‘പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നത്, സ്ത്രീകളെ അംഗീകരിക്കുന്നതാണ് ആണത്തം’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍. അഞ്ചാം പാതിരയിലെ ഡോ. അന്‍വര്‍ ഹുസൈന് ശേഷം മറ്റൊരു ശ്രദ്ധേയ പ്രകടനം. സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ മൈക്കിള്‍ തന്റെ അഭിനയ കരിയറിലെ ഒരു ഗിയര്‍ ഷിഫ്റ്റാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സിനിമയിലെ പ്രവീണ്‍ മൈക്കിളിനെപ്പോലെ ജീവിതത്തിലെ കുഞ്ചാക്കോ ബോബനും കൂറുമാറാത്തയാളാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സ്ത്രീകളെ അംഗീകരിക്കുന്നതാണ് ‘ആണത്തം’ എന്നും പേടിയുള്ളവരാണ് സ്ത്രീകള്‍ക്ക് ഇടം നിഷേധിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. കുഞ്ചാക്കോ ബോബന്‍ ദ ന്യൂസ്‌റപ്റ്റിന് നല്‍കിയ അഭിമുഖം.

തുടര്‍ച്ചയുള്ള അഭിനയം, മിതത്വം, Convincing Performance നായാട്ടിലെ താങ്കളുടെ പ്രകടനത്തേക്കുറിച്ച് സോഷ്യല്‍ മീഡിയ റിവ്യൂകളില്‍ കണ്ട ചില കീവേഡുകളാണ്. പ്രേക്ഷകരുടെ വിലയിരുത്തലിനെ എങ്ങനെ കാണുന്നു?

പ്രവീണ്‍ മൈക്കിളിനെ അവതരിപ്പിച്ചതിനേക്കുറിച്ച് പ്രേഷകര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞതിനെ ഒരു അനുഗ്രഹമായി കാണുന്നു. ഒരു ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും മാറി ഇത്തരങ്ങള്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അത് ആളുകള്‍ സ്വീകരിക്കുന്നു, ആ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതില്‍ തീര്‍ച്ചയായും സന്തോഷം. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്തൊക്കെയാകാന്‍ ശ്രമിക്കുന്നുണ്ടോ, അതിനുവേണ്ടിയുള്ള ആ യാത്രയില്‍ ജനങ്ങള്‍ കൂടെയുണ്ട് എന്നത് ആശ്വാസവും നല്‍കുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കില്ല, അല്ലെങ്കില്‍ എനിക്ക് ചേരില്ല എന്ന് കരുതുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് അവര്‍ അറിയുന്ന ഒരാളായി തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും ഞാന്‍ അതിന് പിന്നില്‍ ഒരുപാട് എഫര്‍ട്ട് എടുത്തിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്. ആ രീതിയിലുള്ള കഥാപാത്രങ്ങളും സിനിമകളും കഴിവുള്ള ഒരു പറ്റം പേരും കൂടെയുള്ളപ്പോള്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒരു പരിണാമമായിട്ടാണ് എനിക്കത് തോന്നിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ കുറച്ച് കൂടി എക്സൈറ്റിങ്ങ് ആയ, ആളുകളെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാനുള്ള പ്രേരണയാണ് പ്രവീണ്‍ മൈക്കിള്‍.

നായാട്ടിലെ ഒരു രംഗം

നായാട്ട് കണ്ട പലരേയും ഹോണ്ട് ചെയ്യുന്നത് പ്രവീണ്‍ മൈക്കിളിന്റെ വണ്ടിയില്‍ കയറിപോകുന്ന അവസാന സീനിലെ നോട്ടവും ഭാവവുമാണ്?

പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രം ഏത് തരത്തില്‍ ‘ഇമോട്ട്’ ചെയ്യപ്പെടണം. അതിന്റെ സൂക്ഷ്മഭേദങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണം എന്നതിനേപ്പറ്റി വളരെ വിസ്തരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ട് എപ്പോഴും പറയുമായിരുന്നു. പ്രവീണ്‍ മൈക്കിളിന്റെ പുരികത്തിന്റെ ചലനം പോലും ഇത്രയും വേണ്ട, ഇത്രയും മതി അല്ലെങ്കില്‍ കുറച്ചുകൂടി വേണമെന്ന് എന്ന പറയുന്നത്ര ഡീറ്റെയ്‌ലിങ്ങിലേക്ക് മാര്‍ട്ടിന്‍ പോകാറുണ്ടായിരുന്നു. ട്രെയിലറിന്റെ അവസാനം വെള്ളത്തില്‍ മുങ്ങി നിന്നുള്ള ആ നോട്ടത്തേക്കുറിച്ചും ഇതേ പോലെ അഭിപ്രായങ്ങള്‍ വന്നു. അതും സംവിധായകന്റെ മികവാണ്. കണ്ണുകള്‍ കൊണ്ട് എന്താണ് കാണിക്കേണ്ടത് എന്നതിനേക്കുറിച്ച് വളരെ വ്യക്തമായ ധാരണ മാര്‍ട്ടിനുണ്ടായിരുന്നു. ‘ആക്ട്’ ചെയ്യണ്ട എന്നാണ് മാര്‍ട്ടിന്‍ എന്നോട് ഒന്നാമത്തെ കാര്യമായി പറഞ്ഞത്. തരിപ്പും മരവിപ്പുമുള്ള ആ നോട്ടത്തിന്റെ പിന്നില്‍ തീര്‍ച്ചയായും ഒരു ടെക്‌നീഷ്യന്റെ പിന്‍ബലമുണ്ട്.

