നന്ദിഗ്രാമിലെ ‘തോല്‍വി’ വിട്ടുകളയാതെ മമത; സുവേന്ദു അധികാരിയുടെ ജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍

നന്ദിഗ്രാമില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹൈക്കോടതിയില്‍. കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് മമതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. 2011ല്‍ മമതയെ അധികാരത്തിലെത്തിച്ച നന്ദിഗ്രാമില്‍ 17,00 വോട്ടിനാണ് മുന്‍ വിശ്വസ്തന്‍ തൃണമൂല്‍ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്.

അര്‍ധരാത്രി വരെ നീണ്ടുപോയ നന്ദിഗ്രാം വോട്ടെണ്ണല്‍ പല കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ അവസാനിച്ച രീതി വാര്‍ത്തയും കോളിളക്കവും സൃഷ്ടിച്ചിരുന്നു. ആദ്യ പതിനൊന്ന് റൗണ്ടുകളില്‍ മമതയാണ് മുന്നിട്ട് നിന്നിരുന്നത്. പക്ഷെ, അവസാന നാല് റൗണ്ടായപ്പോള്‍ ട്രെന്‍ഡ് മാറി. അവസാന റൗണ്ടുകളില്‍ മുന്നേറിയ സുവേന്ദു അധികാരി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

അട്ടിമറിയാരോപണവുമായി പിറ്റേന്ന് തന്നെ രംഗത്തെത്തിയ മമത വോട്ടെണ്ണലിനിടെ സേര്‍വറുകള്‍ നാല് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായത് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ തന്നെ അഭിനന്ദിച്ചിരുന്നെന്നും പെട്ടെന്നാണ് എല്ലാം മാറിയതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

നന്ദിഗ്രാം മണ്ഡലത്തിലെ വോട്ടെണ്ണലിന് ചുമതലയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഭീഷണിയുണ്ടായിരുന്നെന്നും മമത ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് തന്റെ സെല്‍ഫോണ്‍ നോക്കി ബംഗാള്‍ മുഖ്യമന്ത്രി ഇങ്ങനെ വായിച്ചു. ”വീണ്ടും വോട്ടെണ്ണാന്‍ അനുവാദം കൊടുത്താല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന ഭീഷണിയുണ്ടെന്ന് റിട്ടേണിങ്ങ് ഓഫീസര്‍ പറയുന്ന എസ്എംഎസ് എനിക്ക് കിട്ടി. ‘എനിക്ക് വീണ്ടും വോട്ടെണ്ണലിന് ഉത്തരവിടാന്‍ കഴിയില്ല. എന്റെ കുടുംബം ഇല്ലാതാകും. എനിക്കൊരു മകളുണ്ട്.’