസ് വെടിയേറ്റ് മരിച്ചു. ഈ പാത്രിയർക്കീസിന്റെ പ്രതിനിധികളായി രണ്ട് മെത്രാന്മാർ കേരളത്തിലേക്ക് പുറപ്പെട്ടു. മാർ ജോസഫും മാർ ഏലിയാസും. വെടിവെച്ചുകൊല്ലപ്പെട്ട റോമാപക്ഷ പാത്രിയർക്കീസിന്റെ സഹോദരനായിരുന്നു മാർ ജോസഫ്. കത്തോലിക്കാ പക്ഷക്കാരനാണ് എന്ന് പറഞ്ഞിട്ടും പോർച്ചു​ഗീസുകാർ രണ്ട് പേരേയും ​ഗോവയിൽ വെച്ച് പിടികൂടി തടവിലാക്കി. റോമാ പക്ഷമാണെങ്കിലും പേർഷ്യൻ മെത്രാൻമാരെ വിശ്വാസത്തിലെടുക്കാൻ പറങ്കികൾ തയ്യാറല്ലായിരുന്നു.

മർതോമ നസ്രാണികളുടെ മതാനുഷ്ഠാനങ്ങളിന്മേലും ആരാധനക്രമത്തിന്മേലുമുള്ള ആത്മീയ നിയന്ത്രണം പേർഷ്യയിൽ നിന്നെത്തിക്കൊണ്ടിരുന്ന മെത്രാൻമാർക്കായിരുന്നു എന്ന കാര്യം മുൻപ് പറഞ്ഞല്ലോ. ജാതിക്ക് കർത്തവ്യൻ എന്ന സ്ഥാനം വഹിച്ചിരുന്ന സമുദായ നേതാവിന് പിന്നീട് അർക്കാദിയാക്കോൻ അഥവാ ആർച്ച് ഡീക്കൻ എന്ന വിശേഷണം വന്നു. പകലോമറ്റം കുടുംബത്തിന്റെ അവകാശമായിരുന്നു ഈ പദവി. അർക്കാദിയോക്കൻമാരാണ് മലങ്കര നസ്രാണി സഭയുടെ ഭരണപരമായ അവകാശങ്ങൾ കൈയ്യാളിയിരുന്നത്. 1569ൽ പേർഷ്യയിൽ നിന്നും മാർ അബ്രഹാം കേരളത്തിന്റെ മെത്രാനായെത്തി. മാർപാപ്പയുടേയും റോമാപക്ഷ പാത്രിയർക്കീസിന്റേയും ശുപാർശയോടെയായിരുന്നു അബ്രഹാമിന്റെ വരവ്. മെത്രാനായ അബ്രഹാമിനേയും അതുവഴി കേരളത്തിലെ വിശ്വാസികളേയും കത്തോലിക്കാവൽക്കരിക്കാൻ പോർച്ചു​ഗീസുകാർ ശ്രമിച്ചു. പക്ഷെ, അദ്ദേഹം മലബാർ നസ്രാണികളുടെ ആളായി മാറുകയാണുണ്ടായത്. പോർച്ചു​ഗീസുകാർ മാർ അബ്രഹാമിന് ജസ്യൂട്ട് പാതിരിമാരുടെ പ്രത്യേക റോമാവൽകരണ ട്യൂഷൻ ഏർപ്പെടുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കത്തോലിക്കാ സഭയെ വെല്ലുവിളിച്ചും ഇടയ്ക്കിടെ വഴങ്ങിയും അബ്രഹാം കേരള നസ്രാണികളുടെ വികാരത്തിനൊപ്പം നിന്നു. തനിക്ക് ശേഷം അർക്കാദിയോക്കാനായ ക്രിസ്തു ജോർജിനെ മെത്രാനാക്കണമെന്ന വിപ്ലവകരമായ ഒരു ആ​ഗ്രഹം പേർഷ്യക്കാരനായിരുന്ന മാർ അബ്രഹാമിനുണ്ടായിരുന്നു. പോർച്ചു​ഗീസുകാർ അത് അനുവദിച്ചില്ല. റോമാവൽകരണം നടക്കില്ലല്ലോ. അർക്കാദിയാക്കോൻ കുരിശിന്റെ ജോർജിനെ പിൻ​ഗാമിയാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പറങ്കികൾ തടഞ്ഞു. ഒടുവിൽ അബ്രഹാം മെത്രാനെ മതവിചാരണയ്ക്ക് വിധേയനാക്കണമെന്ന് മാർപാപ്പ ഉത്തരവിട്ടു. അപ്പോഴേക്കും വാർദ്ധക്യസഹജ രോ​ഗങ്ങളാൽ മരണശയ്യയിലായിരുന്നു അദ്ദേഹം‌. മരണക്കിടക്കയിലും അദ്ദേഹം ചെറുത്തുനിൽപ് തുടർന്നു. പറങ്കികൾ നൽകിയ ലത്തീൻ ആരാധനരീതിയിലുള്ള അന്ത്യശുശ്രൂഷ വരെ നിരസിച്ച് മാർ അബ്രഹാം മരണം വരെ നസ്രാണി നിലപാട് കാത്തു.

