ഈ ഓണത്തിന് മരക്കാറുണ്ടാവും; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം റിലീസ് മുടങ്ങുകയായിരുന്നു.

ഇപ്പോള്‍ രണ്ടാം ലോക്ക്ഡൗണ്‍ അവസാനിച്ച് പതുക്കെ ജനജീവിതം അതിന്റെ തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇക്കുറി ഓണത്തിന് തിയ്യേറ്റുകളില്‍ മോഹന്‍ലാലിന്റെ മരക്കാറുണ്ടാവും.

ആഗസ്ത് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ധിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍ ഇങ്ങനെ

സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു…