കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായവുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്. മമ്മൂട്ടി അയച്ച സന്നദ്ധസംഘം തിങ്കളാഴ്ച്ച മുതല്‍ ദുരന്ത സ്ഥലത്ത് സജീവമാണ്. കൂട്ടിക്കലിലും പരിസര പ്രദേശത്തുമുണ്ടായ ദുരന്തം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അടിയന്തിരമായി അവിടെ പോകാനും നമ്മുടെ സഹജീവികള്‍ക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് നടന്റെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ അവിടെ എത്തിക്കാന്‍ മമ്മൂക്ക തന്നെ നേരിട്ട് ഇടപെട്ടു. ആലുവ രാജഗിരി ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ പിന്തുണ അറിയിച്ചിരുന്നു.
റോബര്‍ട്ട് കുര്യാക്കോസ്
ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശരോഗ വിദഗ്ധനുമായ ഡോ. സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയോടെ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തി. ഡോക്ടര്‍മാര്‍ കൂടാതെ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുമായി സംഘം മെഡിക്കല്‍ ക്യാംപ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മമ്മൂട്ടിയുടെ പിആര്‍ഒ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ദുരന്തവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ മമ്മൂട്ടി കൂട്ടിക്കലിലേക്ക് അയച്ചിരുന്നു. കുടിവെള്ളം സംഭരിക്കാനായി 150 വാട്ടര്‍ ടാങ്കുകള്‍ ആദ്യപടിയെന്ന നിലയില്‍ കോയമ്പത്തൂരില്‍ നിന്നെത്തിച്ചു. പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്‍പ്പെടെയുള്ള പുതിയ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിയ ആവശ്യവസ്തുക്കള്‍ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. കാനഡയിലെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ 50 ജലസംഭരണികള്‍ സംഭാവന ചെയ്തു. ഇപ്പോഴത്തെ സേവനങ്ങള്‍ അടിയന്തിര സഹായമെന്ന നിലയാണെന്നും കൂടുതല്‍ സഹായങ്ങള്‍ വരുംദിവസങ്ങളില്‍ ദുരിതബാധിതര്‍ക്ക് എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തേത്തുടര്‍ന്ന് 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ചെറുതും വലുതുമായ നൂറിലേറെ ഉരുള്‍പൊട്ടലുണ്ടായി. കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലുകളാണ് ജീവനെടുത്തത്. കൂട്ടിക്കള്‍ ടൗണ്‍, ചപ്പാത്ത് ഭാഗങ്ങളില്‍ കടകള്‍ ഒഴുകിപ്പോയി. പഞ്ചായത്തിലൂടെ കടന്നുപോകുന്ന മൂന്ന് പ്രധാന പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നു. (മുണ്ടക്കയം-ഇളംകാട്-വാഗമണ്‍ റോഡ്, ഏന്തയാര്‍-കൈപ്പള്ളി-പൂഞ്ഞാര്‍ റോഡ്, കൂട്ടിക്കല്‍-കാവാലി-ചോലത്തടം റോഡ്)വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 600 വീടുകളും 150 കടകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സജി അറിയിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് സംഭവിച്ച നാശത്തിന് കണക്കില്ലെന്നും സജി പറയുന്നു.
Also Read: ഹാര്‍ട് ടു ഹാര്‍ട്: കാല്‍നൂറ്റാണ്ടായി മമ്മൂട്ടി തുടരുന്ന നിശ്ശബ്ദ കരുതല്‍