തിരുവനന്തപുരം: അന്ധവിശ്വാസങ്ങളുടെ വിളനിലമായി മാറിയ മന്മോഹന് ബംഗ്ലാവ് ഇത്തവണ ഏറ്റെടുത്തിരിക്കുകയാണ് മന്ത്രി ആന്റണി രാജു. മന്ത്രിമാരെ വാഴിക്കില്ലെന്നാണ് ഔദ്യോഗിക വസതികളിലൊന്നായ മന്മോഹന് ബംഗ്ലാവിന് മേലുള്ള പ്രധാന അപവാദം. ഇവിടെ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ല എന്നുവരെ നീളുന്നു ഈ വിശ്വാസങ്ങള്‍.
ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു മന്മോഹന് ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഏറ്റെടുത്തത്. ഐസക്കിന് ഇത്തവണ മത്സരിക്കാന്‍ പോലും കഴിയാത്തത് ബംഗ്ലാവിന്റെ ‘സിദ്ധി’യാണെന്ന പ്രചാരണങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്.
ശ്രീമൂലം തിരുനാളിന്റെ കാലത്താണ് രാജകീയ പ്രൗഡിയോടെ ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. രാജ്ഭവന് തൊട്ടടുത്തായിട്ടാണ് ബംഗ്ലാവിന്റെയും സ്ഥാനം. തിരുവതാംകൂര്‍ മന്ത്രിസഭയുടെ കാലത്ത് മന്ത്രി പിഎസ് പിള്ളയ്ക്കായിരുന്നു മന്ത്രിയായി ബംഗ്ലാവില്‍ താമസിക്കാനുള്ള ആദ്യ നറുക്ക് വീണത്. എന്നാല്‍ പ്രതാപം അല്പം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മറ്റൊരു സ്ഥലത്ത് താമസിക്കുകയും ബംഗ്ലാവിനെ ഓഫീസായി ഉപയോഗിക്കുകയുമായിരുന്നു.
പിന്നീട് പൂഞ്ഞാറില്‍നിന്ന് എജെ ജോണ്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി 1952ല്‍ മന്മോഹന് ബംഗ്ലാവിലെത്തി. എന്നാല്‍, അതികം താമസിക്കാതെതന്നെ രണ്ട് കൊല്ലത്തിന് ശേഷം 1954ല്‍ എജെ ജോണ്‍ അധികാരത്തില്‍നിന്നും പുറത്തായി.
പിന്നീട് 1977 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായെത്തിയ കെ കരുണാകരന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മന്മോഹന് ബംഗ്ലാവായിരുന്നു ഔദ്യോഗിക വസതി. തൊട്ടടുത്ത മാസം ഏപ്രിലില്‍ കരുണാകരന് മന്ത്രിസഭ താഴെവീണു.
പിന്നെ ബംഗ്ലാവിന്റെ പടികയറി വന്നത് ആര് ബാലകൃഷ്ണപിള്ളയായിരുന്നു. 1982-ലെ കരുണാകരന് മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ ബാലകൃഷ്ണ പിള്ളക്ക് സഭയില്‍ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്ന് 1985 ജൂണ്‍ അഞ്ചിന് രാജി വക്കേണ്ടി വന്നു. ബംഗ്ലാവിന്റെ അപഖ്യാതിയും ഭാഗ്യദോഷവും മാറ്റാന്‍ പിള്ള വാസ്തുപൂജ ചെയ്തിട്ടായിരുന്നു മന്മോഹന് ബംഗ്ലാവിലെത്തിയതെങ്കിലും ‘ശനിയുടെ അപഹാരം’ വിട്ടൊഴിഞ്ഞില്ല.
2001ല്‍ എംവി രാഘവന് യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രായായി ബംഗ്ലാവില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി.
പിന്നീട് 2006ല്‍ വിഎസ് അച്യുതാന്ദന് സര്‍ക്കാരിന്റെ കാലത്ത് ബംഗ്ലാവ് ഏറ്റെടുക്കാന്‍ താന്‍ ഒരുക്കമാണെന്ന് അന്ന് ഇടതിനൊപ്പമായിരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിജെ ജോസഫ് അറിയിച്ചെങ്കിലും കോടിയേരി തടഞ്ഞു. ബംഗ്ലാവ് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഏറ്റെടുത്തു.
