ഏത് വലിയ നടനായാലും വന്ന വഴി മറക്കരുതെന്ന് ഫിയോക്; വാക്ക് മാറ്റിയത് തിയേറ്ററുടമകളെന്ന് സിയാദ് കോക്കര്‍

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യിക്കാനുള്ള നീക്കത്തിനിടെ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഏത് വലിയ നടനും ഒരു താരമാകുന്നത് തിയേറ്റര്‍ വഴിയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് കെ വിജയകുമാര്‍ പ്രതികരിച്ചു. സിനിമാ തിയേറ്റര്‍ ഇല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഒരു നിലനില്‍പ് ഉണ്ടാകുമായിരുന്നോ? രണ്ടുവര്‍ഷം തുടര്‍ച്ചയായി ഇവരുടെയൊന്നും മുഖം തിയേറ്ററില്‍ വന്നില്ല എന്നുണ്ടെങ്കില്‍ പ്രേക്ഷകര്‍ അവരെ മറന്നുപോകും. മറ്റാരെങ്കിലും ആ സ്ഥാനം കയ്യടക്കും. ആരും വന്ന വഴി മറക്കാന്‍ പാടില്ലെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ വിജയകുമാറിന്റെ പ്രതികരണം.

ഏതു വലിയ നടനായാലും തിയേറ്ററിന്റെ ആരവത്തോടെയും പ്രോത്സാഹനത്തിലൂടെയുമാണ് താരസിംഹാനത്തില്‍ എത്തുന്നത്. അത് അവര്‍ വിസ്മരിക്കാന്‍ പാടില്ല.

കെ വിജയകുമാര്‍

കഴിഞ്ഞ ഓണസമയത്ത് 50 ശതമാനം പ്രവേശനം വെച്ച് തിയേറ്റര്‍ തുറന്നപ്പോള്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതാണ്. അതിനേക്കാള്‍ നല്ല സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒടിടിയില്‍ ഡിമാന്‍ഡ് ഇല്ലാത്തതുകൊണ്ടല്ല അന്യഭാഷാ താരങ്ങള്‍ ഒടിടിയിലേക്ക് പോകാത്തത്. അല്ലു അര്‍ജുന്‍, വിജയ്, രജനീകാന്ത്, ചിരഞ്ജീവി ഇവരൊക്കെ വന്‍ ഡിമാന്‍ഡ് ഉള്ള താരങ്ങളാണ്. തിയേറ്ററുകളോടും സ്വന്തം പ്രേക്ഷകരോടുമുള്ള കടപ്പാടുകൊണ്ടാണ് അവരുടെ സിനിമകള്‍ ഒടിടിക്ക് കൊടുക്കാത്തതെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം

പ്രതിഷേധങ്ങള്‍ക്കിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ രംഗത്തെത്തി. വാക്കു നല്‍കിയിട്ട് പാലിക്കാതിരുന്നത് തിയേറ്ററുടമകളാണെന്ന് സിയാദ് കോക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരക്കാറിന്റെ ഒടിടി റിലീസിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ഒരു സിനിമ എങ്ങനെ റിലീസ് ചെയ്യണമെന്നുള്ളത് നിര്‍മ്മാതാവിന്റെ താല്‍പര്യമാണ്. 200 തിയേറ്ററില്‍ മിനിമം റണ്ണിനുവേണ്ടി കാത്തിരുന്ന ആളാണ് ആന്റണി പെരുമ്പാവൂര്‍. പക്ഷെ, എന്റെ അറിവില്‍ 86 തിയേറ്ററുകളുടെ എഗ്രിമെന്റ് മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. തിയേറ്ററുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ആന്റണി പെരുമ്പാവൂര്‍ എന്താണ് ചെയ്യേണ്ടിയിരുന്നതെന്നും സിയാദ് കോക്കര്‍ ചോദിച്ചു.

മരക്കാര്‍ സ്‌ക്രീനിങ്ങിന് 80 തിയേറ്ററുകള്‍ മാത്രമേ ആന്റണിക്ക് എഗ്രിമെന്റ് ചെയ്തുകൊടുക്കൂ എന്ന് പറഞ്ഞതായുള്ള ആരോപണം ശരിയല്ലെന്ന് ഫിയോക് പ്രസിഡന്റ് പ്രതികരിച്ചു. 80 തിയേറ്റര്‍ വരെ ചര്‍ച്ച എത്തിയപ്പോള്‍ ഓണത്തിന് പടം റിലീസ് ചെയ്യാന്‍ കഴിയില്ല എന്ന് തീര്‍ച്ചയായി. മൂന്ന് ആഴ്ച്ച മുന്‍പ് തന്നെ എഗ്രിമെന്റ് ഒപ്പിടലും നിര്‍ത്തിയിരുന്നു. അല്ലെങ്കില്‍ എല്ലാ തിയേറ്ററുകാരും മിനിമം റണ്‍ കൊടുത്തേനെ. കരാര്‍ ഒപ്പിടാത്തതുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടിയിലേക്ക് പോകുന്നതെന്നൊക്കെ പറയുന്നത് ബാലിശമാണെന്നും ഫിയോക് കൂട്ടിച്ചേര്‍ത്തു.

മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ഡയറക്ട് ഒടിടി റിലീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി. 50 ശതമാനം പ്രവേശനം വെച്ച് തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ലാഭകരമാകുമോ എന്നതില്‍ ആശങ്കയുണ്ട്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുകയുണ്ടായി.