കണ്ണൂര്‍: കൂത്തുപറമ്പ് പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ട നിലയില്‍. പ്രതി പിപി ജാബിറിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.
വീടിന്റെ പിന്‍ഭാഗത്താണ് തീയിട്ടത്. വീടിന്റെ ഒരുഭാഗവും നാനോ കൂറും സ്കൂട്ടറും കത്തിനശിച്ചിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നില്‍ മന്‍സൂര്‍ കൊലപാതകത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയാണ് ജാബിര്‍. വള്ളുവകണ്ടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമാണ്. നിലവില്‍ ജാബിര്‍ ഒളിവിലാണ്. കേസിലെ രണ്ടാംപ്രതി രതീഷിനെ സംഭവശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതിപ്പട്ടികയിലുള്ള സിപിഐഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മറ്റി അംഗം നാസര്‍, ഇബ്രാഹിം എന്നിവരും ഒളിവിലാണ്. കേസില്‍ എട്ടുപ്രതികളെയാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനായിരുന്നു മുസ്ലിം ലീഗ് ചപ്രവര്ത്തകനായിരുന്ന മന്‍സൂറിനെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കാല്‍മുട്ടിലേറ്റ ആഴത്തിലുള്ള മുറിവില്‍നിന്ന് രക്തം വാര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ ഉണ്ടായ മുറിവാണ് ഇതെന്നാണ് നിഗമനം.