നായാട്ട് അവസാനിക്കുമ്പോള്‍ രണ്ട് തെരഞ്ഞെടുപ്പുകളാണ് ക്ലൈമാക്‌സായി സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലും പ്രവീണ്‍ മൈക്കിളിന്റെ മുന്നിലുമുള്ളത്. ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട ആളെന്ന നിലയില്‍ അയാള്‍ എന്താകും തെരഞ്ഞെടുത്തിട്ടുണ്ടാകുക?

സിനിമയുടെ രണ്ടാം പകുതിയില്‍ ജോജുവിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നത് നമുക്ക് കാണാം. ശാരീരികമായും മാനസികമായും അദ്ദേഹം ദുര്‍ബലനാകുകയാണ്. മണിയന്‍ മാനസികമായി ചെറുതായി പാളിപ്പോകുന്നുണ്ട്. പതുക്കെ പതുക്കെ സന്ദര്‍ഭത്തിന്റെ നിയന്ത്രണം പ്രവീണ്‍ മൈക്കിള്‍ ഏറ്റെടുക്കുന്നു. ആ മൊബൈല്‍ ഫോണ്‍ കിട്ടുന്ന അവസ്ഥ ഭീകരമാണ്. ഒരു ഇമോഷണല്‍ ബേഴ്‌സ്റ്റിനിടയില്‍ ആ ഫോണ്‍ കാണുകയും നൊടിയിടയില്‍ മനസാന്നിധ്യം വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട്. പ്രവീണ്‍ മൈക്കിള്‍ പര്യവസാനിക്കുന്നത് ഒരു സാധാരണക്കാരന് എന്താണ് നിത്യജീവിതത്തില്‍ സംഭവിക്കുന്നതെന്ന് വളരെ റിയലിസ്റ്റാക്കായി കാണിച്ചുകൊണ്ടാണ്. കൂറുമാറുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തിപരമായി പറയുകയാണെങ്കില്‍ ഇല്ലാ എന്ന് തന്നെയാണ്.

മണിയനോട് നീതി പുലര്‍ത്തുമോ?

തീര്‍ച്ചയായിട്ടും. ആദ്യം കൂറുമാറില്ലെന്ന് പറയുന്നത് സുനിതയാണ്. സുനിതയെ രക്ഷപ്പെടുത്താന്‍ പ്രവീണ്‍ അതിനോട് സമ്മതിച്ചേക്കാം എന്ന അവസ്ഥയില്‍ സുനിത ഉറച്ചുനില്‍ക്കുകയാണ്. അത് കാണുമ്പോള്‍ Praveen may go to the fight.

ജിവിതത്തിലും കുഞ്ചാക്കോ ബോബന്‍ ഇതുപോലെ കൂറുമാറാത്ത ഒരാളല്ലേ?

അങ്ങനെയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

കൂറുമാറാതിരിക്കുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം കൂറുമാറുമ്പോള്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകും. മുന്‍പോട്ട് പോക്കിനെ അത് പ്രതികൂലമായി ബാധിക്കില്ലേ?

അതിനേപ്പറ്റി ഞാന്‍ കൂടുതല്‍ ആലോചിട്ടില്ല. ആ സമയത്ത് മനസാക്ഷിയോടാണ് ഞാന്‍ കൂറ് പുലര്‍ത്താറുള്ളത്. മനസാക്ഷിയുടെ കോടതിയില്‍ നമുക്കെന്താണ് ബോധിപ്പിക്കാനുള്ളത്, അത് ശരിയാണെങ്കില്‍ ഞാന്‍ അത് ചെയ്യും. ആ രീതിയില്‍ എന്തൊക്കെ തടസങ്ങളുണ്ടായാലും ആത്യന്തികമായി സത്യം ജയിക്കും. അല്ലെങ്കില്‍ മനസാക്ഷിയുടെ കോടതിയില്‍ ധൈര്യത്തോടെ തലയുയര്‍ത്തി മുന്നോട്ട് നടക്കാം എന്നതിനായിരിക്കും മറ്റെന്തിനേക്കാളും കൂടുതല്‍ മൂല്യം കല്‍പിക്കുക.

Also Read: ‘ഞാന്‍ കൂറ് മാറാത്തവനാണ്’; എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍

25 വര്‍ഷമായി കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലുണ്ട്. രാഹുല്‍ ദ്രാവിഡിനെപ്പോലെയോ വിവിഎസ് ലക്ഷ്മണിനേപ്പോലെയോ മുട്ടി മുട്ടി ക്രീസില്‍ നിന്ന് ഇടയ്ക്ക് ഓരോ സിക്സര്‍ പറത്തി സ്ട്രൈക്ക് റേറ്റ് മെയ്ന്റെയ്ന്‍ ചെയ്യുന്നതായിരുന്നു താങ്കളുടെ ശൈലി. ട്വന്റി 20യുള്‍പ്പെടെ ഏത് ഫോര്‍മാറ്റും കളിക്കാനുള്ള തീരുമാനമാണോ?

