താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്; ഒറ്റതിരിഞ്ഞുള്ള അഭിപ്രായത്തിൽ കാര്യമില്ല: മമ്മൂട്ടി

മലയാള സിനിമയില്‍ ലഹരിഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് നടന്‍ മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും ഉപയോഗിക്കരുതെന്ന് ബോര്‍ഡ് എഴുതി വയ്ക്കാമെന്നല്ലാതെ എന്തുചെയ്യുമെന്നും മമ്മൂട്ടി ചോദിച്ചു. തന്റെ പുതിയ ചിത്രമായ ‘റോഷാക്കി’ന്റെ പ്രചരണാർഥം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. കള്ളുഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ കഴിയുമോയെന്നും ഇക്കാര്യത്തില്‍ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ‘റോഷാക്ക്’. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചില പ്രധാന സെന്ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഏരീസ് പ്ലെക്സ്, ന്യൂ, തൃശൂര്‍ രാഗം തുടങ്ങിയ തിയറ്ററുകളിലൊക്കെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. യുഎഇയിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ ആകാംക്ഷ റിലീസിന് രണ്ടു ദിനം മാത്രം അവശേഷിക്കുമ്പോഴും അണിയറപ്രവർത്തകർ കാത്തുസൂക്ഷിക്കുന്നുണ്ട്.