‘ജിതിന്‍ പ്രസാദയ്ക്ക് ഞങ്ങള്‍ ബഹുമാനം നല്‍കി, അവഗണിച്ചിട്ടേയില്ല, എപ്പോഴും മത്സരിക്കാനവസരം നല്‍കി, എന്നിട്ടും കോണ്‍ഗ്രസിനെ കുറ്റം പറയുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബുധനാഴ്ചയാണ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്.

‘ജിതിന്‍ പ്രസാദ പരമ്പരാഗത കോണ്‍ഗ്രസുകാരനായിരുന്നു. അദ്ദേഹത്തിന് ഞങ്ങള്‍ ബഹുമാനം നല്‍കി. അദ്ദേഹത്തെ അവഗണിച്ചേയിട്ടേയില്ല. അദ്ദേഹം ബംഗാളിന്റെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു. എപ്പോഴും അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനവസരം നല്‍കി. ഇതൊക്കെയിരിക്കെ, അദ്ദേഹം തന്റെ പിതാവ് പ്രവര്‍ത്തിച്ച കോണ്‍ഗ്രസിനെയും പ്രത്യയശാസ്ത്രത്തെയും കുറ്റപ്പെടുത്തുകയാണ്’, മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ജിതിന്‍ ബിജെപി ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. നേരത്തെ കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയുഷ് ഗോയലുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

‘ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ജെപി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കും എന്റെ നന്ദി. എന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമാണിത്. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനിച്ചതാണിത്. ദേശീയ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് ബിജെപി’, ഏറെനാളത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് ബിജെപി പാളയത്തിലെത്തിയ ജിതിന്‍ പ്രസാദ അംഗത്വമെടുത്തതിന് ശേഷം പറഞ്ഞതിങ്ങനെ.