മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ ബ്രിട്ടീഷുകാരോട് പൊരുതി, മതംമാറ്റത്തെ ചെറുത്തു; കമല്‍ഹാസന്റെ നടക്കാതെ പോയ ഇതിഹാസ ചിത്രത്തിന്റെ കഥ ഇതാണ്

നടക്കാതെ പോയ ‘ബ്രഹ്മാണ്ഡ’ ചിത്രങ്ങള്‍ക്കിടയിലാണ് കമല ഹാസന്റെ മരുതനായകത്തിന്റെ സ്ഥാനം. 1991 മുതല്‍ ആലോചന തുടങ്ങിയ കമലിന്റെ ഡ്രീം പ്രൊജക്ട് പ്രേക്ഷകരെ കൊതിപ്പിച്ചതിന് കണക്കില്ല. അതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ വെച്ചേറ്റവും വലിയ ബജറ്റ്. 18-ാം നൂറ്റാണ്ടിലെ പോരാളിയായിരുന്ന മുഹമ്മദ് യൂസഫ് ഖാന്റെ ജീവിത കഥ ഇതിവൃത്തം, നായകനായി കമല്‍ ഹാസന്‍ എത്തുന്നതിനൊപ്പം തെന്നിന്ത്യയിലേയും ഹിന്ദിയിലേയും മുന്‍ നിര നടന്മാര്‍, പ്രസിദ്ധ നോവലിസ്റ്റ് സുജാത രംഗരാജന്റെ തിരക്കഥ, ഇളയരാജയുടെ സംഗീതം, എലിസബത്ത് രാജ്ഞിയും അന്നത്തെ മുഖ്യമന്ത്രി കരുണാനിധിയും ശിവാജി ഗണേശനും അമരീഷ് പുരിയുമെല്ലാം പങ്കെടുത്ത 1997ലെ വമ്പലന്‍ ലോഞ്ച്.

പ്രഖ്യാപന സമയത്ത് ലോഞ്ച് ചെയ്ത ടീസറിലെ യുദ്ധ രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മാത്രം ചെലവായത് 1.5 കോടി രൂപ. 85 കോടി രൂപയായിരുന്നു അന്ന് പ്രതീക്ഷിച്ച ടോട്ടല്‍ ബജറ്റ്. 1997ല്‍ ഷൂട്ട് ആരംഭിച്ചെങ്കിലും തടസങ്ങള്‍ തുടര്‍ക്കഥയായി. 1998ല്‍ മരുതനായകത്തിന്റെ ചിത്രീകരണം പൂര്‍ണമായും നിലച്ചു. നിര്‍മ്മാണ പങ്കാളിയായെത്തിയ ബ്രിട്ടീഷ് കമ്പനി പെട്ടെന്ന് പിന്മാറിയതാണ് കാരണം. പൊഖ്രാനില്‍ ഇന്ത്യ നടത്തിയ ആണവ സ്‌ഫോഠന പരീക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അപ്പോഴേക്കും കമലിന്റെ പോക്കറ്റില്‍ നിന്ന് എട്ട് കോടി രൂപ ചെലവായിരുന്നു.

പിന്നീട് പലപ്പോഴായി മരുതനായകം ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പറഞ്ഞ് കമല്‍ രംഗത്തെത്തി. നടക്കാത്ത പദ്ധതി വാഗ്ദാനങ്ങള്‍ പോലെ ഓരോ തവണയും ബജറ്റ് കൂടിക്കൊണ്ടിരുന്നു. മറ്റൊരു പ്രധാനവേഷത്തില്‍ രജനികാന്ത് എത്തുമെന്ന് വരെ പ്രഖ്യാപനങ്ങളുണ്ടായി. 2017ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മരുതനായകം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതോടെ ആരാധകര്‍ വീണ്ടും പ്രതീക്ഷയിലായി. ഇന്ത്യന്‍ രണ്ടാം ഭാഗം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന് 2018ല്‍ കമല്‍ പറഞ്ഞു. ഏറ്റവും ഒടുവിലായി 2020ല്‍ കമല്‍ ഹാസന്‍ മരുതനായകത്തേക്കുറിച്ച് പറഞ്ഞതിങ്ങനെ.