ട്വന്റി ട്വന്റി ഫോര്‍മാറ്റ് പിടിച്ചുതുടങ്ങിയെന്ന് വേണമെങ്കില്‍ പറയാം. ഈ കാലത്ത് ടി20യ്ക്കാണ് പ്രേക്ഷകരുടെ സ്വീകാര്യത കൂടുതലുള്ളത്. എന്റര്‍ടെയ്ന്‍മെന്റ് വാല്യു അതിനനുസരിച്ച് കൂടുന്നുണ്ട്. ടെസ്റ്റ് കളിക്കുന്ന ശൈലിയില്‍ ഏകദിനം അല്ലെങ്കില്‍, ടി20 കളിച്ചിട്ട് കാര്യമില്ല. മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറാനായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വൈറസും അഞ്ചാം പാതിരയും നായാട്ടും സംഭവിക്കുന്നത്.

കുഞ്ചാക്കോയുടെ കൊച്ചുമകന്‍, ബോബന്‍ കുഞ്ചാക്കോയുടെ മകന്‍. ഉദയാ സ്റ്റുഡിയോ ഒരുപാട് സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയ ഒരു ലെഗസിയാണ്. അത് നേരില്‍ കണ്ട് വളര്‍ന്നതുകൊണ്ട് സ്റ്റാര്‍ഡം എന്ന സംഗതിയോട് ഒരു അഭിനിവേശം തോന്നാത്ത അവസ്ഥയുണ്ടോ?

ആയിരിക്കാം. ഒരു പരിധിവരെ ആ ചോദ്യം വളരെ പ്രസക്തമാണ്. സ്റ്റാര്‍ഡത്തില്‍ ഞാന്‍ വലുതായി വിശ്വസിച്ചിട്ടില്ല. അതില്‍ ഭ്രമിച്ചിട്ടുമില്ല. അനിയത്തിപ്രാവ് എനിക്ക് തന്നത് സ്വപ്നതുല്യമായ ഒരു സ്റ്റാര്‍ഡമായിരുന്നു. അതില്‍ ഞാന്‍ അങ്ങനെ മതിമറന്നിട്ടില്ല എന്നതാണ് സത്യം. ഞാന്‍ അഹങ്കരിച്ചിട്ടില്ല. എന്റെ കഴിവിന്റെ മഹാസംഭവമാണെന്ന് കരുതിയിട്ടില്ല. സ്റ്റാര്‍ഡം എന്റെ സിനിമാ പാരമ്പര്യം വെച്ച് അവകാശമായി കിട്ടേണ്ടതാണെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ പ്രവര്‍ത്തിച്ചിട്ടുമില്ല. സ്റ്റാര്‍ഡത്തേക്കാള്‍ ഉപരി തിരിച്ചുവരവില്‍ ഒരു നടനെന്ന നിലയില്‍ ഇവോള്‍വ് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. നല്ല സിനിമകള്‍ സംഭവിക്കുമ്പോള്‍ കൂടെ സ്റ്റാര്‍ഡവും വന്നേക്കാം. അതൊരു ആഡഡ് ബോണസാണ്.

ഉദയാ ലെഗസി കരിയറില്‍ ഒരു മുതല്‍ക്കൂട്ടായിട്ടുണ്ടോ?

ഞാന്‍ സിനിമയില്‍ വരാനുള്ള കാരണം ഉദയാ ലെഗസി തന്നെയാണ്. സിനിമയില്‍ നിന്ന് വിട്ട് മാറിനിന്നപ്പോള്‍ തിരിച്ചുവരാനുള്ള പ്രചോദനവും ഈ പാരമ്പര്യം തന്നെയാണ്. മലയാള സിനിമയെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാരമ്പര്യമാണ് ഉദയായ്ക്കുള്ളത്. മലയാളത്തിലെ ആദ്യത്തെ എണ്ണപ്പെട്ട ഒരുപാട് സിനിമകള്‍. ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജീവിതനൗക, മുസ്ലീം സാമുദായിക സിനിമയായ ഉമ്മ, ആദ്യത്തെ വിപ്ലവ സിനിമ, ആദ്യത്തെ വടക്കന്‍ പാട്ട്. ഏറ്റവും കൂടുതല്‍ വടക്കന്‍ പാട്ടുകള്‍. ആ ഒരു പാരമ്പര്യമുളള കുടുംബത്തില്‍ നിന്ന് വരുമ്പോള്‍ മലയാള സിനിമ തീര്‍ച്ചയായും എനിക്ക് സ്‌നേഹം തന്നിട്ടുണ്ട്. നല്ല സിനിമകള്‍ തിരികെ നല്‍കാനുള്ള സൗഭാഗ്യമാണ് ഇപ്പോഴുള്ളത്.

നടുവില്‍ മാലയിട്ടിരിക്കുന്നത് ഉദയാ സ്റ്റുഡിയോ സ്ഥാപകന്‍ കുഞ്ചാക്കോ

ഇടയ്ക്ക് ഒരു കാലഘട്ടത്തില്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നല്ലോ? അക്കാലത്ത് നവോദയ അപ്പച്ചന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു ‘അവന്‍ സിനിമയിലേക്ക് തന്നെ തിരിച്ചുവരും’ എന്ന്?

ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ഷോമാന്‍ ആണ് നവോദയ അപ്പച്ചന്‍. ആദ്യത്തെ ത്രീഡി ചിത്രം, ആദ്യത്തെ സിനിമാ സ്‌കോപ്പ്-70 എംഎം സിനിമകള്‍ വന്നത് നവോദയയില്‍ നിന്നാണ്. അദ്ദേഹം വന്നത് ഉദയായില്‍ നിന്നും. ഉദയാ-നവോദയാ കുടുംബത്തിന്റെ പാരമ്പര്യവും ജീനും അന്നും ഇന്നും എന്നും നിലനില്‍ക്കുമായിരിക്കും. അതുകൊണ്ട് തന്നെയാണ് സിനിമ ഇഷ്ടപ്പെടാതിരുന്ന ഞാന്‍ സിനിമയിലേക്ക് വരാനും വീണ്ടും തിരിച്ചുവരാനുമുള്ള കാരണങ്ങള്‍. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമാണ്. അദ്ദേഹം മനസിലാക്കിയിട്ടുള്ള കാര്യങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമുള്ള ഒരു വാചകമായിരിക്കും അത്. അത് അന്വര്‍ത്ഥമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്.

എന്നിട്ടും താങ്കള്‍ “I WASN’T BORN WITH A SILVER SPOON” എന്ന് ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി? എന്താണ് അങ്ങിനെ പറയാന്‍ കാരണം?

സിനിമയുടെ ഏറ്റവും നല്ല അവസ്ഥയിലൂടെയും ഏറ്റവും മോശം അവസ്ഥയിലൂടെയും കടന്നുപോയിട്ടുള്ള ഒരു കുടുംബമാണ് എന്റേത്. മോശം അവസ്ഥകളാണ് ചെറുപ്പകാലത്ത് ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ളത്. ആ കാര്യങ്ങളൊക്കെ ആയിരിക്കാം സ്റ്റാര്‍ഡം എന്നതിനേക്കാളുപരി സിനിമകളുടെ മറ്റ് മനോഹരമായ മേഖലകളിലേക്ക്, ഒരു നടന്‍ എന്ന രീതിയില്‍ കൂടുതല്‍ താല്‍പര്യത്തോടെ സിനിമയിലേക്ക് വരാനുള്ള കാരണം.

കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്കയെന്ന കഥാപാത്രം, ക്ഷയിച്ച് കടം കയറി നില്‍ക്കുന്ന തറവാട്. അതില്‍ ജീവിതാംശങ്ങളുണ്ടായിരുന്നോ?

ഒരു പരിധി വരെ തീര്‍ച്ചയായിട്ടും. ഒരുപാട് ചോക്ലേറ്റ് ഹീറോ, ക്യാംപസ് റോളുകള്‍ ചെയ്യുന്ന സമയത്ത് കുറച്ചുകൂടി കാമ്പുള്ള, ഇമോഷന്‍സുള്ള ഒരു കഥാപാത്രം കിട്ടിയത് കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്കയിലൂടെയാണ്. അത് ലോഹിതദാസ് എന്ന ശക്തനായ തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. അദ്ദേഹം ചിലപ്പോള്‍ ജീവിതത്തില്‍ നിന്ന് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള കാര്യങ്ങളായിരിക്കും. എന്റെ ജീവിതത്തില്‍ ഒരു പരിധിവരെ നടന്നിട്ടുള്ള സംഭവങ്ങളാണ് കസ്തൂരിമാനിലേത്. ഒരു വലിയ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്നാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. ഉദയായുടെ സിനിമാ ചരിത്രത്തില്‍ നിന്ന് നോക്കുകയാണെങ്കില്‍ എന്റെയൊരു അവസ്ഥയും ചെറുപ്പകാലത്ത് ഏതാണ്ട് അങ്ങിനെ തന്നെയായിരുന്നു. പേരും പ്രശസ്തിയുമുള്ള ഒരു ജീവിതം എന്നതിനപ്പുറം വളരെ ദുഷ്‌കരമായ ജീവിത അവസ്ഥകള്‍ ചുറ്റുപാടിലുമുണ്ടായിരുന്നു.

അമ്മ മോളിയോടൊപ്പം കുഞ്ചാക്കോ ബോബന്‍

ജീവിതത്തിലെ ഹീറോ അമ്മയാണെന്നാണ് താങ്കള്‍ പറയുന്നത്?

ഒരുപാട് ബുദ്ധിമുട്ടുകള്‍ വരുമ്പോഴും പുഞ്ചിരിച്ച മുഖത്തോടെ അവ നേരിട്ട് തരണം ചെയ്ത വ്യക്തിയാണ് അമ്മ. ചിരിക്കുന്ന മുഖത്തോടെ നില്‍ക്കുന്നയാള്‍ എന്നാണ് എന്നേക്കുറിച്ച് ആളുകള്‍ എപ്പോഴും പറയാറുള്ളത്. ഞാന്‍ കടന്നുവന്നിട്ടുള്ള അവസ്ഥകള്‍ അവരാരും കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല എന്നത് സത്യമാണ്. അത് എന്റെയീ ചിരിക്കുന്ന മുഖം കൊണ്ടായിരിക്കാം. ആ ക്വാളിറ്റി കണ്ടതും പഠിച്ചതും എന്റെ അമ്മയില്‍ നിന്നാണ്. എനിക്ക് ചാര്‍ത്തിത്തരുന്ന വിശേഷണങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്.

