നാരദാ കേസില്‍ രണ്ട് മന്ത്രിമാര്‍ സിബിഐ പിടിയില്‍; നീക്കം സ്പീക്കറുടെ അനുമതിയില്ലാതെ, ഗവര്‍ണറുടെ അനുവാദത്താല്‍; മമതാ ബാനര്‍ജി സിബിഐ ഓഫീസിലെത്തി

നാരദാ കേസില്‍ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മന്ത്രിസഭാംഗങ്ങളായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര മുന്‍ തൃണമൂല്‍ നേതാവ് സൊവാന്‍ ചാറ്റര്‍ജി എന്നിവരെയാണ് കേന്ദ്ര ഏജന്‍സി രാവിലെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസില്‍ നേരിട്ടെത്തി.

അറസ്റ്റിലായ നാല് പേര്‍ക്കുമെതിരെ പ്രത്യേക കോടതി മുമ്പാകെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യം തള്ളിയാല്‍ നാല് പേരും ജാമ്യം കിട്ടുന്നതുവരെ പൊലീസ് ലോക്കപ്പില്‍ തുടരും. നാല് പേര്‍ക്കുമെതിരെ അന്വേഷണ നടപടികള്‍ തുടരാന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സിബിഐയ്ക്ക് അനുമതി നല്‍കിയിരുന്നു.

എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ കേസില്‍ സിബിഐ ബംഗാള്‍ നിയമസഭാ സ്പീക്കറുടെ അനുമതി വാങ്ങാതെ ഗവര്‍ണറെ സമീപിക്കുകയാണുണ്ടായത്. അന്വേഷണത്തിന് അനുമതി നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. നാല് പേരും 2011ല്‍ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിച്ച് മന്ത്രിമാരായവര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

2014ലാണ് നാരദ കൈക്കൂലി ടേപ്പുകള്‍ ചിത്രീകരിക്കപ്പെടുന്നത്. നാരദ ന്യൂസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ബിസിനസുകാരനായി വേഷമിട്ടാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ബംഗാളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞ ‘ബിസിനസുകാരന്‍’ തൃണമൂല്‍ എംപിമാര്‍ക്കും, നാല് മന്ത്രിമാര്‍ക്കും, ഒരു എംഎല്‍എയ്ക്കും വന്‍തുക നല്‍കുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുറത്തുവിട്ട ‘നാരദാ ടേപ്പുകള്‍’ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

നാലുപേരില്‍ സൊവാന്‍ ചാറ്റര്‍ജി മാത്രമാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഇല്ലാത്തത്. കൊല്‍ക്കത്ത മുന്‍ മേയറും മന്ത്രിയുമായിരുന്ന സൊവാന്‍ ചാറ്റര്‍ജി 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേക്കേറി. ഈ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സൊവാന്‍ ബിജെപി വിട്ടത് വാര്‍ത്തയായിരുന്നു.