‘ഇനി നമ്മള്‍ തമ്മില്‍ കാണില്ല’; മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം സീന്‍ വെട്ടിയതിന് മോഹന്‍ലാല്‍ പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍

മമ്മൂട്ടി ആവശ്യപ്പെട്ടതനുസരിച്ച് മോഹന്‍ലാലിന്റെ സീന്‍ വെട്ടിമാറ്റിയതിന് മോഹന്‍ലാല്‍ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍. 1986ല്‍ പുറത്തിറങ്ങിയ ഗീതം എന്ന സിനിമയില്‍ കഥാപാത്രത്തിന്റെ ഡയലോഗ് വെട്ടിക്കളഞ്ഞതുകൊണ്ട് മോഹന്‍ലാല്‍ എന്ന നടനെ തനിക്ക് നഷ്ടപ്പെട്ടെന്ന് സാജന്‍ പറഞ്ഞു. ഗീതത്തില്‍ പ്രധാന വേഷമായതുകൊണ്ടാണ് ഗസ്റ്റ് റോളില്‍ മോഹന്‍ലാല്‍ എത്തിയത്. ചിത്രീകരണ സമയത്തുണ്ടായിരുന്ന മോഹന്‍ലാലിന്റെ ഡയലോഗ് വെട്ടിക്കളയാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും തനിക്കും എതിര്‍പ്പായിരുന്നെങ്കിലും മമ്മൂട്ടിയെ അനുസരിക്കാതെ നിര്‍വ്വാഹമില്ലായിരുന്നു. ഡബ്ബിങ്ങ് സമയത്ത് മോഹന്‍ലാല്‍ ആ ഡയലോഗ് എവിടെയെന്ന് ചോദിച്ചെന്നും വെട്ടിമാറ്റുകയാണെന്നറിഞ്ഞപ്പോള്‍ വേദനിച്ചെന്നും സാജന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചക്കരയുമ്മ, സ്‌നേഹമുള്ള സിംഹം, ഒരു നോക്കു കാണാന്‍, കണ്ടു കണ്ടറിഞ്ഞു, തമ്മില്‍ തമ്മില്‍, ഉപഹാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സാജന്റെ പ്രതികരണം.

ഡബ്ബിങ്ങ് കഴിഞ്ഞതിന് ശേഷം പോകാന്‍ നേരം മോഹന്‍ലാല്‍ ചോദിച്ചു. ‘ഓക്കെ, എല്ലാം കഴിഞ്ഞല്ലോ? ഓക്കെ ശരി’, ‘അപ്പോള്‍ നമ്മള്‍ തമ്മില്‍ ഇനി കാണില്ല കെട്ടോ’ എന്നൊരു വാക്കും കൂടി പറഞ്ഞു. ഞാനിക്കാര്യം മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് മോഹന്‍ലാല്‍ എന്ന നടനെ എനിക്ക് നഷ്ടപ്പെട്ടതെന്ന്.

സാജന്‍

സംവിധായകന്‍ സാജന്‍ പറഞ്ഞത്

“വിജയാ മൂവീസിന്റെ സ്ഥിരം അഭിനേതാവാണ് മമ്മൂട്ടി. ‘സ്‌ഫോടനം’ മുതലുള്ള സൗഹൃദമാണ്. മമ്മൂട്ടിയെ മാറ്റുന്നതിനേക്കുറിച്ച് അവര്‍ ചിന്തിക്കുകയേ ഇല്ല. വിജയാ മൂവീസ് മമ്മൂട്ടിയെ വെച്ച് നിര്‍മ്മിച്ച ‘സ്‌നേഹമുള്ള സിംഹം’ സംവിധാനം ചെയ്തത് ഞാനാണ്. അക്കാലത്ത് മമ്മൂട്ടിയുടെ അത്ര തന്നെ സ്റ്റാര്‍ഡം മോഹന്‍ലാലിനുമുണ്ട്. പക്ഷെ, വിജയാ മൂവീസ് മമ്മൂട്ടിയെ വെച്ചാണ് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി പൊയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ‘കണ്ടു കണ്ടറിഞ്ഞു’വില്‍ രണ്ട് പേരും മത്സരിച്ച് അഭിനയിച്ചു.

പ്രൊഫഷണലായുള്ള റൈവല്‍റി സ്വാഭാവികമാണ്. ഒരു കാട്ടില്‍ രണ്ട് സിംഹം വേണ്ട എന്നൊക്കെ പറയില്ലേ. ഒരു സൂപ്പര്‍ സ്റ്റാര്‍ നില്‍ക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറിന് എന്നേക്കാളും പ്രധാന്യമുള്ള റോളല്ലേ മറ്റേയാള്‍ ചെയ്യുന്നതെന്ന് തോന്നാം.

ഗീതം എന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നു. മമ്മൂട്ടിയുടേതാണ് ഗീതത്തിലെ കേന്ദ്ര കഥാപാത്രം. നടി ഗീത ഇരട്ട സഹോദരിമാരായി ഡബിള്‍ റോളിലാണ്. ഒരു ഗീത (അഥീന) പ്രസവത്തോടെ മരിച്ചുപോകുന്നു. കുട്ടിയുടെ രക്ഷാകര്‍തൃത്വം മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ഏറ്റെടുക്കുന്നു. ആ കുട്ടി മോഹന്‍ലാല്‍ കഥാപാത്രത്തിന്റേതാണ്. അഥീന ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ട് പോയതാണ്. അയാള്‍ സമ്പന്നനായി അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്നു. കുട്ടിയെ ആവശ്യപ്പെടുന്നു. പക്ഷെ, മമ്മൂട്ടിയുടെ കഥാപാത്രം കൊടുക്കില്ല. അയാള്‍ക്ക് കുട്ടിയെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ കഥാപാത്രം ചോദിക്കുന്നത് ന്യായമാണ്. ‘എന്റെ കുട്ടിയെ ഞാന്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?’.

