‘മലയാളത്തില്‍ ദളിത് പശ്ചാത്തല സിനിമകള്‍ ഉണ്ടാകാത്തതല്ല, കാണാത്തതാണ്’; ‘വെയില്‍ മരങ്ങളും’ ‘പപ്പീലിയോ ബുദ്ധ’യും ചൂണ്ടി സംവിധായകര്‍

‘ജയ് ഭീം’ പോലെ ജാതീയ വിവേചനത്തിന്റേയും സാമൂഹിക അസമത്വത്തിന്റേയും രാഷ്ട്രീയം പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സംവിധായകര്‍. ദളിത് വിഷയങ്ങള്‍ മലയാളത്തില്‍ സിനിമയാക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. അത്തരം സിനിമകള്‍ മലയാളികള്‍ കാണാതെ തമസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അടിമുടി ദളിത് പരിപ്രേക്ഷ്യത്തിലുള്ള ചിത്രമാണ് താന്‍ ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ‘വെയില്‍മരങ്ങള്‍’. കേരളത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ചര്‍ച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത വെയില്‍ മരങ്ങളുടെ ആദ്യ പ്രദര്‍ശനം ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ആയിരുന്നെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

മികച്ച ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ ഗൊബ്ലറ്റ് പുരസ്‌കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയില്‍ മത്സര വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി. ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റര്‍ സംവിധായകരില്‍ ഒരാള്‍ ആയ നൂറി ബില്‍ഗേ സെയ്ലാന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍.

ഡോ. ബിജു

തുടര്‍ന്ന് അനേകം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ചു അന്താരാഷ്ട്ര അവാര്‍ഡുകള്‍, (ഇന്ദ്രന്‍സിന് സിംഗപ്പൂര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍ ഉള്‍പ്പെടെ). ദളിത് ജീവിതം സംസാരിക്കുന്ന, കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം ജക്കാര്‍ത്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശനമുണ്ട്. വെയില്‍മരങ്ങളുടെ ഷാങ്ഹായി ചലച്ചിത്ര മേളയിലെ ആദ്യ പ്രദര്‍ശനത്തിന് ശേഷം, അന്താരാഷ്ട്ര ചലച്ചിത്ര മാധ്യമമായ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ സിനിമയെ പ്രശംസിച്ച് എഴുതിയ റിവ്യൂവിന്റെ ആദ്യ ഭാഗവും സംവിധായകന്‍ പങ്കുവെച്ചു.

വെയില്‍ മരങ്ങള്‍ പോസ്റ്റര്‍

ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കുറച്ചു തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഏറ്റവും കുറച്ചു കാണികള്‍ തിയറ്ററില്‍ എത്തിയത് കേരളത്തിലായിരുന്നു. പുറത്തിറങ്ങി രണ്ടു വര്‍ഷമായിട്ടും സിനിമ ഇതേവരെ മലയാളം ചാനലുകളില്‍ സംപ്രേഷണം ചെയ്തിട്ടില്ല. മലയാളത്തിലെ സ്ഥിരം നിരൂപകന്മാരില്‍ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന ചലച്ചിത പുരസ്‌കാര നിര്‍ണ്ണയ ജൂറി ആദ്യ റൗണ്ടില്‍ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി. അവസാന ഘട്ടത്തില്‍ എത്താനുള്ള 25 സിനിമകളില്‍ പോലും പെടാന്‍ അര്‍ഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തലെന്നും ഡോ. ബിജു പ്രതികരിച്ചു.

ദളിത് പരിസരങ്ങള്‍ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറേയും സിനിമകള്‍ ഉണ്ട്. ജയന്‍ ചെറിയാന്റെ ‘പപ്പിലിയോ ബുദ്ധ’, ഷാനവാസ് നരണിപ്പുഴയുടെ ‘കരി’, സജി പാലമേലിന്റെ ‘ആറടി’, ജീവ കെ ജെ യുടെ ‘റിക്ടര്‍ സ്‌കെയില്‍’, പ്രതാപ് ജോസഫിന്റെ ‘ഒരു രാത്രി ഒരു പകല്‍’ രഞ്ജിത് ചിറ്റാടെയുടെ ‘പതിനൊന്നാം സ്ഥലം’, എന്റെ തന്നെ ‘കാട് പൂക്കുന്ന നേരം’, ‘പേരറിയാത്തവര്‍’.

ഡോ. ബിജു

‘മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ജയ് ഭീം കാണുമോ?’ എന്ന തലക്കെട്ടില്‍ ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിനെതിരെ വിമര്‍ശനവുമായി കവിയും സംവിധായകനുമായ ജയന്‍ കെ ചെറിയാനും രംഗത്തെത്തി.

പാപ്പിലിയോ ബുദ്ധ 2013ല്‍ മലയാളത്തില്‍ റീലീസ് ചെയ്യ്ത ചിത്രമാണ്, അത് ലേഖകന്‍ കണ്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു എന്നിടത്താണ് മലയാളിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുന്നത്.

ജയന്‍ ചെറിയാന്‍

വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്നവും അതിനെ തുടര്‍ന്ന് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമാണ് 2012ല്‍ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധയുടെ പ്രമേയം. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍, തമ്പി ആന്റണി, പത്മപ്രിയ, എസ് പി ശ്രീകുമാര്‍, സരിത കുക്കു എന്നിവര്‍ പ്രധാന വേഷത്തിലെത്തി. അതോടൊപ്പം 150ഓളം ആദിവാസി വിഭാഗക്കാരും ചിത്രത്തില്‍ അഭിനയിച്ചു. പശ്ചിമഘട്ടത്തിലെ ദളിത് പീഡനങ്ങളും മുന്നേറ്റങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. കേരളത്തില്‍ അക്കാലത്തുണ്ടായ ആദിവാസി പ്രശ്‌നങ്ങള്‍, ചെങ്ങറ ഭൂസമരം, ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമം, കണ്ണൂരിലെ ദളിത് വനിതാ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കുണ്ടായ അനുഭവവും പാപ്പിലിയോ ബുദ്ധയില്‍ ചിത്രീകരിച്ചിരുന്നു.

പാപ്പിലിയോ ബുദ്ധ പോസ്റ്റര്‍

‘പാപ്പിലിയോ ബുദ്ധ’ ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നു എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സ്ത്രീക്കെതിരെയുള്ള അക്രമം ചിത്രീകരിച്ചു, അസഭ്യഭാഷ ഉപയോഗിച്ചു എന്നിവയും കാരണമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇതിനേത്തുടര്‍ന്ന് 17-ാമത് ഐഎഫ്എഫ്‌കെയില്‍ ചിത്രത്തിന് പ്രദര്‍ശനം നിഷേധിക്കപ്പെട്ടു. സമാന്തര പ്രദര്‍ശനത്തിനിടെ അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചത് വിവാദമായിരുന്നു.

2012ല്‍ സംവിധാനത്തിനുള്ള കേരളസര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് ജയന്‍ ചെറിയാന്‍ അര്‍ഹനായി. അതോടൊപ്പം മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം, മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. ആതന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് വിഡിയോ ഫെസ്റ്റിവലില്‍ രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും പാപ്പിലിയോ ബുദ്ധ കരസ്ഥമാക്കുകയുണ്ടായി.