പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിന് വിറ്റത് 90-100 കോടി രൂപയ്ക്കാണെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് കിട്ടിയ തുകയുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും രാജ്യത്ത് ഇതുവരെ നടന്ന ഡയറക്ട് ഒടിടി കരാറുകളില്‍ ഏറ്റവും വലിയ തുകയുടെ ഇടപാട് ആയിരിക്കാം ഇതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
90 കോടിയോളം രൂപയാണ് മരക്കാറിന്റെ നിര്‍മ്മാണച്ചെലവായി കണക്കാക്കപ്പെടുന്നത്. കലാസംവിധാനത്തിലൂടേയും വസ്ത്രാലങ്കാരത്തിലൂടേയും 16-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലം പുനഃസൃഷ്ടിച്ചതിനൊപ്പം ബോളിവുഡില്‍ നിന്നടക്കമുള്ള താരനിരയും ചിത്രത്തിന്റെ ബജറ്റ് ഉയര്‍ത്തി. മോഹന്ലാലിനേക്കൂടാതെ മഞ്ജു വാര്യര്‍, നെടുമുടി വേണു, സുനില്‍ ഷെട്ടി, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, പ്രഭു, കല്യാണി പ്രിയദര്ശന്, അശോക് ശെല്വന്, സുഹാസിനി, മുകേഷ്, സുദീപ്, പ്രണവ് മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. കുഞ്ഞാലി മരയ്ക്കാറുടെ കടല്‍ യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചത് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ 200 മീറ്റര്‍ വീതിയും നീളവുമുള്ള ടാങ്ക് കെട്ടി വെള്ളം നിറച്ചാണ്. പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍ മരക്കാറിന് വേണ്ടി നിര്‍മ്മിച്ച വലിയ കപ്പലും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി വന്‍ തുക ചെലവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെയധികം പണം കളക്ട് ചെയ്താല്‍ മാത്രമേ തനിക്ക് മരക്കാര്‍ മുതലാകൂ എന്ന് ആന്റണി പെരുമ്പാവൂര്‍ ആവര്‍ത്തിച്ചിരുന്നു. നഷ്ടം വരാതിരിക്കാന്‍ 220-230 തിയേറ്ററുകളില്‍ മൂന്നാഴ്ച്ച സ്ക്രീനിങ്ങ് നടത്തേണ്ടിയിരുന്നെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുകയുണ്ടായി.
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിലൂടെ വലിയ ലാഭമൊന്നും കിട്ടുന്നില്ലെന്ന് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള പ്രതികരിച്ചിരുന്നു. കൊവിഡ് ഭീഷണി താരതമ്യേന കുറഞ്ഞെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്റെ ഓഫര്‍ സ്വീകരിച്ചതെന്ന് നിര്‍മ്മാതാവ് പറഞ്ഞു. നിലവിലെ സാഹചര്യം മൂലം തിയേറ്ററില്‍ നിന്നും സംഭവിക്കാവുന്ന വരുമാന നഷ്ടത്തിന്റെ ആഘാതം പരിഹരിക്കുന്ന ഒരു സേഫ്റ്റി വാല്‍വാണ് ഡയറക്ട് ഒടിടി റിലീസ്. ഒരര്‍ത്ഥത്തില്‍ ലൈഫ് ലൈന്‍ തന്നെയാണിതെന്നും സഹ നിര്‍മ്മാതാവ് പ്രതികരിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ‘ദൃശ്യം 2’ വലിയ ലാഭം ആശിര്‍വാദ് സിനിമാസിന് നേടിക്കൊടുത്തിരുന്നു. 20 കോടിയോളം രൂപയായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രത്തിന്റെ ബജറ്റ്. ആമസോണ്‍ ദൃശ്യം രണ്ടാം ഭാഗം വാങ്ങിയത് 30 കോടിക്കാണെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ടി വി സംപ്രേഷണാവകാശം വിറ്റുപോയതും വലിയ തുകയ്ക്കാണ്. 15 കോടി രൂപയ്ക്കാണ് ഏഷ്യാനെറ്റ് ദൃശ്യം 2 വാങ്ങിയത്. ഒടിടിക്ക് വിറ്റ തുക കൂടാതെ മരക്കാറിന്റെ സാറ്റലൈറ്റ് റൈറ്റിലൂടേയും ആന്റണി പെരുമ്പാവൂരിന് വലിയ തുക ലഭിച്ചേക്കും.
മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് മരക്കാര്‍ നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’, ഷാജി കൈലാസ് ഒരുക്കുന്ന ‘എലോണ്‍’, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വല്‍ത് മാന്‍’ എന്നിവയും ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രവും നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ബോക്സിങ്ങ് ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ ‘എമ്പുരാന്’ എന്നിവയുടെ റിലീസിനേക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വ്യക്തമായി പ്രതികരിച്ചില്ല. ബ്രോ ഡാഡി, ട്വല്‍ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഡിസ്നി ഹോട് സ്റ്റാറിലാണ് റിലീസ് ചെയ്യുക.