ബംഗാൾ ദീദിയുടെ മുന്നിൽ തോറ്റത് മോഡിയുടെ മൈതാന പ്രസംഗം, ബിജെപിയുടെ പണക്കൊഴുപ്പ്

സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ പൊരുതി തോറ്റെങ്കിലും സമാനതകളില്ലാത്ത വിജയത്തിലേക്കാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിനെ മമതാ ബാനർജി നയിച്ചത്. മൂന്നാം തവണയും മുഖ്യമന്ത്രിയായി ഉപതെരഞ്ഞെടുപ്പിലൂടെ ഭരണം തുടരുമോ എന്നൊക്കെ ഇനിയുള്ള ദിവസങ്ങളിൽ തെളിയും. പശ്ചിമ ബംഗാൾ പിടിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രീയ യാത്രയുടെ സുപ്രധാന നേട്ടമുണ്ടാക്കാൻ കളത്തിലിറങ്ങിയ ബിജെപിയെ അങ്ങേയറ്റം ത്രില്ലർ തെരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നും കെട്ടുകെട്ടിച്ചിരിക്കുകയാണ് മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്.

എക്‌സിറ്റ് പോളുകളിൽ ഒരെണ്ണം പോലും 200 സീറ്റിന് മുകളിൽ തൃണമൂലിന് പ്രവചിച്ചിരുന്നില്ല, എന്നാൽ 220 സീറ്റിലേക്ക് തൃണമൂൽ എത്തിയിരിക്കുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 42-ൽ 18 സീറ്റുകൾ നേടിയതുമുതൽ നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പടെ സ്റ്റാർ കാമ്പയിനേഴ്‌സിനെ ഇറക്കി സർവ സന്നാഹവുമായി കഴിഞ്ഞ രണ്ടുകൊല്ലം ബിജെപി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പരിശ്രമിച്ചു. കാര്യമായ തരത്തിൽ രാഷ്ട്രീയ നില മെച്ചപ്പെടുത്താനും ബിജെപിക്ക് കഴിഞ്ഞു. ഈ രാഷ്ട്രീയ വളർച്ച വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നതും.

കൊവിഡ് സാഹചര്യത്തിൽ സാധാരണയിൽ കവിഞ്ഞ ദൈർഘ്യമുള്ള തെരഞ്ഞെടുപ്പ് കാലമായിരുന്നു ബംഗാളിൽ. ഇതിനിടയിൽ 20 തെരഞ്ഞെടുപ്പ് റാലികളാണ് മോഡി ബംഗാളിൽ നയിച്ചത്. അമിത് ഷാ 50 തവണയും. ബിജെപി അധ്യക്ഷൻ ജെപി നദ്ദ 40 തവണ. സ്‌മൃതി ഇറാനി, പിയൂഷ് ഗോയൽ, യോഗി ആദിത്യനാഥ് ഉൾപ്പടെ നിരവധിയാളുകൾ ബംഗാളിലുണ്ടായിരുന്നു. എന്നാൽ മൂന്നക്കം തികയ്ക്കാൻ കഴിഞ്ഞില്ല ബിജെപിക്ക്. മമതാ ബാനർജിയുടെ സംശയമില്ലാത്ത വിജയമാണിത്.

തൃണമൂലിന് കിടപിടിക്കാൻ കഴിയാത്തവിധം പണമൊഴുക്കിയിരുന്നു ബിജെപി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്തവിധമുള്ള കൂറുമാറ്റങ്ങളുടെ കാലമായിരുന്നു തെരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്നത്. സുവേന്ദു അധികാരിയും രജിബ് ബാനർജിയും ഉൾപ്പടെയുള്ള വലിയ നേതാക്കൾ തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് മാറി. കൂറുമാറിയവരുടെ ആധിക്യം കൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു ഈ തെരഞ്ഞെടുപ്പ്. അടുത്തിടെ ബിജെപിയിലേക്ക് കുടിയേറിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിൽ മമതയെ തോൽപിച്ചതും.

West Bengal Election Results 2021: Suvendu Adhikari leads, Mamata Banerjee  trails in Nandigram
മമത ബാനർജി

ദേശീയ നേതാക്കളുടെയും പണത്തിന്റെയും കുത്തൊഴുക്ക് വോട്ടായി മാറാതെ മമത തടയിട്ടത് അത്ര എളുപ്പത്തിലല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മമതാ ബാനർജി ആദ്യം ചെയ്‌തത്‌ തന്റെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായി പ്രശാന്ത് കിഷോറിനെ നിയമിക്കുക എന്നതായിരുന്നു. അതിന് ശേഷം പ്രധാനമായും രണ്ട് കാര്യങ്ങളാണ് തൃണമൂൽ നടപ്പിലാക്കിയത്. ഒന്ന് ‘ബംഗാളിന്റെ ദീദി’ എന്ന ഇമേജ് ഉയർത്തിക്കൊണ്ടുവരിക, രണ്ട് ജനക്ഷേമ പദ്ധതികൾ പരമാവധി നടപ്പിലാക്കി ജനകീയമാവുക.

പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മമതാ ബാനർജി ഒരു വെൽഫെയർ ലീഡർ ബിംബമായി മാറാനും ശ്രമിച്ചിട്ടുണ്ട്. തൃണമൂൽ അവകാശപ്പെടുന്നത് പ്രകാരം 70ന് മുകളിൽ ജനക്ഷേമ പദ്ധതികളാണ് മമതാ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ച പെൺകുട്ടികൾക്കുള്ള 25000 രൂപയുടെ കന്യാശ്രീ പദ്ധതി, പെൺകുട്ടികളുടെ വിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന രൂപശ്രീ പദ്ധതിയൊക്കെ ഇതിൽ ചിലതാണ്.

ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിന് ശേഷം ജനകീയ അടിത്തറ ഉറപ്പിയ്ക്കാനുള്ള മറ്റു പദ്ധതികളും മമതാ സർക്കാർ നടപ്പിലാക്കി. ‘വാതിൽപ്പടിയിൽ സർക്കാർ’ (Duarey Sarkar), അയൽപക്ക പ്രശ്‌നപരിഹാരം (Paray Paray Samadhan), സ്വസ്ഥ സാഥി എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി.

തനത് ബംഗാളിയായ തൃണമൂലും പുറമേക്കാരായ ബിജെപിയും തമ്മിലുള്ള പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കുന്നതിലും മമതയും പ്രശാന്ത് കിഷോറും വിജയിച്ചു.

വർഗീയ രാഷ്ട്രീയത്തെ കാലങ്ങളോളം അകറ്റിനിർത്തിയിരുന്ന നാടായിരുന്നു ബംഗാൾ. അടിയൊഴുക്കുകൾ ഉണ്ടായിരുന്നെങ്കിലും പ്രത്യക്ഷ വർഗീയത പ്രകടമായിരുന്നില്ല. എന്നാൽ ഇടതുപാർട്ടികളുടെയും കോൺഗ്രസിന്റെയും ക്ഷയത്തോടെ വർഗീയ രാഷ്ട്രീയം തൃണമൂലും ബിജെപിയും പയറ്റി തുടങ്ങി. തെരഞ്ഞെടുപ്പ് റാലികളിൽ ശ്ലോകങ്ങൾ ചൊല്ലിയും തന്റെ ബ്രാഹ്മിൺ വേരുകൾ തെളിച്ചുവെച്ചും മമത ഹിന്ദു വോട്ടുകളെ സുഖിപ്പിച്ചു. മറുവശത്ത് മുപ്പത് ശതമാനത്തിന് അടുത്ത് മുസ്‌ലിം ജനസംഖ്യയുള്ള ബംഗാളിൽ ദേശീയ പരത്വ രജിസ്റ്ററിന്റെ പിടിയിൽ നിന്നും ഒരേയൊരു രക്ഷക താൻ മാത്രമാണെന്ന പ്രതീതിയും മമത മുന്നോട്ടുവെച്ചു.

തൃണമൂലിനനുകൂലമായി മുസ്‌ലിം ഏകീകരണമുണ്ടാകുമെന്ന് ഭയന്ന ബിജെപി തന്ത്രപരമായാണ് വർഗീയ കാർഡ് ഇറക്കിയത്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മുസ്‌ലിം വിരുദ്ധ ദ്രുവീകരണം പയറ്റി, ദേശീയ പൗരത്വ രെജിസ്റ്ററിനെ ഉയർത്തിപ്പിടിച്ചും അതേസമയം മറ്റിടങ്ങളിൽ തൊഴിലില്ലായ്മയും ദുർഭരണവും ഭരണവിരുദ്ധ വികാരവും ഉയർത്തിയുമാണ് ബിജെപി തെരഞ്ഞെടുപ്പിലിറങ്ങിയത്.

പ്രശാന്ത് കിഷോർ

പ്രാദേശികവും ജാതീയവുമായ സ്വത്വവാദ രാഷ്ട്രീയവും മമത പയറ്റി ഉറപ്പിച്ചു. കിഴക്കൻ മിഡ്നാപൂരും 24-നോർത്ത് പർഗാനയിലും 2006-ൽ ഇടതുസർക്കാർ നടത്തിയ ഭൂമി ഏറ്റെടുക്കൽ മുസ്‌ലിം വിഭാഗങ്ങളെ ബാധിക്കുന്നതാണെന്ന വാദം ഉയർന്നതുമുതൽ സ്വത്വ രാഷ്ട്രീയ ചർച്ചകളും ബംഗാളിലുണ്ട്. തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതുമുതൽ ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരായ മതുവാ സമൂഹത്തിനെ കയ്യിലെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. മറുവശത്ത് ബിജെപി അവർക്ക് ദേശീയ പൗരത്വ ഭേദഗതി നിയമം വാഗ്‌ദാനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മമത നടപ്പിലാക്കിയ വികസന പദ്ധതികളുടെയൊക്കെ മുൻനിരയിൽ ഈ സമൂഹങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് ഡാർജിലിങ് മലനിരകളിലും, ഗൂർഖകൾക്കും, ലെപ്ച്ചമാർക്കും വേണ്ടി നിരവധി ബോർഡുകൾ രൂപീകരിച്ചു.

തൊഴിലില്ലായ്മയും വ്യവസായവും തന്നെയായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന വിഷയം. അടുത്ത അഞ്ചുവർഷത്തിനിടയിൽ 1.6 കുടുംബംങ്ങൾക്ക് അടിസ്ഥാന വേതനം മമത ബാനർജി പ്രകടന പത്രികയിലൂടെ ഉറപ്പുനൽകി. കർഷകർക്ക് ധനസഹായം നൽകി 35 ലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുമെന്ന് മമത ഉറപ്പുനൽകി.

ബഹളമയമായ ബിജെപിയുടെ തെരഞ്ഞെടുപ്പ് കാമ്പയിനെ നേർക്കുനേർ നിന്ന് നേരിട്ടാണ് മമത ബംഗാളിൽ തൃണമൂലിനെ ഉറപ്പിച്ചത്. പ്രശാന്ത് കിഷോർ പറയുന്നതുപോലെ മോഡിയുടെ പോപ്പുലാരിറ്റി കൊണ്ടുമാത്രം ഇപ്പോഴും സീറ്റുകൾ വീഴില്ല എന്ന് മമത തെളിയിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താൻ.