മീശ പോയപ്പോള്‍ വന്ന ദേശീയ അവാര്‍ഡും ഖ്യാതിയും; ഡിനീറോ ആഗ്രഹിച്ച അംബേദ്കര്‍ വേഷം, ഷേവ് ചെയ്യാനുള്ള മടികൊണ്ട് ആദ്യത്തെ തവണ നിരസിച്ച മമ്മൂട്ടി

മൂന്ന് തവണ ഏറ്റവും മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് മമ്മൂട്ടി. രാജ്യത്തെ മുഴുവന്‍ ഫിലിം ഇന്‍ഡസ്ട്രികളെടുത്താലും അത്ര സാധാരണമല്ലാത്ത നേട്ടം. ‘ഒരു വടക്കന്‍ വീരഗാഥ’, ‘മതിലുകള്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1989ലാണ് ആദ്യമായി ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. 1994ല്‍ ‘വിധേയന്‍’, ‘പൊന്തന്‍ മാട’ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ദേശീയ പുരസ്‌കാരം. 1999ലാണ് മമ്മൂട്ടി ‘ഡോ. ബാബാസാഹേബ് അംബേദ്കറി’ലൂടെ മൂന്നാമതും നാഷണല്‍ അവാര്‍ഡിന് അര്‍ഹനാകുന്നത്. എന്നാല്‍ രണ്ടാമതൊന്നുകൂടി ചിന്തിച്ചില്ലായിരുന്നെങ്കില്‍ മൂന്നാമത്തെ ഈ ദേശീയ ബഹുമതിയും വേഷവും മമ്മൂട്ടിക്ക് നഷ്ടമായേനെ.

ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയേക്കുറിച്ചുള്ള ചിത്രത്തിന് വേണ്ടി മൂന്ന് വര്‍ഷത്തെ ഗവേഷണമാണ് പ്രശസ്ത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ നടത്തിയത്. ചിത്രം പൂര്‍ത്തിയാക്കാന്‍ മറ്റൊരു മൂന്ന് വര്‍ഷങ്ങള്‍ കൂടിയെടുത്തു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്നാണ് പ്രൊജക്ടിന് ഫണ്ട് ചെയ്തത്. അംബേദ്കര്‍ വേഷം മമ്മൂട്ടിയിലെത്തിയതിനേക്കുറിച്ച് ജബ്ബാര്‍ പട്ടേല്‍ പറയുന്നതിങ്ങനെ.

ഡോ. ബി ആര്‍ അംബേദ്കര്‍

“യാദൃശ്ചികമായാണ് അത് സംഭവിച്ചത്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ വലുപ്പത്തിലുള്ള ഒരു ചിത്രമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡോ. അംബേദ്കറുടെ വേഷം ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള നടനെയാണ് ഞാന്‍ തേടിക്കൊണ്ടിരുന്നത്. റോബര്‍ട്ട് ഡിനീറോ ഉള്‍പ്പെടെ നൂറുകണക്കിന് നടന്‍മാരെ കാണിച്ചുതന്ന കാസ്റ്റിങ് ഡയറക്ടര്‍ക്ക് ഈ ചുരുക്കവിവരമാണ് ഞാന്‍ നല്‍കിയത്. ഡീനീറോ ഈ വേഷം ചെയ്യാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ ഉച്ചാരണം ഉപേക്ഷിക്കണമെന്നും അംബേദ്കര്‍ സംസാരിച്ചിരുന്ന പ്രത്യേക ഇന്‍ഡോ-ബ്രിട്ടീഷ് ഉച്ചാരണഭേദമാണ് സിനിമയില്‍ ഉപയോഗിക്കേണ്ടതെന്നും ഞങ്ങള്‍ പറഞ്ഞതോടെ ഡിനീറോ പിന്മാറി.

ഒടുവില്‍ ആകസ്മികമായി ഒരു മാഗസിനില്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഞാന്‍ കാണാനിടയായി. മീശയും കറുത്ത ഗ്ലാസുകളും മാറ്റിയാല്‍ അതിശയിപ്പിക്കും വിധം മുഖസാദൃശ്യം മമ്മൂട്ടിക്ക് അംബേദ്കറുമായുണ്ടെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ആ ചിത്രം സ്‌കാന്‍ ചെയ്തു. ഒരു കംപ്യൂട്ടറിലിട്ട് വേണ്ട മാറ്റങ്ങള്‍ വരുത്തിയ ശേഷം നടനുമായി ബന്ധപ്പെട്ടു. പക്ഷെ, മമ്മൂട്ടി എന്നെ ചിരിച്ചുകൊണ്ട് തള്ളി.