ടൈറ്റില്‍ കഥാപാത്രത്തെ ഒരു 40കാരനായാണ് ഞാന്‍ മനസില്‍ കണ്ടത്. മരുതനായകത്തെ അവതരിപ്പിക്കാന്‍ കഴിയാത്ത വിധം എനിക്ക് പ്രായം കൂടിപ്പോയി. നിര്‍മ്മിക്കാനുള്ള പണം കിട്ടുകയാണെങ്കില്‍ രണ്ട് ഓപ്ഷനാണ് മുന്നിലുള്ളത്. ഒന്നുകില്‍ കഥ മാറ്റുക. അല്ലെങ്കില്‍ ആ റോള്‍ ചെയ്യാന്‍ പ്രായം കുറഞ്ഞ ഒരു നടനെ കാസ്റ്റ് ചെയ്യുക.

കമല്‍ഹാസന്‍

കമല്‍ഹാസന്‍ മക്കല്‍ നീതി മയ്യത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായെങ്കിലും ഡ്രീം പ്രൊജക്ട് ഉപേക്ഷിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഒരു വിഭാഗം ആരാധകര്‍. ഇളയരാജ പാടിയ മരുതനായകം ടൈറ്റില്‍ സോങ്ങ് കേട്ടും യുട്യൂബിലെ വീഡിയോ കണ്ടാസ്വദിച്ചും സിനിമ മനസില്‍ പൂര്‍ത്തിയാക്കുന്ന ഒട്ടേറെ പേരുണ്ട്. മരുതനായകം പിള്ളൈ / മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ചരിത്ര വീരനായകന്റെ കഥ തന്നെ ഡ്രാമയും ആക്ഷനും ട്വിസ്റ്റുകളും നിറഞ്ഞതാണ്. വിപിന്‍ദാസ് ജി എന്ന ചലച്ചിത്രപ്രേമി എഴുതിയ കുറിപ്പ് വായിക്കാം.

വിപിന്‍ദാസ് ജിയുടെ കുറിപ്പ്

90’കളില്‍ ഒരിക്കല്‍ പടച്ചട്ടയും തലപ്പാവും അണിഞ്ഞ്, വാളേന്തി കുതിരപ്പുറത്ത് യുദ്ധം നയിക്കുന്ന വേഷത്തില്‍ കമല്‍ ഹാസന്റെ ഒരു ഗംഭീര കളര്‍ പടം കണ്ടത് നാനയിലോ, അതോ ചിത്രഭൂമിയിലൊ എന്ന് ഓര്‍ക്കുന്നില്ല. ഏതായാലും അന്നത്തെ ആ സിനിമ വാരികയില്‍ ഒരു മുഴുപേജ് നിറഞ്ഞു നിന്ന കഥാപാത്രത്തിന്റെ പേരും, ആ കഥാപാത്രം വരുന്ന സിനിമയുടെ പേരും ‘മരുതനായകം’ ആണെന്ന് മാത്രം ഓര്‍ക്കുന്നു. ബ്രിട്ടീഷ് റാണി എലിസബത്ത് തുടങ്ങി വച്ച കമല്‍ ഹാസന്റെ ആ സ്വപ്നചിത്രം എന്തുകൊണ്ടോ പൂര്‍ത്തിയായില്ല. ബ്രഹ്മാണ്ഡ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന ആ ചിത്രം ഇനി സംഭവിക്കുമോ? സാധ്യത കുറവാണ്. എങ്ങുമെത്താത്ത മരുതനായകം ചര്‍ച്ച ഈ കഴിഞ്ഞ 20-25 വര്‍ഷങ്ങളായും തുടരുന്നു. ഇടയ്ക്കിടെ ചിലസോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മരുതനായകം ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