മാർ അബ്രഹാമിന്റെ മരണത്തിന് ശേഷം പോർച്ചു​ഗീസ് സമ്മർദ്ദം അർക്കാദിയാക്കോൻ കുരിശിന്റെ ജോർജിന് മേലായി. നസ്രാണി വിശ്വാസം ഉപേക്ഷിച്ച് പറങ്കികളുടെ ലത്തീൻ വിശ്വാസം സ്വീകരിക്കുന്നെന്ന കീഴടങ്ങൽ രേഖയിൽ പോർച്ചു​ഗീസുകാർ ജോർജിനേക്കൊണ്ട് ഒപ്പുവെയ്പിച്ചു. പോർച്ചു​ഗീസുകാരുമായി പിണങ്ങിയാൽ നസ്രാണികളുടെ കുരുമുളക് വ്യാപാരത്തേയും സാമ്പത്തികഭദ്രതയേയും ബാധിക്കുമെന്ന തിരിച്ചറിവിലാണ് ജോർജ് വഴങ്ങിയത്. എങ്കിലും പറ്റാവുന്ന തരത്തിലൊക്കെ ജോർജും കേരള നസ്രാണികളും വിശ്വാസത്തിന്മേലുള്ള ആധിപത്യത്തോട് ചെറുത്തുനിൽക്കാൻ ശ്രമിച്ചു.

മലങ്കര നസ്രാണികളിന്മേൽ പാശ്ചാത്യസഭയുടെ സമ​ഗ്രാധിപത്യം സ്ഥാപിക്കാൻ കൂടിയാണ് പോർച്ചു​ഗീസ് ആർച്ച് ബിഷപ്പ് അലക്‌സിയോ ഡെ മെനസിസ് ഇന്ത്യയിലേക്ക് വരുന്നത്. 1599ൽ എറണാകുളം ഉദയംപേരൂരിൽ സഭാ മഹാസമ്മേളനമായ സുന്നഹദോസ് മെനസിസ് വിളിച്ചുചേർത്തു. ക്രൈസ്തവ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായി ഉദയം പേരൂർ സുന്നഹദോസ് മാറി. എട്ടു ദിവസങ്ങളോളം നീണ്ടുനിന്ന സുന്നഹദോസിന് പോർച്ചു​ഗീസ് പട്ടാളത്തിന്റെ കാവലുണ്ടായിരുന്നു. കേരള ക്രിസ്തീയ സഭയുടെ അർക്കാദിയാക്കോനും കത്തനാർമാരും വിശ്വാസികളും പോർച്ചു​ഗീസ് ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ 600ഓളം പേരാണ് സിനഡിൽ പങ്കെടുത്തത്. സിനഡിന് മുന്നേ തന്നെ നസ്രാണി സഭയിലെ നൂറോളം യുവാക്കളെ പട്ടം നൽകി മെനസിസ് വശത്താക്കിയിരുന്നു.