മോഹന്‍ലാലിന് ഗീതത്തില്‍ ഗസ്റ്റ് റോളായിരുന്നു. എങ്കിലും കഥയിലെ പ്രാധാന്യം മനസിലാക്കി ആ വേഷം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചതാണ്. അതില്‍ ചില സമയത്ത് ചില ഡയലോഗുകള്‍ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി.

ഡബ്ബിങ്ങിന് വന്നപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു ‘ആ ഡയലോഗുണ്ടായിരുന്നല്ലോ. അതെവിടെ?’. ഞാന്‍ പറഞ്ഞു: ‘അത് കട്ട് ചെയ്തു’. മോഹന്‍ലാല്‍ ചോദിച്ചു; ‘അതെന്താ ആ ഡയലോഗ് കട്ട് ചെയ്തത്?’

ഞാന്‍: അത് വേണ്ട
മോഹന്‍ലാല്‍: ഓ അത് വേണ്ടല്ലേ..ഉം..ശരി ഓക്കെ ഓക്കെ

മോഹന്‍ലാലിന്റെ മനസിന് മുറിവേറ്റെന്ന് ആ പറച്ചിലില്‍ നിന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് മോഹന്‍ലാലിന്റെ ആ ഡയലോഗ് മാറ്റേണ്ടി വന്നതാണ്. അത് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും അറിയാം. എസ് എന്‍ സ്വാമി എന്നോട് ചോദിച്ചു: ‘എടാ സാജാ അത് നമ്മള്‍ മാറ്റിയാല്‍? നല്ലൊരു ഡയലോഗല്ലേ അത്?’ ഞാന്‍ പറഞ്ഞു: ‘മമ്മൂട്ടി ഇങ്ങനെ പറഞ്ഞുകഴിഞ്ഞാല്‍ നമുക്ക് മാറ്റാതിരിക്കാന്‍ പറ്റുമോ?’. ‘ശരി നമുക്ക് മാറ്റാം’ എന്ന് എസ് എന്‍ സ്വാമിയും പറഞ്ഞു.

സത്യം പറഞ്ഞാല്‍ ഡയലോഗ് മാറ്റിയത് മോഹന്‍ലാലിന് മനസിന് വിഷമമുണ്ടാക്കിയെന്ന് എനിക്കറിയാം. പക്ഷെ മോഹന്‍ലാല്‍ അത് വളരെ ഡിപ്ലോമാറ്റിക് ആയി അത് കൈകാര്യം ചെയ്തു. മോഹന്‍ലാല്‍ സ്‌കോര്‍ ചെയ്യുമെന്ന് വിചാരിച്ചായിരിക്കും മമ്മൂട്ടി അത് പറഞ്ഞത്. അങ്ങനെ ആകണമല്ലോ. അങ്ങനെ അതൊഴിവാക്കി.

ഡബ്ബിങ്ങ് ചെയ്ത് കഴിഞ്ഞതിന് ശേഷം പോകാന്‍ നേരം മോഹന്‍ലാല്‍ ചോദിച്ചു. ‘ഓക്കെ, എല്ലാം കഴിഞ്ഞല്ലോ? ഓക്കെ ശരി’, ‘അപ്പോള്‍ നമ്മള്‍ തമ്മില്‍ ഇനി കാണില്ല കെട്ടോ’ എന്നൊരു വാക്കും പറഞ്ഞു.

ഞാനിക്കാര്യം മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് മോഹന്‍ലാല്‍ എന്ന നടനെ എനിക്ക് നഷ്ടപ്പെട്ടതെന്ന്. ആ ഒരൊറ്റ കാരണം കൊണ്ടാണ് എനിക്ക് മോഹന്‍ലാലിനെ നഷ്ടപ്പെട്ടത്. അതില്‍ എനിക്കൊരു സംശയവുമില്ല. എസ് എന്‍ സ്വാമിക്കും പ്രൊഡ്യൂസര്‍ക്കും അതറിയാം. ഞാന്‍ ആരോടും പറഞ്ഞില്ല.

രണ്ട് വര്‍ഷം മുന്‍പ് നാനയില്‍ പഴയ അനുഭവങ്ങളുടെ കൂട്ടത്തില്‍ ഈ സംഭവം പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇത് എന്തിനാണ് കുത്തിപ്പൊക്കുന്നതെന്ന് ചിന്തിച്ചെങ്കിലും. മമ്മൂട്ടിയും മോഹന്‍ലാലും എനിക്കിപ്പോള്‍ സുഹൃത്തുക്കളാണ്.

നാനയിലൂടെ ഇത് പറഞ്ഞതിന് ശേഷം ഞാന്‍ മമ്മൂട്ടിയെ പല പ്രാവശ്യം കണ്ടു. മമ്മൂട്ടി ഇക്കാര്യത്തേക്കുറിച്ച് ചോദിച്ചിട്ടില്ല. അത് വായിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ വായിച്ചിട്ടുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. എന്റെ വിഷമം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പറഞ്ഞില്ല. അത് എന്റെ കൂടെ തന്നെ ഇരിക്കട്ടേയെന്ന് കരുതി.”