ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന് വിജയ് സേതുപതിയെയും സംഘത്തെയും ആക്രമിക്കാന്‍ ശ്രമിച്ചത് മലയാളിയെന്ന് സ്ഥിരീകരണം. മലയാളിയായ ജോണ്‍സനാണ് താരത്തെ ആക്രമിച്ചത്. ഇയാളെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനാണ് ജോണ്സണ്. അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു വിജയ് സേതുപതിയും സംഘവും. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കണമെന്ന ആഗ്രഹവുമായാണ് ജോണ്സണ് സംഘത്തെ സമീപിച്ചത്. എന്നാല്‍, സെല്‍ഫിയെടുക്കാന്‍ കഴിയില്ലെന്ന് വിജയിയുടെ സഹായി അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ക്ഷുഭിതനായ ജോണ്സണ് താരത്തെയും സംഘത്തെയും പിന്തുടര്ന്നെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിജയ് സേതുപതിയെയായിരുന്നു അക്രമി ലക്ഷ്യമിട്ടതെങ്കിലും സഹായിക്കാണ് മര്‍ദ്ദനമേറ്റത്. സഹായിയുടെമേല് ചാടിവീണ് അദ്ദേഹത്തെ കാല്‍മുട്ടുകൊണ്ട് ഇടിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജോണ്സണ് മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് വിവരം.
വിജയ് സേതുപതി ഇടപെട്ട് പ്രശ്നം അവിടെവെച്ചുതന്നെ തീര്‍പ്പാക്കിയിരുന്നു. കേസിന് താല്പര്യമില്ലെന്ന് നടന് പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ദൃശ്യങ്ങള്‍ പ്രചരിച്ചതിനുപിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. താരത്തെ ആക്രമിച്ചതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.