കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റുമായി മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മമ്മൂട്ടിയെത്തിയെന്ന് എംപി ഹൈബി ഈഡന് പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവയാണ് മമ്മൂട്ടി നല്‍കിയതെന്നും എറണാകുളം എംപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, നല്കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഹൈബി ഈഡന്
40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. രമേഷ് പിഷാരടിയോടൊപ്പം മമ്മൂട്ടിയില്‍ നിന്ന് മെഡിക്കല്‍ കിറ്റ് സ്വീകരിക്കുന്ന ചിത്രവും എംപി പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിനിടെ സര്‍ക്കാരിന് പിന്തുണയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രികള്‍ക്ക് ഒന്നരക്കോടിയോളം വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വിശ്വശാന്തി ഫൗണ്ടഷനിലൂടെ നല്‍കുകയാണെന്ന് നടന് പ്രഖ്യാപിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍-സ്വകാര്യ, സഹകരണ മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന് ലഭ്യമാക്കി. വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐസിയു ബെഡ്ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. കൊവിഡ് ചികിത്സയ്ക്ക് സഹായമാകുന്ന പോര്‍ട്ടബിള്‍ എക്സ് റേ മെഷിനുകള്‍ ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്സിജന്‍ പൈപ്പ്ലൈന് സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന് നല്‍കിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.