ബോബന്‍ കുഞ്ചോക്കോ അവസാനം നിര്‍മ്മിച്ച സിനിമ ഒരു പരാജയമായിരുന്നു. വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ താങ്കളുടെ പിതാവ് കൈയില്‍ നിന്ന് പണമെടുത്ത് നല്‍കിയതായി കേട്ടിട്ടുണ്ട്. അതിന്റെയെല്ലാം കടബാധ്യതകള്‍ താങ്കളുടെ തലയില്‍ വന്നിട്ടുണ്ടോ?

ഇല്ല. ഒരിക്കലുമില്ല. പക്ഷെ, ഐ ഹാഡ് ടു സ്റ്റാര്‍ട്ട് ഫ്രം സ്‌ക്രാച്ച്. അത് ഒരു തരലത്തില്‍ വലിയ അനുഭവം തന്നെയാണ്. എല്ലാവരും അങ്ങനെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മള്‍ സ്വന്തമായിട്ട് അധ്വാനിക്കുന്നതിന്റെ, സ്വന്തമായിട്ട് നേടിയെടുക്കുന്നതിന്റെ ത്രില്ലും സന്തോഷവും സംതൃപ്തിയും വേറെയാണ്. ആ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടുകളിലും കുറച്ചുകൂടെ ഒന്ന് പരുവപ്പെട്ടു. “A ROUGH SEA MAKES A GOOD SAILOR” എന്നാണ് പറയുക. ജീവിതത്തിലെ ആ കാലങ്ങള്‍ മുന്‍പോട്ടുള്ള വഴിയില്‍ തളരാതെ, പതറാതെ പോകാനുള്ള ധൈര്യവും ഊര്‍ജവും നല്‍കിയിട്ടുണ്ട്.

സെല്‍ഫ്‌മെയ്ഡ് മാന്‍ എന്ന അഭിമാനമുണ്ടല്ലേ?

സെല്‍ഫ്‌മെയ്ഡ് മാന്‍ എന്നതിലുപരി അങ്ങിനേ മാറ്റാനുള്ള ആളുകള്‍ ചുറ്റിലുമുണ്ടായിരുന്നു. അമ്മ, അമ്മൂമ്മ, അപ്പന്‍, അനിയത്തിമാര്‍, കൂടെ നില്‍ക്കുന്ന ഭാര്യ എല്ലാവരുമതില്‍ പിന്തുണച്ചിട്ടുണ്ട്.

സിനിമയില്‍ വന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കസ്തൂരിമാനിലൂടെ കലിപ്പനായ കുഞ്ചാക്കോ ബോബനെ കാണുന്നത്. ഇത്തരം കലിപ്പന്‍ കഥാപാത്രങ്ങള്‍ വഴങ്ങുമെന്ന് മുന്‍പ് തിരിച്ചറിഞ്ഞിരുന്നില്ലേ? പിന്നീടും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കൗട്ട ശിവന്‍ പോലുള്ള കഥാപാത്രങ്ങളെ കാണുന്നത്. എന്താണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നതില്‍ കുഞ്ചാക്കോ ബോബന്റെ മാനദണ്ഡം?

ഈ ചോക്ലേറ്റ് ഹീറോ ഇമേജും സ്റ്റാര്‍ഡവും എനിക്ക് ചാര്‍ത്തപ്പെട്ട് തന്നതാണ്. എനിക്ക് അവകാശപ്പെട്ടതായി തോന്നി പിടിച്ചുപറിച്ച് വാങ്ങിയതൊന്നുമല്ല. അത് അങ്ങനെ സംഭവിച്ചതാണ്. അതുപോലുള്ള ഒരു ചോക്ലേറ്റ് ഹീറോ ടാഗില്‍ ഞാന്‍ കോര്‍ണര്‍ ചെയ്യപ്പെട്ടു. അതില്‍ നിന്ന് മാറാനുള്ള മനപൂര്‍വ്വമായിട്ടുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതാണ് സത്യം. പിന്നീടുള്ള തിരിച്ചുവരവിലാണ് അങ്ങനെയൊരു ശ്രമമുണ്ടാകുന്നത്. ട്രാഫിക്കിലെ ഡോ. ഏബല്‍ തരിയന്‍, സീനിയേഴ്‌സിലെ റെക്‌സ് ഇമ്മാനുവല്‍, എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യുവിലെ രാജീവ്, കൗട്ട ശിവന്‍ എന്ന വളരെ ‘ലോക്കല്‍’ ആയിട്ടുള്ള കഥാപാത്രം, വൈറസിലെ ഡോ. സുരേഷ് രാജന്‍, അഞ്ചാം പാതിരയിലെ ഡോ. അന്‍വര്‍ ഹുസൈനും നായാട്ടിലെ പ്രവീണും വരെയുള്ള കഥാപാത്രങ്ങള്‍ ഈ ശ്രമത്തിന്റെ ഭാഗമാണ്.

എല്ലാത്തരം ഷേഡുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന ചിന്ത വന്ന് തുടങ്ങുന്നത് എപ്പോള്‍ മുതലാണ്?

ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന് തിരിച്ചുവന്ന ശേഷം. ഗുലുമാലില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഹ്യൂമര്‍ സ്വഭാവമുള്ള കഥാപാത്രമായിരുന്നു. ആ ഒരു സമയം മുതലാണ് കഥാപാത്രങ്ങളില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചു തുടങ്ങിയത്.

സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഫില്‍റ്ററിങ്ങ് നടത്താറുണ്ടോ?

ഒരേ രീതിയിലുള്ള സിനിമകളിലും ഒരേ ഷേഡുള്ള കഥാപാത്രങ്ങളിലും പെടാതിരിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. വേട്ടയിലെ മെല്‍വിന്‍ ഫിലിപ്പ്, ചിറകൊടിഞ്ഞ കിനാവുകളിലെ തയ്യല്‍കാരന്‍. രൂപത്തിലും ഭാവത്തിലും സംഭാഷണ ശൈലികളിലുമെല്ലാം അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംവിധായകര്‍ തന്നെ സഹായിച്ചിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്നീ ചിത്രങ്ങളില്‍ ലാല്‍ ജോസ് ആണ് രൂപഭാവത്തില്‍ ഇത്ര കടുത്ത മാറ്റങ്ങള്‍ വേണമെന്ന് നിര്‍ബന്ധിച്ചത്. ഡോ. ഏബലും വേട്ടയിലെ മെല്‍വിനും എങ്ങനെയായിരിക്കണമെന്നതിനേക്കുറിച്ച് കൃത്യമായ ധാരണ സംവിധായകനായ രാജേഷ് പിള്ളയ്ക്കുണ്ടായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിലേക്ക് വന്നാല്‍ യഥാര്‍ത്ഥ ജീവിത്തില്‍ ഒരിക്കലും ഞാന്‍ രാജീവിനേപ്പോലുള്ള കഥാപാത്രമല്ല. ഡബ്ബിങ്ങിന്റെ സമയത്ത് ഞാന്‍ റോഷന്‍ ആന്‍ഡ്രൂസിനോട് പറഞ്ഞു; ‘ഒരിക്കലും ഞാന്‍ ഇങ്ങനെയല്ല, ഞാനല്ല ഇത്’ . അങ്ങനെയെനിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായിട്ടും അത് കഥാപാത്രത്തിന്റേയും തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും മേന്മയാണ്. കഥാപാത്രങ്ങളിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലും ഇപ്പോള്‍ വ്യത്യസ്തയുണ്ട്. ആകെ സ്ഥിരതയുള്ളത് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിലാണ്.

വലിയ ചിറകുള്ള പക്ഷികള്‍

കുഞ്ചാക്കോ ബോബന്‍ എന്ന വ്യക്തിയെ വളരെ ജെന്റിലായിട്ടുള്ള ഒരാളായാണ് പ്രേക്ഷകരും ഇന്‍ഡസ്ട്രിയും കാണുന്നത്. രാഹുല്‍ ദ്രാവിഡിനെപ്പോലുള്ള ആ ജെന്റില്‍മാന്‍ ഫിഗര്‍ ബ്രാന്‍ഡിങ്ങ് കഥാപാത്രങ്ങള്‍ ലഭിക്കുന്നതിന് പരിമിതിയായിട്ടുണ്ടോ? ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കുഞ്ചാക്കോ ബോബന്‍ ചെയ്താല്‍ ശരിയാകുമോ എന്ന തോന്നല്‍?

പണ്ട് അങ്ങനെ തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷെ, ഇപ്പോളതില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. ഏതറ്റം വരെയും പോകാന്‍ പറ്റുന്ന കഥാപാത്രങ്ങളുമായി സംവിധായകരും തിരക്കഥാകൃത്തുകളും വരുന്നുണ്ട്. ഏറ്റവും എക്‌സൈറ്റിങ്ങ് ആയിട്ടുള്ള ആളുകളുടെ, പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറച്ചുകൂടി അപ്പുറത്തുള്ള കഥാപാത്രങ്ങള്‍ ഇനി സംഭവിക്കും. അതില്‍ എനിക്ക് നല്ല എക്‌സൈറ്റ്‌മെന്റുണ്ട്.

ഏത് ഷേഡുള്ള കഥാപാത്രം ചെയ്യാനാണ് ഇപ്പോള്‍ താല്‍പര്യം?

മുന്‍പ് ‘മാന്‍ലി’യായുള്ള കഥാപാത്രങ്ങളേക്കുറിച്ച് പറഞ്ഞല്ലോ. ഒരു ഇടിക്ക് പത്ത് പേര് തെറിച്ചുപോകുക. എന്നുള്ളതിനേക്കാള്‍ അപ്പുറം, ഒരു സ്ത്രീയെ അംഗീകരിക്കുക എന്ന് പറയുന്നതും മാന്‍ലിനെസ് ആണ്. മറ്റുള്ള ഒരാള്‍ക്ക് സ്‌പേസ് കൊടുക്കുക എന്നതും മാന്‍ലിനെസ് ആണ്. പേടിയില്ലാത്തതുകൊണ്ടാണ് നമ്മള്‍ സ്‌പേസ് കൊടുക്കുന്നത്. അതിനപ്പുറം വളറെ ക്ലീഷേയായിട്ടുള്ള മസില് പെരുപ്പിച്ച് ഇടിച്ച് തെറിപ്പിക്കലിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ തീര്‍ച്ചയായും എനിക്ക് ചെയ്യേണ്ടി വരും. ശാരീരികമായിട്ടുള്ള എന്റെ പരിമിതികള്‍ തീര്‍ച്ചയായും ഞാന്‍ മറികടക്കേണ്ടി വരും.

അതിന്റെയൊരു തുടക്കമാണ് പ്രവീണ്‍ മൈക്കിള്‍. നായാട്ട് ഒരു വടംവലി സ്വീക്വന്‍സിലാണ് ആദ്യം തുടങ്ങുന്നത്. പക്കാ പ്രൊഫഷണല്‍ വടംവലി ടീമിന്റെ കൂടെ, ശരിക്കും വടംവലി മത്സരം നടക്കുന്ന സാഹചര്യത്തിലാണ് അത് ഷൂട്ട് ചെയ്തത്. കൈയും കാലും മുട്ടും മുതുകും എല്ലാം തവിടുപൊടിയാണ്. ടോട്ടല്‍ ഡാമേജായിരുന്നു. രണ്ട് രാത്രികളിലായാണ് അത് ചിത്രീകരിച്ചത്. കഥ പറയുന്ന ഓര്‍ഡറില്‍ തന്നെയായിരുന്നു നായാട്ടിന്റെ 90 ശതമാനവും ഷൂട്ട് ചെയ്തത്. ഈ ഒരു സ്വീക്വന്‍സ് മാത്രം ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞെടുത്തു. വടംവലിക്കാരുടെ വലത്തൈ കൈയില്‍ വടം വലിച്ച് ഉരഞ്ഞ് അതിന്റെ പാടും തഴമ്പുമുണ്ടാകും. ആദ്യമതിന് മേക്കപ്പ് ഇട്ടിരുന്നു. വടംവലി ഷൂട്ട് ചെയ്തതോടെ അത് തൊടാന്‍ പറ്റാതെ വിണ്ട് വൃണമായി. കഥാപാത്രത്തിനും സിനിമയ്ക്കും വേണ്ടി അങ്ങനൊരു ശാരീരിക അദ്ധ്വാനമെടുത്തു. ഓഡ് വണ്‍ ഔട്ട് ആകാതിരിക്കാന്‍ ബൈസപ്‌സും മസിലുകളും പമ്പ് ചെയ്തു. ഡെയ്‌ലി വര്‍ക് ഔട്ട് ചെയ്തു. പതുക്കെപ്പതുക്കെയാണെങ്കിലും ആളുകള്‍ക്ക് അതിശയോക്തി തോന്നാതെ വളരെ നാച്ചുറലായിട്ടുള്ള കഥാപാത്രങ്ങള്‍ വികസിച്ചുവരുന്നത് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

മീശപിരി, മുണ്ട് മടക്കിക്കുത്ത് അടി, മാസ് മസാല പടങ്ങളോടും മാസ്‌കുലിന്‍ കഥാപാത്രങ്ങളോടും മുന്‍പ് ഇഷ്ടക്കുറവുണ്ടായിരുന്നോ?

ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നുള്ള സംശയമാണ് ഉണ്ടായിരുന്നത്. ആളുകള്‍ക്കിടയില്‍ ആ സംശയം മാറ്റണമെങ്കില്‍ ആദ്യം എന്റെ മനസിലുള്ള സംശയം മാറണം. അതിന് വേണ്ടി ശാരീരികമായും മുഴുകണം. ആളുകളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ശരീരവും മാറണം. അത് ആവശ്യപ്പെടുന്ന സിനിമയും കഥാപാത്രങ്ങളും ഉറപ്പായും ഞാന്‍ ചെയ്യും.

വേട്ടയിലെ ഒരു രംഗം

പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണ് സെലിബ്രിറ്റികള്‍, രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ നിര്‍ബന്ധിതരാകുന്ന ഒരു കാലമാണ്. ഒരു വിഷയം വന്നാല്‍ എന്തുകൊണ്ട് അതില്‍ പ്രതികരിക്കുന്നില്ല, നിലപാട് പറയുന്നില്ല എന്ന ചോദ്യം വരും. അങ്ങിനെ സമൂഹമാധ്യമങ്ങളിലൂടെ ‘പറയുന്ന’ ആളല്ല കുഞ്ചാക്കോ ബോബന്‍. ഡിമാന്‍ഡ് ചെയ്യുന്ന രീതിയോട് എന്താണ് അഭിപ്രായം?

അങ്ങനെ നിഷ്‌കര്‍ഷിക്കുന്നതുകൊണ്ട് എന്താണ് കാര്യം? ആളുകള്‍ അതില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും ഒരു സ്വകാര്യഇടമുണ്ട്. ഒരാളെ ഭീഷണിപ്പെടുത്തി വായില്‍ കോലിട്ട് ഇളക്കി അയാളെക്കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കുന്നതില്‍ നിന്നും എന്താണ് ലഭിക്കുക? അതിന് പകരം ചെയ്യാന്‍ പറ്റുന്ന എത്രയോ നല്ല കാര്യങ്ങളുണ്ട്. രാഷ്ട്രീയം പറയുന്നതിനേക്കാള്‍ ഉപരി മാനുഷികമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് എന്റെ പൊളിറ്റിക്‌സ്. മനുഷ്യനാകുക, മനുഷ്യത്വം കാണിക്കുക എന്നത്.

താങ്കളുടെ പിതൃസഹോദരനാണ് ജിജോ പുന്നൂസ്, ഇപ്പോഴത്തെ സിനിമാസ്വാദകരായ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം അദ്ദേഹത്തിനുണ്ട്. അദ്ദേഹം സജീവമായിരുന്നെങ്കില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറിയേനെ എന്ന് ചിന്തിക്കുന്നവര്‍. എന്താണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്?

