സ്വന്തം ജീവന്‍ കൊടുത്ത് രക്ഷിച്ചത് മൂന്ന് കുട്ടികളെ; മൊയ്തീനെ വീണ്ടുമോര്‍മിപ്പിച്ച് സഹീര്‍

സ്വന്തം ജീവന്‍ കൊടുത്ത് അപരനെ രക്ഷിച്ച മനുഷ്യരുടെ കൂട്ടത്തിലേക്ക് കോഴിക്കോട് വടകര സ്വദേശിയായ സഹീറും. കോഴിക്കാട് മാഹി കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് വടകര അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴെകുനി സഹീറിന് (40) ജീവന്‍ നഷ്ടമായത്.

വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മാഹി കനാലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍അകപ്പെട്ടു. ഒഴുക്കിനൊപ്പം നാല് മീറ്ററോളം ആഴവുമുള്ള ഭാഗത്താണ് അപകടമുണ്ടായത്. ഒഴുക്കില്‍പെട്ടവരുടെ ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സഹീര്‍ ഓടിയെത്തി. കനാലിലേക്ക് ചാടി മൂന്ന് കുട്ടികളേയും സഹീര്‍ കരയിലേക്ക് എത്തിച്ചു. അവസാനത്തെ കുട്ടിയേയും കരയിലേക്ക് അടുപ്പിച്ച ശേഷം സഹീര്‍ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സഹീറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് സഹീറിന്റെ മൃതദേഹം കണ്ടെത്തിയത്. മുന്‍പും കനാലില്‍ ഒഴുക്കില്‍ പെട്ടവരെ സഹീര്‍ രക്ഷിച്ചിട്ടുണ്ട്.

അപകടമുണ്ടായ സ്ഥലം

‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലൂടെ കൂടുതല്‍ പേര്‍ക്ക് പരിചിതനായ മുക്കം സ്വദേശി മൊയ്തീന്റെ ജീവിതാന്ത്യം കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് സഹീറിന് സംഭവിച്ച ദുരന്തം. 1982 ജൂലായ് 5ന് കോഴിക്കോട് മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയില്‍ ഉണ്ടായ ഒരു തോണിയപകടത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ചുഴിയില്‍ പെട്ടാണ് മൊയ്തീന്‍ മുങ്ങി മരിച്ചത്. പി. ടി. മുഹമ്മദ് സാദിഖ് എഴുതി മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ‘മൊയ്തീന്‍ കാഞ്ചനമാല, ഒരപൂര്‍വ്വ പ്രണയജീവിതം’ എന്ന പുസ്തകത്തില്‍ തോണിയപകടത്തേക്കുറിച്ച് വിവരിക്കുന്നുണ്ട്.

വെള്ളരിമലയില്‍ ഉരുള്‍ പൊട്ടിയതിനാല്‍ പുഴയില്‍ വെള്ളമുയര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. വള്ളം ചെരിഞ്ഞ് വെള്ളം കയറിയതോടെ തോണി മറിഞ്ഞു. കൈക്കുഞ്ഞുമായി വള്ളത്തില്‍ കയറിയിരുന്ന അയിശ എന്ന സ്ത്രീയേയും കുട്ടിയേയും മൊയ്തീന്‍ മറിഞ്ഞ തോണിയുടെ പുറത്ത് പിടിപ്പിച്ചു. തോണി തള്ളി കരയിലേക്ക് നീന്തി. അക്കരെയുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്ന് തോണി വലിച്ച് കരയ്ക്കടുപ്പിച്ചു. അയിശയുടെ രണ്ട് മക്കളും സഹോദരനും മൊയ്തീന്റെ മച്ചുനന്‍ ഉസ്സന്‍കുട്ടിയും ഒഴുക്കില്‍ പെട്ടിരുന്നു. മൊയ്തീന്‍ കരയില്‍ കയറാതെ തിരിച്ചുനീന്തി. അക്കരെയുണ്ടായിരുന്ന അമ്പലക്കണ്ടി ഗഫൂര്‍ എന്നയാള്‍ കരയിലേക്ക് കയറാന്‍ കൈ നീട്ടിയപ്പോള്‍ ‘എന്നെ നോക്കേണ്ട, ബാക്കിയുള്ളോരെ നോക്ക്’ എന്നാണ് മൊയ്തീന്‍ പറഞ്ഞത്. ഇതിനിടെ മൊയ്തീന്‍ ഒഴുക്കില്‍ പെട്ടു. ഗഫൂര്‍ എറിഞ്ഞുകൊടുത്ത കയര്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നതിന് മുന്നേ മൊയ്തീന്‍ തളര്‍ന്നിരുന്നു. പെട്ടെന്ന് മൊയ്തീന്‍ മുങ്ങിപ്പോയി. പിന്നെ പൊങ്ങി കൈ മേലോട്ട് ഉയര്‍ത്തി ‘ഉമ്മാ’ എന്ന് വിളിച്ചു. പിന്നെ മുങ്ങിപ്പോയി. മൂന്നാം ദിവസമാണ് മൊയ്തീന്റെ മൃതദേഹം കിട്ടിയത്. ഉസ്സന്‍കുട്ടിയുടെ ദേഹം നാലാം ദിവസം കണ്ടെത്തി. അയിശയുടെ മകന്‍ അംജത് മോനെ കണ്ടെത്താനായില്ല. അമ്പലക്കണ്ടി ഗഫൂറിനെ രാജ്യം ജീവന്‍ രക്ഷാപതക്കം നല്‍കി ആദരിച്ചു. മൊയ്തീന് മരണാനന്തരം ബഹുമതിയായും ജീവന്‍ രക്ഷാപതക്കം നല്‍കപ്പെട്ടു.

സഹീര്‍

മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയ ജീവിതം ആസ്പദമാക്കി ആര്‍. എസ്. വിമല്‍ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്തീന്‍’ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാര്‍വ്വതി തിരുവോത്തിന്റെ കാഞ്ചനമാലയും മൊയ്തീനായുള്ള പൃഥ്വിരാജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. എം ജയചന്ദ്രന്‍, രമേഷ് നാരായണ്‍, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷോട്ടുകള്‍ എഡിറ്റ് ചെയ്തത് മഹേഷ് നാരായണനാണ്. സായ് കുമാര്‍, ലെന, ടൊവീനോ തോമസ്, സുധീര്‍ കരമന എന്നിവരുടെ പ്രകടനവും പ്രശംസ നേടി.

Also Read: ‘കഥാപാത്രത്തിന്റെ ഒരു ശില്‍പമുണ്ടാക്കി അതിന് ജീവന്‍ നല്‍കുകയാണ് നടന്‍’; കുട്ടൂസന്‍ ആകുന്നതിനേക്കുറിച്ച് നെടുമുടി വേണു പറഞ്ഞത്