‘മരക്കാര്‍’ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന സ്ഥിരീകരണത്തിന് പിന്നാലെ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമ ഒരു നടനെ കേന്ദ്രീകരിച്ചല്ല നിലനില്‍ക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും സിനിമ നിലനില്ക്കും. ഉപാധികളില്ലാതെയാണ് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ‘കുറുപ്പ്’ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ വിജയകുമാര്‍ പങ്കെടുക്കുകയും ചെയ്തു.
കേരളത്തിലെ 450 സ്ക്രീനുകളില്‍ മിനിമം രണ്ടാഴ്ച്ചയെങ്കിലും കുറുപ്പ് ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. ഇത് അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഞങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്.
കെ വിജയകുമാര്‍
തിയേറ്ററുടമകള്‍ കുറുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഉപാധികളൊന്നും മുന്നോട്ടുവെച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്ന് മാത്രമാണ് പറഞ്ഞത്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഈ ചിത്രത്തിനൊപ്പമുണ്ടാകും. കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കരുതെന്ന് താന്‍ യുവതാരങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ വിജ
മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് ഒടിടി തെരഞ്ഞെടുത്തതെന്ന് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ഷാജി കൈലാസ് ഒരുക്കുന്ന എലോണ്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ എന്നിവയും പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രവും നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ബോക്സിങ്ങ് ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന് എന്നിവയുടെ റിലീസിനേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വ്യക്തമായി പ്രതികരിച്ചില്ല.
ആന്റണിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ തന്നെ ഫിയോക് പ്രതികരിച്ചിരുന്നു. തിയേറ്റര്‍ റിലീസിന് ഉടമകളുടെ പിന്തുണ ലഭിച്ചില്ലെന്ന ആന്റണിയുടെ ആരോപണങ്ങള്‍ കെ വിജയകുമാര്‍ തള്ളി. 15 കോടി രൂപയുടെ അഡ്വാന്‍സ് അംഗീകരിക്കാന്‍ ആന്റണി തയ്യാറായില്ല. മരക്കാര്‍ തിയേറ്ററുകളിലേക്ക് എല്ലാ വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറാണ്. പക്ഷെ, മന്ത്രി സജി ചെറിയാനുമായുമായുള്ള ചര്‍ച്ചയ്ക്ക് പോലും നിര്‍മ്മാതാവ് വന്നില്ല. ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനിന്നത് ആന്റണി പെരുമ്പാവൂരാണ്. മരക്കാറിന് ഒടിടിയില്‍ നിന്ന് 40 കോടി രൂപ കിട്ടിയെന്ന് ഫിയോകിലെ ആരും പറഞ്ഞിട്ടില്ല. മരക്കാര്‍ ഒടിടി കരാര്‍ നേരത്തേ തന്നെ ഒപ്പിട്ടിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കേണ്ടത്. ആന്റണി പെരുമ്പാവൂര്‍ തുടര്‍ച്ചയായി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നത് ഫിയോക് ചര്‍ച്ച ചെയ്യുമെന്നും വിജയകുമാര്‍ പറയുകയുണ്ടായി.
തിയേറ്ററുകള്‍ പ്രതിസന്ധിയിലായിരിക്കെ മലയാള സിനിമയിലെ രണ്ട് മുന്‍ നിര നടന്മാരും നിര്‍മ്മാതാക്കളും സ്വീകരിച്ച നിലപാട് ചര്‍ച്ചയാകുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ശ്രീനാഥ് രാജേന്ദ്രന് ദുല്‍ഖറിനെ തന്നെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ ഡയറക്ട് ഒടിടി റിലീസ് വേണ്ടെന്ന് വെച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തങ്ങളെ സഹായിക്കാന്‍ വേണ്ടി മമ്മൂട്ടിയും ദുല്‍ഖറും നടത്തിയ സ്നേഹപൂര്‍വ്വമായ ഇടപെടലാണിതെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. നെറ്റ്ഫ്ളിക്സിന്റെ 40 കോടിയുടെ ഡയറക്ട് ഒടിടി റിലീസ് ഓഫറാണ് ദുല്‍ഖറിന്റെ വെയ്ഫാറര്‍ ഫിലിംസ് വേണ്ടെന്ന് വെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് ഇതിനോടകം ഹൗസ് ഫുള്‍ ആയിക്കഴിഞ്ഞു. കൂടുതല്‍ സ്ക്രീനുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് തിയേറ്ററുടമകള്‍.