അലക്‌സിയോ ഡെ മെനസിസ്

മാർതോമവിശ്വാസത്തെ പൂർണമായും ഉടച്ചുവാർക്കുകയായിരുന്നു മെനസിസിന്റേയും കത്തോലിക്കാ സഭയുടേയും ലക്ഷ്യം. പാശ്ചാത്യ ക്രൈസ്തവ മാതൃക അതേ പടി സ്വീകരിക്കാൻ സുന്നഹദോസ് അഹ്വാനം ചെയ്തു. ഇതുവരെ തങ്ങൾ പിന്തുടർന്ന മാർ​ഗം തെറ്റായിരുന്നെന്ന് സമ്മേളനം കേരള നസ്രാണികളേക്കൊണ്ട് ഏറ്റുപറയിപ്പിച്ചു. ഹിന്ദുക്കളുമായി ഇടകലർന്നുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർത്തുക, കേരളീയമായ ജീവിതബോധത്തെ ഉപേക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു അതിൽ പ്രധാനം. ഓണവും വിഷുവും നസ്രാണികൾ സജീവമായി ആഘോഷിച്ചിരുന്നു. ഹിന്ദുക്കളുടെ ഉത്സവത്തിൽ പങ്കെടുക്കരുതെന്ന് പാശ്ചാത്യസഭ വിലക്കി. ഓണത്തല്ലിൽ നസ്രാണികളായ ധാരാളം പേർക്ക് പരുക്കേൽക്കുന്നു എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് ഈ വിലക്ക്. ജാതകവും മുഹൂർത്തവും നോക്കൽ, തീണ്ടിക്കുളി, മന്ത്രവാദം, ശത്രുസംഹാരത്തിനും സ്ത്രീ വശീകരണത്തിനുമുള്ള പ്രാർത്ഥനകൾ എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. വിധിവിശ്വാസത്തിലും ആത്മാക്കളുടെ പുനർജന്മത്തിലും വിശ്വസിക്കരുത്. തിരിച്ചറിയാവുന്ന വേഷം ധരിക്കണം, ക്രൈസ്തവ പേരുകൾ ഇടണം, കൊള്ളപ്പലിശ വാങ്ങരുത്, കീഴ്ജാതിക്കാരെ കത്തോലിക്കാ വിശ്വാസത്തിൽ ചേർക്കണം, അവരോടൊരുമിച്ച് ആരാധന നടത്തണം, അവരോട് ജാതിഭേദം കാണിക്കാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായി. ബാലവിവാഹത്തിന്റെ പ്രായപരിധി ഉയർത്താനും പോർച്ചു​ഗീസ് ബിഷപ്പ് മുൻകൈയെടുത്തു. ആണുങ്ങളുടെ വിവാഹപ്രായം പതിന്നാലും സ്ത്രീകളുടേത് പന്ത്രണ്ടുമായി നിജപ്പെടുത്തി. കന്യാമറിയം ദൈവത്തിന്റെ അമ്മയല്ലെന്ന വിശ്വാസ കാഴ്ച്ചപ്പാടായിരുന്നു അന്ന് കിഴക്കിന്റെ സഭയ്ക്ക്. ആ നെസ്തോറിയൻ കാഴ്ച്ചപ്പാട് തെറ്റാണെന്നും ദൈവത്തോട് പ്രാർത്ഥിക്കാൻ പുണ്യവാളൻമാരുടെ മാധ്യസ്ഥം കൂടി വേണമെന്നും സുന്നഹദോസ് കാനോനകളിൽ പറഞ്ഞു. പള്ളികളിൽ കുരിശ് മാത്രം പോരാ, രൂപങ്ങൾ കൂടി വെയ്ക്കണം. എല്ലാ ദേവാലയങ്ങളിലും മണി നിർബന്ധമാക്കണം. അത് അകത്ത് കെട്ടുന്നതിന് പകരം പുറത്ത് ഉയരത്തിലായി കെട്ടണമെന്നും സിനഡ് നിഷ്കർഷിച്ചു. പുരോഹിതരുടെ വിവാഹം വിലക്കി, നിലവിൽ കത്തനാർ ആയിരിക്കുന്നവർ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കണമെന്നും പറങ്കി ക്രിസ്ത്യാനികൾ ഉത്തരവിട്ടു.

പ്രാദേശിക സംസ്കാരത്തിലൂന്നിയ നസ്രാണി വിശ്വാസത്തെ പരിഷ്കരിക്കുന്നതിൽ മെനസിസ് വലിയ പങ്കുവഹിച്ചു എന്ന് പറയാതിരിക്കാനാകില്ല. പക്ഷെ, ക്രിസ്ത്യാനികൾക്കിടയിലുണ്ടായിരുന്ന സവർണ മനോഭാവവും ജാതി അയിത്തവും പൂർണമായും തുടച്ചുനീക്കാൻ പോർച്ചു​ഗീസ് ബിഷപ്പ് വലിയ താൽപര്യം കാണിച്ചില്ല. തീണ്ടലും തൊടീലും ഇല്ലാതാക്കിയാൽ കേരള ക്രിസ്ത്യാനികൾക്ക് ഉന്നതജാതിക്കാരുമായുള്ള സമ്പർക്കം നഷ്ടപ്പെടുമെന്ന് അവർ കണക്കുകൂട്ടി. പോർച്ചു​ഗീസുകാരുടെ രാഷ്ട്രീയപരവും വാണിജ്യപരവുമായ വികാസത്തെ അത് തടസപ്പെടുത്തുമെന്ന ആശങ്ക അവർക്കുണ്ടായെന്ന് ചരിത്രകാരൻ സ്കറിയ സക്കറിയ ചൂണ്ടിക്കാണിക്കുന്നു. മറ്റ് വഴികളില്ലാതെ മാർതോമ നസ്രാണികൾ സിനഡ് രേഖകളിൽ ഒപ്പുചാർത്തി.

ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ മുൻപ് നിലനിന്നിരുന്ന ഐക്യത്തിൽ ഇടർച്ചയും അകൽച്ചയുമുണ്ടാക്കാൻ പറങ്കികൾ വിളിച്ചുചേർത്ത സിനഡ് കാരണമായി. നായന്മാരുമായി അടുത്ത ബന്ധം നസ്രാണികൾക്കുണ്ടായിരുന്നു. അർക്കാദിയാക്കോനേയും നസ്രാണികളേയും ഉപദ്രവിക്കുന്ന പറങ്കികളെ ആക്രമിക്കാൻ പോലും നായർപോരാളികൾ തയ്യാറായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സുന്നഹദോസിന് ശേഷം ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ കുറഞ്ഞതായി ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.

സുന്നഹദോസിന് പിന്നാലെ തന്നെ പോർച്ചു​ഗീസ് ബിഷപ്പും പട്ടാളവും പള്ളികളിൽ റെയ്ഡിനിറങ്ങി. പാശ്ചാത്യവിശ്വാസങ്ങൾക്ക് വിരുദ്ധമായ നസ്രാണിചിന്തകളും ചരിത്രവും മായ്ച്ചുകളയുക കൂടിയായിരുന്നു അതിന്റെ ലക്ഷ്യം. നസ്രാണി ദേവാലയങ്ങളിലെ ​ഗ്രന്ഥങ്ങളും വിശ്വാസരേഖകളും പറങ്കിപട്ടാളം കത്തിച്ച് ചാരമാക്കി. ഈ തീയിടൽ റെയ്ഡിന് നേതൃത്വം കൊടുത്ത ഫ്രാൻസിസ്കോ റോസിന് 1599ൽ മെനസിസ് മെത്രാൻ പദവി നൽകി. കിഴക്കിന്റെ സഭയുമായി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന മലങ്കരസഭയുടെ ബന്ധം മുറിഞ്ഞു. ആദ്യമായി നസ്രാണി സഭയ്ക്ക് ഒരു പാശ്ചാത്യമെത്രാനുണ്ടായി. ക്രിസ്ത്യാനികളായതുകൊണ്ടുള്ള പ്രത്യേക താൽപര്യം മാത്രമായിരുന്നില്ല പോർച്ചു​ഗീസുകാർക്ക് മലങ്കര നസ്രാണികളോട് ഉണ്ടായിരുന്നത്. പോർച്ചു​ഗീസ് സാമ്രാജ്യത്തിന് കേരളത്തിലെ നസ്രാണി സമുദായം അടിത്തറയും ചവിട്ടുപടിയുമായി ഉപയോ​ഗിക്കാനുള്ള ലക്ഷ്യമുണ്ടായിരുന്നു. കേരള നസ്രാണികൾ തങ്ങളേപ്പോലത്തെ വിശ്വാസികളായാലുണ്ടാകാൻ പോകുന്ന വലിയ രാഷ്ട്രീയ സ്വാധീനം പറങ്കികളുടെ മനസിലുണ്ടായിരുന്നു.

മലങ്കര നസ്രാണി സഭയുടെ അധികാരം മുഴുവൻ ജസ്യൂട്ട് പാതിരിയായിരുന്ന റോസ് മെത്രാനിൽ കേന്ദ്രീകരിക്കപ്പെട്ടു. ​​ഗോവയിലെ ആർച്ച് ബിഷപ്പിന് കീഴിലായി ഈ നസ്രാണി മെത്രാൻ. ദേശത്തുപട്ടക്കാരും പള്ളിയോ​ഗങ്ങളും അടങ്ങുന്ന മാർതോമസഭയുടെ ജനാധിപത്യ സംവിധാനം ദുർബലമായി. വിശ്വാസജീവിതം മാറ്റിമറിച്ചതിന് പിന്നാലെ തങ്ങളുടെ സഭയിലെ ജനാധിപത്യവും കൂടി പറങ്കികൾ തകർത്തതിൽ മലങ്കര വിശ്വാസികൾ രോഷാകുലരായി. അങ്കമാലിയായിരുന്നു നസ്രാണി മെത്രാന്മാരുടെ ആസ്ഥാനം. പുതിയ ബിഷപ്പ് ആസ്ഥാനം പോർച്ചു​ഗീസുകാർക്ക് സ്വാധീനമുള്ള കൊടുങ്ങല്ലൂരിലേക്ക് മാറ്റി. അർക്കാദിയാക്കോൻ കുരിശിന്റെ ജോർജ് നസ്രാണി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ജോർജിനെ ബിഷപ്പ് റോസ് രണ്ട് തവണ സഭയിൽ നിന്ന് പുറത്താക്കി. അർക്കാദിയാക്കോന്റെ ആസ്ഥാനമന്ദിരം തകർത്തു. ജോർജിനെ കൊല്ലാൻ രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

