‘മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും’; ഈ വ്യവസായം നിലനില്‍ക്കാന്‍ മെഗാ സ്റ്റാര്‍ ചിത്രങ്ങള്‍ ആദ്യം തിയേറ്ററിലെത്തണമെന്ന് സര്‍ക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നെന്ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.

മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തിയേറ്ററുകളിലാണ്. ഈ വ്യവസായം നിലനില്‍ക്കേണ്ടത് ആവശ്യമാണ്.

സജി ചെറിയാന്‍

ഒടിടി പ്ലാറ്റ്‌ഫോം സാധ്യതകളേക്കുറിച്ച് ആലോചിക്കേണ്ടത് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമാണെന്ന് മന്ത്രി പറഞ്ഞു. മരക്കാറിന്റെ റിലീസിനേക്കുറിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച ചെയ്യേണ്ടതില്ല. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് മന്ത്രി ആവര്‍ത്തിച്ചു. തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരക്കാര്‍ റിലീസ് അനിശ്ചിതത്വം തുടരുന്നതിനിടെ അന്തിമതീരുമാനത്തിലെത്താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. റിലീസ് കഴിഞ്ഞ് ആദ്യ മൂന്ന് ആഴ്ച്ചത്തേക്ക് പരമാവധി തിയേറ്റര്‍ നല്‍കണമെന്ന ആന്റണി പെരുമ്പാവൂരിന്റെ ആവശ്യമടക്കം യോഗം ചര്‍ച്ച ചെയ്യും. തിയേറ്റര്‍ ഉടമകളില്‍ നിന്നും മുന്‍കൂറായി വാങ്ങിയ തുക ആന്റണി പെരുമ്പാവൂര്‍ തിരിച്ച് നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ പേരില്‍ തങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാങ്ങിയതും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിത്രം ഒടിടി റിലീസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ ഫിലിം ചേംബര്‍ നിലപാടെടുത്തിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ മരക്കാര്‍ ഒടിടി റിലീസിന് നല്‍കരുതെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. തിയേറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരമാണ് ഫിലിംചേംബറിന്റെ ഇടപെടല്‍. ഇക്കാര്യത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും മോഹന്‍ ലാലുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ചര്‍ച്ച നടത്തും.

മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യിക്കാനുള്ള നീക്കത്തിനിടെ ഫിയോക് മോഹന്‍ലാലിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഏത് വലിയ നടനും ഒരു താരമാകുന്നത് തിയേറ്റര്‍ വഴിയാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് കെ വിജയകുമാര്‍ പ്രതികരിച്ചു. സിനിമാ തിയേറ്റര്‍ ഇല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഒരു നിലനില്‍പ് ഉണ്ടാകുമായിരുന്നോ? രണ്ടുവര്‍ഷം തുടര്‍ച്ചയായി ഇവരുടെയൊന്നും മുഖം തിയേറ്ററില്‍ വന്നില്ല എന്നുണ്ടെങ്കില്‍ പ്രേക്ഷകര്‍ അവരെ മറന്നുപോകും. മറ്റാരെങ്കിലും ആ സ്ഥാനം കയ്യടക്കും. ആരും വന്ന വഴി മറക്കാന്‍ പാടില്ലെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.

ചിത്രം ഒടിടിയിലേക്ക് പരിഗണിക്കുന്നെന്ന് ആന്റണി പെരുമ്പാവൂരാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തിയെന്നും മരക്കാര്‍ ഈ വര്‍ഷം തന്നെ പ്രേക്ഷകരിലേക്കെത്തും എന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിടിയിലാകും റിലീസ് ചെയ്യുകയെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലെ ആമസോണ്‍ പ്രൈം വീഡിയോ ഓഫീസില്‍ ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ നടന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. കൊവിഡിനേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ ചിത്രമുണ്ടാക്കുന്ന ഇനീഷ്യല്‍ ക്രൗഡ്പുള്ളും കളക്ഷനും പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഒടിടി റിലീസ് വാര്‍ത്തകളെത്തിയത്.

മരക്കാര്‍ ഒടിടിയിലേക്കെന്ന വാര്‍ത്ത തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിലും വലിയ ചര്‍ച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരിനേയും നടന്‍ പൃഥ്വിരാജിനേയും വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ഇതിനേത്തുടര്‍ന്ന് സംഘടനാ നേതൃത്വം രഹസ്യ ബാലറ്റുപയോഗിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു.

പകുതി പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയും രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയുമുള്ള പ്രദര്‍ശനത്തില്‍ വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം കുറവാണ്. ജനം തിയേറ്ററുകളിലെത്തിയില്ലെങ്കില്‍ നല്ല തുടക്കം കിട്ടാതിരിക്കുമോയെന്നും നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്.

മലയാളത്തില്‍ നിന്ന് ആദ്യമായി നൂറുകോടി ക്ലബ്ബില്‍ കയറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ഒടിടിയില്‍ വമ്പന്‍ ഹിറ്റായി. ടെലിവിഷന്‍ പ്രീമിയറിലും റെക്കോര്‍ഡ് കാഴ്ച്ചക്കാരെയാണ് ദൃശ്യം 2 നേടിയത്. തിയേറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാന്‍ നിവൃത്തിയില്ലെന്ന നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടി റിലീസിന് നല്‍കിയത്. ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന ഉറപ്പും ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊരുമിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘ട്വല്‍ത് മാന്‍’ മൂന്നാഴ്ച്ച മുമ്പ് ഷൂട്ട് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു. ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒടിടിയിലാകും ആദ്യം റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Also Read: ‘മരക്കാര്‍ ഒടിടി റിലീസ് ചെയ്യരുത്’; ഇടപെട്ട് ഫിലിം ചേംബറും