മണ്ഡൽ-കമണ്ഡൽ ചൂടുപിടിക്കുന്ന യുപി; രാഷ്ട്രീയക്കാറ്റ് അഖിലേഷിന് എതിരല്ലെന്ന് വിലയിരുത്തൽ

തെരഞ്ഞെടുപ്പടുത്ത ഉത്തർ പ്രദേശിൽ ജാതി രാഷ്ട്രീചർച്ചകൾ വീണ്ടും ശക്തമാകുന്നു. ബിജെപിയിൽ നിന്നുള്ള ഒബിസി മന്ത്രിമാരുടെ രാജിയും എംഎൽഎമാരുടെ സമാജ്‌വാദി പാർട്ടിയിലേക്കുള്ള കൂറുമാറ്റവും രാഷ്ട്രീയ നീക്കങ്ങളും പിന്നോക്ക ജാതിരാഷ്ട്രീയ ചർച്ചകൾ ചൂടുപിടിപ്പിക്കുന്നു. മണ്ഡൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ നീക്കങ്ങൾ രാഷ്ട്രീയഗതി എസ്‌പിക്ക് അനുകൂലമാക്കി മാറ്റാൻ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

പിന്നോക്ക-മുന്നോക്ക ജാതിരാഷ്ട്രീയം ഒരുപോലെ പയറ്റിയാണ് 2017ൽ ബിജെപി ഉത്തർ പ്രദേശ് പിടിച്ചെടുത്തത്. 2014മുതലുണ്ടായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒഴുക്കിലും സമാജ്‌വാദി, ബിഎസ്പി പാർട്ടികൾക്ക് പിടിച്ചുനിൽക്കാനായിരുന്നില്ല. എന്നാൽ 2022 എത്തുമ്പോൾ പിന്നോക്ക ജാതിരാഷ്ട്രീയം ശക്തമായ തുറുപ്പുചീട്ടാക്കി കളിക്കുകയാണ് അഖിലേഷ് യാദവ് എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അശുതോഷ് അഭിപ്രായപ്പെടുന്നത്.

മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെയും ദാരാ സിംഗ് ചൗഹാന്റേയും ബിജെപിയിൽ നിന്നുള്ള രാജി പിന്നോക്ക ജാതിക്കാർക്കിടയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും അത് എത്രമാത്രം സമർത്ഥമായി സമാജ്‌വാദി പാർട്ടി വിനിയോഗിക്കുന്നു എന്നത് നിർണയകമാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

മായാവതിയുടെ കോർ ടീം അംഗമായി പിന്നോക്ക രാഷ്ട്രീയം പയറ്റിത്തെളിഞ്ഞയാളാണ് സ്വാമി പ്രസാദ് മൗര്യ. പിന്നീട് ബിജെപിയിലേക്ക് പോയി കാബിനറ്റ് പദവി സ്വന്തമാക്കി. രാജി വെച്ചപ്പോഴും ജാതിരാഷ്ട്രീയം പറഞ്ഞാണ് പടിയിറങ്ങിയത്. നൂറ് മണ്ഡലങ്ങളിൽ സാന്നിധ്യമുള്ള മൂന്നാമത്തെ ഏറ്റവും വലിയ ഒബിസി വിഭാഗമാണ് മൗര്യ. വരാണസി ഉൾപ്പടെയുള്ള കിഴക്കൻ ഉത്തർ പ്രദേശിൽ പരന്നുകിടക്കുന്ന നോനിയ വിഭാഗക്കാരനാണ് ദാരാ സിംഗ് ചൗഹാൻ.

സഖ്യകക്ഷി നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം അഖിലേഷ് യാദവ്.

പിന്നോക്ക-മുന്നോക്ക വിഭാഗങ്ങളെ ഒരുമിച്ചു നിർത്തിയുള്ള ബിജെപിയുടെ ‘മണ്ഡൽ-കമണ്ഡൽ’ പരീക്ഷണങ്ങൾ പരാജയപ്പെടുന്ന സൂചനയാണ് നിലവിലെ വഴിത്തിരിവുകൾ എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ പ്രാൻശു മിശ്ര അഭിപ്രായപ്പെടുന്നത്. വികസന-ഹിന്ദുത്വ ചർച്ചകളിലേക്ക് തെരഞ്ഞെടുപ്പിനെ എത്തിക്കുക എന്ന ബിജെപി പദ്ധതിയെക്കാൾ ജാതിരാഷ്ട്രീയ സംവാദങ്ങളാണ് ഇപ്പോൾ ബലപ്പെടുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

എൺപതുകളിലെയും തൊണ്ണൂറുകളിലെയും രാമക്ഷേത്ര പ്രസ്ഥാനങ്ങൾക്ക് എതിർ ദിശയിൽ ഉത്തർ പ്രദേശിൽ കാൻഷിറാമിന്റെയും ബിഎസ്‌പിയുടെയും നേതൃത്വത്തിലും പിന്നീട് മുലായം സിംഗിലൂടെയും ബിഹാറിൽ ലാലു പ്രസാദ് യാദവിലൂടെയും ഉയർന്നുവന്ന പിന്നോക്ക രാഷ്ട്രീയം സമാനമായ ഉണർവിലേക്ക് നിലവിൽ പോകുന്നു എന്ന നിരീക്ഷണവും ശക്തമാണ്.

ജാട്ട് സമുദായ പിൻബലമുള്ള ആർഎൽഡി ഇപ്പോൾ സമാജ്‌വാദി പാർട്ടിയോടൊപ്പമാണ്. പടിഞ്ഞാറന്‍ യുപിയിൽ നിര്‍ണായക സ്വാധീനമുള്ള ജാട്ട് കര്‍ഷകര്‍ കാർഷിക നിയമങ്ങൾക്കെതിരെയായുള്ള സമരത്തിൽ മുന്നിലായിരുന്നു. ഓം പ്രകാശ് രാജ്ഭറിന്റെ മുൻ ബിജെപി സഖ്യകക്ഷി എസ്ബിഎസ്പിയും ഇപ്പോൾ അഖിലേഷ് പാളയത്തിലാണ്. ബിഎസ്‌പിയിലെ കരുത്തരായിരുന്ന റാം അചൽ രാജ്ഭറും ലാൽജി വർമയും കൂടെയുണ്ട്.

യാദവ പോലെയുള്ള വലിയ വിഭാഗങ്ങൾക്ക് പുറമെ ചെറിയ ഉപജാതി ഗ്രൂപ്പുകളും യുപിയിൽ കൂടുതൽ സജീവമായിട്ടുണ്ട്. ഈ ചെറുകിട പ്രാദേശിക കക്ഷികളുമായുള്ള ചർച്ചകളും അഖിലേഷ് സജീവമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ അനുകൂലമായാൽ എസ്‌പിയുടെ തിരിച്ചുവരവിന് കളമൊരുങ്ങും എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. എന്നാൽ ബിഎസ്‌പിയുടെയും കോൺഗ്രസിന്റെയും സ്വാധീനവും നിലപാടുകളുംകൂടി ചേർന്നതായിരിക്കും അന്തിമചിത്രം എന്നാണ് വിലയിരുത്തൽ.