അക്കിനേനിയുടെ ഏജന്റില്‍ പട്ടാള ഓഫീസറാകാന്‍ മമ്മൂട്ടി യൂറോപ്പിലേക്ക്; റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

അഖില്‍ അക്കിനേനി നായകനാകുന്ന സ്‌പൈ ത്രില്ലര്‍ ‘ഏജന്റില്‍’ അഭിനയിക്കാന്‍ മമ്മൂട്ടി യൂറോപ്പിലേക്ക്. ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഷൂട്ടിന്റെ ഭാഗമാകാന്‍ മമ്മൂട്ടി ബുധനാഴ്ച്ച യൂറോപ്പിലേക്ക് തിരിക്കും. നവംബര്‍ രണ്ട് വരെ യൂറോപ്പിലെ ചിത്രീകരണം തുടരും. ഏജന്റില്‍ മമ്മൂട്ടിക്ക് പ്രതിനായക വേഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് വേണ്ടി നടന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങുന്നതെന്നും വാര്‍ത്തയുണ്ട്.

നാഗാര്‍ജുന-അമല താരദമ്പതികളുടെ മകനായ അഖില്‍ ചാരന്റെ റോളിലാണ് എത്തുന്നത്. മാറ്റ് ഡാമന്‍ നായകനായെത്തിയ ബോണ്‍ ട്രയോളജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യ പ്രധാന വേഷത്തിലുണ്ട്.

അഖില്‍ അക്കിനേനി

‘സായ് റാ നരസിംഹ റെഡ്ഡി’, ‘കിക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ സുരേന്ദര്‍ റെഡ്ഡിയാണ് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുല്‍ ഹെരിയന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹിപ്പ് ഹോപ്പ് തമിഴയുടേതാണ് സംഗീതം. അദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൂട്ടിങ്ങ് നടക്കും. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് മമ്മൂട്ടിയടക്കമുള്ളവര്‍ ചേരുന്ന ഷെഡ്യൂള്‍.

മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷമണിഞ്ഞ തെലുങ്ക് ചിത്രം ‘യാത്ര’ (2019) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈ.എസ്.ആര്‍ ആന്ധ്രയിലൂടെ നടത്തിയ പദയാത്ര പ്രമേയമാക്കി മഹി വി രാഘവ് ആണ് യാത്ര സംവിധാനം ചെയ്തത്. വൈഎസ്ആറിന്റെ റോളിലേക്കുള്ള തങ്ങളുടെ ആദ്യ ചോയ്‌സ് തന്നെ മമ്മൂട്ടിയായിരുന്നെന്ന് മഹി വി രാഘവ് പറഞ്ഞിരുന്നു. അണിയറ പ്രവര്‍ത്തകരുടെ അഞ്ച് മാസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് മമ്മൂട്ടി യാത്രയുടെ ഭാഗമായത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ് ഭാഷകളിലായും ചിത്രം തിയേറ്ററുകളിലെത്തി. നിരൂപകരും സിനിമാ മേഖലയിലെ നിരവധി പ്രമുഖരും മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.