‘കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ച് പറയൂ’; സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്ന് സിതാര

കൊല്ലത്ത് സ്ത്രീധനപീഡനത്തിനൊടുവില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലിബ്രിറ്റികള്‍. മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ പഠിക്കാനും യാത്ര ചെയ്യാനും അനുവദിക്കുകയാണ് വേണ്ടതെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണമെന്നും സിതാര ചോദിച്ചു.

പ്രിയപ്പെട്ട പെണ്‍കുട്ടികളെ, കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ.

സിതാര കൃഷ്ണകുമാര്‍

സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണം. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയണം. ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം കല്യാണമല്ലെന്നും സിതാര ചൂണ്ടിക്കാട്ടി.

‘ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കും’ എന്ന് പറഞ്ഞാണ് കിരണ്‍ വിസ്മയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. സ്വര്‍ണാഭരണങ്ങളും ഒന്നര ഏക്കര്‍ സ്ഥലവും 12 ലക്ഷം രൂപയുടെ കാറും വിവാഹസമയത്ത് നല്‍കിയിരുന്നു. ഇതിലും വില കൂടിയ കാറും പത്ത് ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു കിരണ്‍ ആവശ്യപ്പെട്ടിരുന്നതെന്നും വിസ്മയയുടെ സഹോദരന്‍ വെളിപ്പെടുത്തി.