സുന്ദരയ്ക്ക് നല്‍കിയ കോഴപ്പണത്തില്‍ ഒരു ലക്ഷം പൊലീസ് കണ്ടെത്തി; കെ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെയ്ക്കല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. കെ സുന്ദരയുടെ മൊഴിയിലുളള തെളിവുകള്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്. ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളും കൂടി എഫ്‌ഐആറില്‍ ചേര്‍ത്തേക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. കെ സുരേന്ദ്രന് പുറമേ സുന്ദരയുടെ മൊഴിയിലുള്ള മറ്റ് പ്രാദേശിക നേതാക്കളായ സുനില്‍ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി തുടങ്ങിയ ബിജെപി നേതാക്കളേക്കൂടി ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ക്കും.

കോഴപ്പണമായി ലഭിച്ച രണ്ടരലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പിച്ചെന്ന് കെ സുന്ദര മൊഴി നല്‍കിയിരുന്നു. വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷം രൂപ ചെലവഴിച്ചു. ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പിച്ചു. സുഹൃത്ത് ഇത് ബാങ്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നായിരുന്നു സുന്ദരയുടെ മൊഴി. അന്വേഷണസംഘം അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തുകയും ബാങ്ക് രേഖകള്‍ ശേഖരിക്കുകയും ചെയ്തു.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലെ പത്രിക പിന്‍വലിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനേത്തുടര്‍ന്ന് സുന്ദരയുടെ സ്മാര്‍ട് ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വാങ്ങിയെന്ന് കരുതുന്ന കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഹാര്‍ഡ് ഡിസ്‌കും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഫോണ്‍ വാങ്ങിയത് മാര്‍ച്ച് 21നാണെന്നാണ് സുന്ദര നല്‍കിയ മൊഴി. കടയിലെ ഹാര്‍ഡ് ഡിസ്‌കില്‍ കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഫോണ്‍ വാങ്ങാന്‍ വന്നയാളെ സമീപത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ നോക്കി മനസിലാക്കി. മായിപ്പാടി സ്വദേശിയായ ബിജെപി പ്രവര്‍ത്തകനാണ് നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ഫോണ്‍ വാങ്ങാനായി നീര്‍ച്ചാലില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