എന്റെ അങ്കിളാണ്. അദ്ദേഹം മലയാള സിനിമയെ ഇതുവരെ കാണാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ്. മണിരത്‌നം പോലും ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ജീനിയസുകളിലൊരാളാണ് ജിജോ പുന്നൂസ് എന്ന്. അദ്ദേഹം തിരിച്ചുവരുമ്പോള്‍ ഏതൊരു മലയാളിയേയും പോലെയും എനിക്ക് സന്തോഷമുണ്ട്. ആ കുടുംബക്കാരനെന്ന നിലയില്‍ അഭിമാനവുമുണ്ട്. അത് വീണ്ടും സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ജിജോ പുന്നൂസ് മാറിനിന്നത് ഏറ്റവും നല്ലൊരു തിരിച്ചുവരവിന് വേണ്ടിയായിരിക്കാം. ആ ഒരു പ്രതീക്ഷയിലാണ് ഞാന്‍.

എന്തുകൊണ്ട് അദ്ദേഹം മാറി നിന്നു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുകയാണ്?

അത് അങ്ങനെ തന്നെ തുടരുന്നതല്ലേ നല്ലത്? ഞാന്‍ പറഞ്ഞല്ലോ ഓരോരുത്തര്‍ക്കും ഓരോ പേഴ്സണല്‍ സ്പേസുണ്ട്. ആ സ്പേസില്‍ ഞാന്‍ കയറി സംസാരിക്കേണ്ട കാര്യമില്ലല്ലോ. ബറോസിന്റെ ഷൂട്ട് തുടങ്ങുന്നതിന് വളരെ മുമ്പ് സിനിമയേപ്പറ്റി സംസാരിക്കാനുമൊക്കെയായി അദ്ദേഹം വീട്ടില്‍ വന്നിരുന്നു. ആ സമയത്തും ഞാന്‍ ചോദിച്ചിട്ടില്ല, എന്തുകൊണ്ട് മാറി നിന്നു, എന്തായിരുന്നു അതിന്റെ കാര്യം എന്നും. ഞങ്ങളുടെ സംസാരം സിനിമയും മറ്റ് വിഷയങ്ങളൊക്കെത്തന്നെയുമായിരുന്നു. മാറി നിന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു തീരുമാനമാണ്. അദ്ദേഹത്തിന്റെ ജീവിതമാണ്.

എന്തൊക്കെയാണ് പുതിയ പ്രതീക്ഷകള്‍?

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ദ്വിഭാഷാ ചിത്രമാണ്. ഒറ്റ്. മലയാളത്തിലും തമിഴിലുമായി. രണ്ടകം എന്നാണ് തമിഴിലെ പേര്. തീവണ്ടി സംവിധാനം ചെയ്ത ഫെല്ലിനിയാണ് സംവിധായകന്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യും ഒറ്റിന്റെ പ്രൊഡക്ഷനിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ഞാന്‍ ആദ്യമായി തമിഴിലേക്ക് പോകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ കൊമേഴ്‌സ്യല്‍ ബിഗ് ബജറ്റ് ചിത്രമാണ്. വളരെ സങ്കീര്‍ണമായ, റോ-റിയലിസ്റ്റിക് സിനിമ എന്നതിലുപരി എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന ഒരു ത്രില്ലര്‍.

തമാശ സംവിധാനം ചെയ്ത അഷ്‌റഫ് ഹംസ ചെയ്ത ‘ഭീമന്റെ വഴി’ എന്ന ചിത്രമാണ് ഇപ്പോള്‍ തീര്‍ത്തുവെച്ചിരിക്കുന്നത്. തിരക്കഥയും നിര്‍മ്മാണവും ചെമ്പന്‍ വിനോദാണ്. പ്രൊഡ്യൂസറായി ആഷിഖ് അബുവിന്റെ ഒപിഎം ഫിലിംസുമുണ്ട്. അതൊരു ലൈറ്റ് ഹാര്‍ട്ടഡ് ചിത്രമാണ്. കുറച്ച് തമാശകളും റൊമാന്‍സിലെ വഴക്കുകളും ആക്ഷേപഹാസ്യവുമുള്ള ഒരു ചിത്രമാണ് ഭീമന്റെ വഴി. വളരെ രസമുള്ള അനുഭവമായിരുന്നു. ഗിരീഷ് ഗംഗാധരനാണ് അതിന്റെ ക്യാമറ. വളരെ പ്രതീക്ഷയുള്ള സിനിമയാണ്.

പരമാവധി ഫ്‌ളൂയിഡ് ആകുക എന്ന തീരുമാനമെടുത്തിട്ടുണ്ടോ? ഏത് കഥാപാത്രവും ചെയ്യാനായി?

തീര്‍ച്ചയായിട്ടും. വെള്ളം പോലെ ആകണമെന്നാണ് ആഗ്രഹം. ഏത് പാത്രത്തിലും, ഏത് രൂപത്തിലും. വെള്ളത്തെ ദ്രാവകവും ഖരവും വാതകവും ആക്കാം. ഏത് രീതിയിലും മാറ്റപ്പെടാവുന്ന ഒരു ആക്ടറായി ഇവോള്‍വ് ചെയ്യണമെന്നാണ് ആഗ്രഹം.