കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന രതീഷിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനത്തിലെത്തിയത്.
രതീഷിന്റെ മൃതദേഹത്തിലുണ്ടായിരുന്ന പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസമുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ചതാണെന്നും പൊലീസ് പറയുന്നു. രതീഷിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് രണ്ട് മാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലേക്കെത്തിയിരിക്കുന്നത്. കേസിലെ കൂട്ടുപ്രതികളുടെ മൊഴിയും സാഹചര്യത്തെളിവുകളും രതീഷിന്റെ സുഹൃത്തുക്കളും ഫൊറന്സികും നല്കിയ വിവരത്തില്‍ ആത്മഹത്യ തന്നെയാണെന്ന സൂചനകളാണുള്ളതെന്നാണ് പൊലീസ് അറിയിക്കുന്നത്.
മന്‍സൂര്‍ വധത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഒളിവിലായിരുന്ന രതീഷിനെ വളയത്തെ കശുമാവിന് തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെടുത്തതും ശരീരത്തിലുണ്ടായിരുന്ന പരിക്കുകളും രതീഷിന്റെ മരണത്തില്‍ ദുരൂഹത നിറച്ചിരുന്നു. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയമായിരുന്നു ഉയര്‍ന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയ
ഡോക്ടര്‍മാരും ശരീരത്തിലെ പരിക്കുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
തുടര്‍ന്ന് രതീഷിന്റെ മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ചുമതല നല്‍കുകയായിരുന്നു. രതീഷിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപ്പേരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.