ഇതോടെ കോടിയേരിയുടെ ‘ശകുനവും തെറ്റി’യെന്ന പ്രചാരണം ചില കേന്ദ്രങ്ങളിലുണ്ട്. ബംഗ്ലാവിന്റെ ശാപമൊഴിവാക്കാന് കോടിയേരി ഗേറ്റിനും വീടിനും വാസ്തുശാസ്ത്രപ്രകാരം മാറ്റം വരുത്തിയെന്നും ഇതിനായി 17.40 ലക്ഷം രൂപ ചെലവിട്ടെന്നും ആരോപണമുയര്‍ന്നു. ഈ കണക്ക് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ അവതരിപ്പിച്ചതോടെ വിവാദങ്ങള്‍ക്ക് തീപാറി. ഇതോടെ രണ്ടുരമാസത്തെ മന്മോഹന് ജീവിതമവസാനിപ്പിക്കാന്‍ കോടിയേരിയും തീരുമാനിച്ചു. ബംഗ്ലാവിലെ അറ്റകുറ്റപ്പണി കൂടിപ്പോയെന്ന റിപ്പോര്‍ട്ടില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലുമായി.
തുടര്‍ന്ന് അതേവര്‍ഷം നവംബറില്‍ പൊതുമരാമത്ത് മന്ത്രി ടിയു കുരുവിള ഭാഗ്യപരീക്ഷണത്തിന് സ്വയം ഉഴിഞ്ഞുവെച്ച് മന്മോഹന് ബംഗ്ലാവില്‍ താമസം തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് 2007 സെപ്തംബറില്‍ ഭൂമിയിടപാടിലെ ക്രമക്കേടില്‍ കുരുങ്ങി കുരുവിളയ്ക്കും മന്ത്രിക്കസേര തെറിച്ചു.
പകരം വന്ന മോന്‍സ് ജോസഫിനായിരുന്നു അടുത്ത ഊഴം. പതിവ് തെറ്റിയില്ല, പിജെ ജോസഫ് ആരോപണങ്ങളൊഴിഞ്ഞ് തിരിച്ചെത്തിയതോടെ മോന്‍സ് മന്ത്രിസ്ഥാനമൊഴിഞ്ഞ് നല്കി മന്മോഹന് ബംഗ്ലാവിനോട് വിട പറഞ്ഞു.
പിജെ ജോസഫ് സധൈര്യം ബംഗ്ലാവില്‍ താമസം തുടങ്ങിയെങ്കിലും രാശിക്കൊപ്പം രാഷ്ട്രീയവും വിനയായി. താമസം തുടങ്ങി മൂന്നാം വര്‍ഷം 2010ല്‍ ജോസഫ് മന്ത്രിസ്ഥാനമൊഴിഞ്ഞും മന്മോഹനെ ഉപേക്ഷിച്ചും മുന്നണിവിട്ട് യുഡിഎഫിലേക്ക് ചേക്കേറി. പകരക്കാരനായെത്തിയ വി സുരേന്ദ്രന് പിള്ളയാവട്ടെ, താന്‍ മന്മോഹന് ബംഗ്ലാവിലേക്കില്ലെന്ന് ആദ്യമേ അറിയിച്ചു. ബംഗ്ലാവിനെ ക്യാമ്പ് ഓഫീസായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.
2011ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍നിന്ന് ആര്യാടന് മുഹമ്മദ് സ്വയം സന്നദ്ധനായി ബംഗ്ലാവ് ഏറ്റെടുത്തു. സോളാര്‍ വിഷയത്തില്‍ ആര്യാടന്റെ കസേര ആടിയിളകിയപ്പോള് ‘മന്‍മോഹനിലേക്ക്’ സംശയത്തിന്റെ ആദ്യദൃഷ്ടി പതിച്ചെങ്കിലും ‘അരുതാത്തതൊ’ന്നുമുണ്ടായില്ല. ആര്യാടന് വര്‍ഷം അഞ്ചും തികച്ചു.
2016ല്‍ ആദ്യഘട്ടത്തില്‍ ആരുമേറ്റെടുക്കാനില്ലാതിരുന്ന ബംഗ്ലാവിലേക്ക് രാശി ബാധിക്കാതെ തോമസ് ഐസക് എത്തി. ഐസക്കും കൊല്ലം അഞ്ചും തികച്ചു.
ഇപ്പറയുന്ന അനിശ്ചിതത്വങ്ങളും രാഷ്ട്രീയ അസ്ഥിരതയും വനവാസവുമെല്ലാം മറ്റുപലര്‍ക്കുമുണ്ടായിട്ടുണ്ട്. മന്ത്രിമാരില്‍ പലരും സ്ഥാനവും ഔദ്യോഗിക വസതികളും ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍, മന്മോഹന് ബംഗ്ലാവില്‍ താമസിച്ചവരുടെ രാഷ്ട്രീയ കരിയറില്‍ സംഭവിച്ച അനിശ്ചിതത്വങ്ങള്‍ക്ക് എന്തുകൊണ്ടോ മന്മോഹന് ബംഗ്ലാവിനെ എളുപ്പം പഴിചാരുന്നു.