ഡൽഹി കലാപത്തിൽ ആദ്യ ശിക്ഷാ വിധി; വൃദ്ധയുടെ വീടുകത്തിച്ച ദിനേശ് യാദവിന്‌ അഞ്ചുവർഷം തടവ്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ യുവാവിന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് വിചാരണാക്കോടതി. വർഗീയ കലാപം, തീവെപ്പ്, നിയമവിരുദ്ധമായി സംഘംചേരൽ, ഭവനഭേദനം, കവർച്ച തുടങ്ങിയ കുറ്റങ്ങളിൽ ദിനേശ് യാദവ് എന്നയാളെയാണ് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്. 2020ൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിലെ ആദ്യ ശിക്ഷാവിധിയാണ് ഇത്.

വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിൽ താമസിച്ചിരുന്ന മനോരി എന്ന മുസ്‌ലിം സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്‌ത കലാപകാരികൾക്ക് നേതൃത്വം നൽകിയ ആളാണ് ദിനേശ്. 2020 ഫെബ്രുവരി 25നായിരുന്നു സംഭവം. മുന്നൂറോളം വരുന്ന സംഘം തന്റെ വീട് ആക്രമിക്കുകയും എരുമയെ ഉൾപ്പെടെ കൊള്ളയടിക്കുകയും ചെയ്‌തു എന്ന് മനോരി മൊഴിനൽകിയിരുന്നു.

വീട്ടിൽ മറ്റ് അംഗങ്ങൾ ഇല്ലാതിരുന്നപ്പോഴായിരുന്നു ആക്രമണം. വീടിന്റെ മുകളിൽ കയറി താഴേക്ക് ചാടി അയൽവീട്ടിൽ അഭയം തേടിയാണ് 73കാരിയായായ മനോരിയും മകളും പേരക്കുട്ടികളും ജീവൻ രക്ഷിച്ചത്. സുപ്രധാന രേഖകളും, പട്ടയവും, സ്വർണ-വെള്ളി ആഭരണങ്ങളും, പണവും, പാത്രങ്ങളും, വസ്ത്രങ്ങളും കൊള്ളയടിച്ച ശേഷമാണ് കലാപകാരികൾ വീടിന് തീയിട്ടത് എന്നാണ് കോടതി രേഖകൾ പറയുന്നത്. മനോരിയുടെ കുടുംബത്തിന്റെ ജീവിതമാർഗ്ഗമായിരുന്ന എരുമയും കാണാതെയായി.

മനോരി

“അക്രമിക്ക് ശിക്ഷ നൽകിയിരിക്കുന്നു. എന്നാൽ എനിക്ക് സന്തോഷിക്കാൻ വകയൊന്നുമില്ല. എന്റെ മകളുടെ കൈയ്യും പിടിച്ച് ഇട്ടിരുന്ന വസ്ത്രത്തിൽ ഇറങ്ങിയോടിയ ആ ദിനം ഇന്നും ഞാൻ ഓർക്കുന്നു. അന്ന് എല്ലാം ഞങ്ങൾക്ക് നഷ്‌ടമായി. കലാപകാരികൾ വീടിനുപുറത്ത് നിൽക്കുന്നതായി ഇപ്പോഴും ഞാൻ സ്വപ്‌നം കാണാറുണ്ട്. ആ ദിവസം സ്നേഹം മരിച്ചു, എന്റെ ഹൃദയം ഇന്നും വിങ്ങുകയാണ്,” എന്നാണ് ദിനേശ് യാദവിനെ കുറ്റക്കാരനായി വിധിച്ചതിൽ മനോരി പ്രതികരിച്ചത്.

2021 ആഗസ്റ്റിലായിരുന്നു ദിനേശിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഡിസംബറിൽ കുറ്റകാരനാണെന്ന് കണ്ടെത്തിയിരുന്നു. പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇരുപത്തിയഞ്ചുകാരനായ ദിനേശ് യാദവിനെതിരെ ചുമത്തിയത്. 12,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നയിച്ചിരുന്നവർക്കെതിരെ ബിജെപി നേതാവ് കപിൽ മിശ്ര കലാപാഹ്വാനം നടത്തിയതിന് പിന്നാലെ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 2020 ഫെബ്രുവരിയിൽ നടന്ന അക്രമണങ്ങളിൽ 53ലേറെപ്പേർ മരിക്കുകയും 700ന് മുകളിൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്ക്.

അടുത്തിടെ കലാപത്തിലെ മറ്റൊരു കേസ് പരിഗണിക്കവെ അക്രമം പെട്ടെന്നുണ്ടായതല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 690 എഫ്ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. രണ്ടായിരമാളുകളെ അറസ്റ്റ് ചെയ്‌തതിൽ പലർക്കും ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.