1624ൽ റോസ് മെത്രാൻ മരിച്ചു. പിന്നീട് മെത്രാനായ സ്റ്റീഫൻ ഡി ബ്രിട്ടോയും ജോർജും തമ്മിൽ തുടക്കത്തിൽ സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ബന്ധത്തിൽ കാലക്രമേണ വിള്ളലുണ്ടായി. അധികാരം മുഴുവൻ ബിഷപ്പ് കവർന്നെടുക്കുന്നതിനെതിരെ ജോർജ് റോമിലേക്കും ലിസ്ബണിലേക്കും കത്തുകൾ അയച്ചു. ഒടുവിൽ അർക്കാദിയാക്കോന്റെ പ്രധാന അവകാശങ്ങൾ അം​ഗീകരിക്കുന്ന സമ്മതപത്രത്തിൽ ആർച്ച് ബിഷപ്പ് ഒപ്പുവെച്ചു. മലങ്കരസഭയുടെ ഭരണകാര്യങ്ങളിലും പുരോഹിതരെ തെരഞ്ഞെടുക്കുന്നതിലും ഉൾപ്പെടെ അർക്കാദിയാക്കോൻമാരുടെ അം​ഗീകാരം കൂടി വേണമെന്നതായിരുന്നു കരാറിലെ വ്യവസ്ഥ. 1636ൽ ഈ സമ്മതപത്രം തിരികെ വാങ്ങാൻ ബിഷപ്പ് ശ്രമിച്ചു. ശരിപ്പകർപ്പ് സൂക്ഷിച്ച് കോപ്പി മാത്രമാണ് കുരിശിന്റെ ജോർജ് തിരികെ കൊടുത്തത്. 1640ൽ വാർധക്യസഹജങ്ങളായ അസുഖങ്ങളേത്തുടർന്ന് ജോർജ് മരിച്ചു. പകലോമറ്റം കുടുംബാം​ഗവും ജോർജിന്റെ അനന്തരവനുമായ പറമ്പിൽ തോമസിനെ ബിഷപ്പ് ബ്രിട്ടോ അർക്കാദിയാക്കോനായി നിയമിച്ചു.

ബ്രിട്ടോയ്ക്ക് പിന്നാലെ ഫ്രാൻസിസ് ​ഗ്രാഷ്യ നസ്രാണി സഭയുടെ മെത്രാനായി. മലങ്കര വിശ്വാസികളും പോർച്ചു​ഗീസ് കത്തോലിക്കാ സഭയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. തോമസിന്റെ അധികാരങ്ങൾ ഇല്ലാതാക്കാനാണ് ബിഷപ്പ് ​ഗ്രാഷ്യ ശ്രമിച്ചുകൊണ്ടിരുന്നത്. അർക്കാദിയാക്കോൻ പദവിയെ അപ്രസക്തമാക്കാൻ ​ഗ്രാഷ്യ ബിഷപ്പ് മറ്റൊരാളെ വികാരി ജനറലായി നിയമിച്ചു. നസ്രാണികളുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ പൗരസ്ത്യനായ ഒരു മെത്രാൻ തന്നെയാണ് വരേണ്ടതെന്ന് തോമസ് തീർച്ചപ്പെടുത്തി. ബിഷപ്പിനെ അയക്കണമെന്ന് അഭ്യർത്ഥിച്ച് അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയർക്കീസിനും അന്ത്യോഖ്യയിലെ യാക്കോബായ പാത്രിയർക്കീസിനും ബാബിലോണിയയിലെ നെസ്തോറിയൻ പാത്രിയർക്കീസിനും കത്തുകളയച്ചു. അവയ്ക്കൊന്നും മറുപടി കിട്ടിയില്ല. അധികാരത്തർക്കങ്ങളും പിളർപ്പുകളും ഇതിനിടെ പൗരസ്ത്യ ക്രിസ്ത്യൻ സഭയെ ക്ഷയിപ്പിച്ചിരുന്നു.