തന്റെ മീശ ഷേവ് ചെയ്ത് കളയുന്നതിലായിരുന്നു മമ്മൂട്ടിയുടെ ഏറ്റവും വലിയ വൈമനസ്യം. പിന്നെ ടൈം ഷെഡ്യൂളിനേക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. കേരളത്തില്‍ അവര്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് ഒരു സിനിമ തീര്‍ത്ത് അടുത്ത ചിത്രം ചെയ്യും. അതിനേക്കാളുമുപരി, അദ്ദേഹം വളരെയേറെ പ്രതിഫലം വാങ്ങിയിരുന്ന വളരെ പോപ്പുലറായ താരമാണ്. അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. ‘പിന്നീട് വരൂ. നമുക്കൊരുമിച്ച് മറ്റ് ചില സിനിമകള്‍ ചെയ്യാം’ എന്ന് മമ്മൂട്ടിയെനിക്ക് മറുപടി നല്‍കി.

ഡോ. ബി ആര്‍ അംബേദ്കര്‍ ചിത്രീകരണത്തിനിടെ സൊനാലി കുല്‍കര്‍ണി, ജബ്ബാര്‍ പട്ടേല്‍, മമ്മൂട്ടി എന്നിവര്‍

ഈ സിനിമ താങ്കള്‍ സ്വീകരിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ താങ്കള്‍ക്ക് പ്രശംസയും പുരസ്‌കാരവും ലഭ്യമാക്കുന്ന ഒരു വേഷമാണിത്. അദ്ദേഹത്തിന്റെ ദേശസ്‌നേഹം വഴിയും ഞാന്‍ അഭ്യര്‍ത്ഥന നടത്തി. ഒടുവില്‍, ആലോചിക്കാന്‍ ഒരു മാസത്തെ സമയം മമ്മൂട്ടി ചോദിച്ചു. മമ്മൂട്ടി സിനിമ ചെയ്യാന്‍ തയ്യാറായപ്പോഴാകട്ടെ, അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നു. സിനിമ പൂര്‍ത്തിയാക്കാന്‍ എത്ര കാലമെടുക്കുന്നോ അത്രയും നാളത്തേക്ക് ഓരോ മാസവും പത്ത് ദിവസം വീതം ഡോ. അംബേദ്കറിന് വേണ്ടി നീക്കി വെയ്ക്കാമെന്ന് മമ്മൂട്ടി എനിക്ക് വാക്കുനല്‍കി.

മമ്മൂട്ടിയെ ഡോ. അംബേദ്കറെപ്പോലെ തന്നെയാക്കാന്‍ എനിക്കൊന്നും പ്രത്യേകമായി ചെയ്യേണ്ടി വന്നില്ല. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ മമ്മൂട്ടിയും ഡോ. അംബേദ്കറും തമ്മില്‍ അത്രയ്ക്ക് രൂപസാദൃശ്യമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അല്‍പം മേക്കപ്പ് മാത്രമേ വേണ്ടിവന്നുള്ളൂ. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മമ്മൂട്ടി ശരിക്കും ഡോ. അംബേദ്കറേപ്പോലെയാണ്. അത് ഞാന്‍ ഡോ. അംബേദ്കറുടെ ഭാര്യയെ (സവിത അംബേദ്കര്‍) കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ വിശ്വസിക്കാനാകാതെ വാ തുറന്നിരുന്നുപോയി. ജനക്കൂട്ടരംഗങ്ങളുടെ ഭാഗമായ ആയിരക്കണക്കിനാളുകള്‍, മമ്മൂട്ടി സ്റ്റേജിലേക്കുവരുമ്പോള്‍ ആവേശഭരിതരാകുന്നത് കണ്ടപ്പോള്‍ തന്നെ യഥാര്‍ത്ഥ്യത്തിനും എത്ര അടുത്താണ് ഞങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിങ്ങളിത് ക്യാമറ ചലിപ്പിച്ച അശോക് മെഹ്തയോട് ചോദിക്കണം. ആ തന്മയീഭാവം അത്ര പൂര്‍ണതയുള്ളതായിരുന്നു. ജനക്കൂട്ടത്തിന് മമ്മൂട്ടി ഡോ. അംബേദ്കര്‍ തന്നെയായിരുന്നു.”

മമ്മൂട്ടി, ഡോ. ബി ആര്‍ അംബേദ്കര്‍

ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി പുറത്തിറക്കിയ ഡോ. അംബേദ്കര്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച നടനുള്ള ബഹുമതി കൂടാതെ മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം, മികച്ച ആര്‍ട് ഡയറക്ഷന്‍ (നിതിന്‍ ചന്ദ്രകാന്ത് ദേശായി) എന്നീ അവാര്‍ഡുകളും ചിത്രം നേടി. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സും പ്രതിരോധ മന്ത്രാലയവും 70-ാം സ്വാതന്ത്ര്യദിനത്തില്‍ (2015) ഡോ. അംബേദ്കര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.