നന്ദിഗ്രാം നഷ്ടപ്പെട്ടു; പക്ഷേ, ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ

കൊല്‍ക്കത്ത: മത്സരിച്ച നന്ദിഗ്രാം പിടിച്ചെടുക്കാനായില്ലെങ്കിലും ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി തന്നെ. മെയ് അഞ്ചിന് മമത സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. പാര്‍ട്ടി യോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ എംഎല്‍എമാര്‍ ഏകകണ്‌ഠേന മമതയെ നിയമസഭാ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.

രാജ്യത്തെ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 292ല്‍ 213 സീറ്റുകളോടെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂലാണ് ഏറ്റവും വലിയ വിജയം നേടിയത്. മെയ് ആറിന് മൂന്നാം മമത സര്‍ക്കാരിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ബിമാന്‍ ബാനര്‍ജിയാവും സഭാ സ്പീക്കര്‍.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മമത ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ കണ്ടു.

തൃണമൂല്‍ വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ഉറപ്പാക്കിയെങ്കിലും മത്സരിച്ച നന്ദിഗ്രാമില്‍ മമതയെ തൃണമൂലില്‍നിന്നും കൂറുമാറി ബിജെപിയിലെത്തിയ സുവേന്ദു അധികാരി പരാജയപ്പെടുത്തുകയായിരുന്നു. മമതയ്ക്ക് മേല്‍ സുവേന്ദു 1957 വോട്ടുകളുടെ ഭൂരിപക്ഷം നേടി. നന്ദിഗ്രാമില്‍ റീകൗണ്ടിങ് നടത്തണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടെങ്കിലും ഹരജി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും മമതയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തടസങ്ങളില്ല. അടുത്ത ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ടാല്‍ മതി. ഇത് സാധാരണ നടത്താറുള്ളതാണ്. സുരക്ഷിത മണ്ഡലങ്ങളിലൊന്നിലെ ഒരു എംഎല്‍എ സ്ഥാനമൊഴിഞ്ഞ് ഉപതെരഞ്ഞെടുപ്പിന് അവസരമൊരുക്കും.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത പല നേതാക്കളും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം തെരഞ്ഞെടുപ്പിനെ നേരിടാതെയായിരുന്നു ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തിരുന്നത്. മഹാരാഷ്ട്രയില്‍ നിലവിലെ സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു ഇരുവരും മുഖ്യമന്ത്രിമാരായത്. എന്നാല്‍ ബംഗാളില്‍ നിയമസഭാ കൗണ്‍സിലില്ല. അതുകൊണ്ടുതന്നെ മമത ഉപതെരഞ്ഞെടുപ്പിനെ നേരിടണം.