പാതിയില്‍ നിന്നുപോയ സിനിമയുടെ സാമ്പത്തിക പ്രതിസന്ധികളില്‍ തുടങ്ങി അതിന്റെ ചരിത്ര പശ്ചാത്തലവും അത് ഉയര്‍ത്തിയ വിവാദങ്ങളും പലതും പിന്നീട് ശ്രദ്ധയില്‍ പെടുകയുണ്ടായി. ആ വിവാദങ്ങള്‍ തന്നെയാണ് മരുതനായകം ആരായിരുന്നു എന്ന് അറിയാനുള്ളില്‍ കൗതുകം വളര്‍ത്തിയതും. ദളിതനായ ഒരു തമിഴന്‍/ദ്രാവിഡന്‍ ജാതി ജീര്‍ണ്ണത കൊണ്ട് മുസല്‍മാനായി എന്ന് ഒരു കൂട്ടര്‍. ഹിന്ദു രാജാക്കന്മാര്‍ക്കെതിരെ പോരെടുത്തു, പേരെടുത്തവനെന്ന് മറ്റൊരു കൂട്ടര്‍. ആംഗലേയരുമായി പൊരുതിയ സ്വാതന്ത്ര്യസമര സേനാനി എന്ന് വേറെ ചിലര്‍. ചരിത്രം എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് സ്വന്തം താല്പര്യവും ഭാവനയും പോലെ മെനഞ്ഞെടുക്കുന്ന കഥകള്‍ എഴുതി, അതിനെ ചരിത്രമെന്ന് വിളിച്ചു തലമുറകളെ പഠിപ്പിക്കുന്ന യാതൊരു അധികാരികതയോ, ധാര്‍മ്മികതയോ ഇല്ലാത്ത ഒരു അടിസ്ഥാനവര്‍ഗ്ഗമാണ് നമ്മള്‍ എന്ന് തിരിച്ചറിവ് നേടുന്നത് ഇത്തരം ചരിത്രപുസ്തകങ്ങള്‍ വായിച്ച ശേഷം അതിന്റെ വാലെ പിടിച്ചു ചരിത്രം അന്വേഷിച്ചു പോയ അനുഭവങ്ങളില്‍ നിന്നാണ്.

ചരിത്രം, ചരിത്രമാണ്. ജാതി-മത-രാഷ്ട്രീയപരമായ എല്ലാ താല്പര്യങ്ങളും മാറ്റിവച്ചുകൊണ്ട് ചരിത്രത്തെ ചരിത്രമായി അറിയാനും ഉള്‍ക്കൊള്ളാനും ആത്മാര്‍ത്ഥമായി ശ്രമിക്കുക എന്ന ഉത്തരവാദിത്തം ഓരോ ചരിത്രവിദ്യാര്‍ത്ഥിയിലും ചരിത്രകാരനിലും ഉണ്ടായിരിക്കേണ്ടതുമാണ്. ആ ബോധത്തോടുകൂടി തന്നെ ഏതാണ്ട് മുപ്പത്തിയെട്ടു വയസ്സില്‍ സ്വന്തം പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തി ചരിത്രമായി തീര്‍ന്ന മരുതനായകം / മുഹമ്മദ് യൂസഫ് ഖാനെ അറിയാം.

പതിനെട്ടാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ ഇംഗ്ലീഷ് കൊല്ല വര്‍ഷം 1725-ല്‍ ഇന്നത്തെ രാമനാഥപുരം ജില്ലയില്‍, പരമക്കുടി താലുക്കില്‍ ഉള്‍പ്പെടുന്ന പനൈയൂര്‍ എന്ന തമിഴ് ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിലാണ് മരുതനായകം പിറക്കുന്നത്. ദരിദ്ര കുടുംബമാണ്.., അല്ലാതെ ദളിത് കുടുംബമായിരുന്നില്ല. വെള്ളാള പിള്ളൈ എന്ന തമിഴ് സവര്‍ണ്ണ സമുദായത്തില്‍ ജനിച്ച മരുതനായകത്തിന്റെ പൂര്‍ണ്ണ നാമം ‘മരുതനായകം പിള്ളൈ’ എന്നായിരുന്നു. ദരിദ്ര സവര്‍ണ്ണര്‍, സവര്‍ണ്ണരിലെ അവര്‍ണ്ണരായിരുന്നു എന്ന് പല ചരിത്രവും ജീവിതാനുഭവങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ഏതായാലും പനൈയൂര്‍ എന്ന ആ കുഗ്രാമത്തില്‍ നിന്ന് ദരിദ്രനായ മരുതനായകം എന്ന കൗമാരക്കാരന്‍ ഒരു ദിവസം കടന്നു കളഞ്ഞു. വയറ് നിറച്ചു ഉണ്ണാന്‍ ചോറ്.., അതായിരുന്നു ആ കാലഘട്ടത്തില്‍ മരുതനായകത്തിന്റെ സ്വപ്നം. അലഞ്ഞു തിരിഞ്ഞു നടന്ന അദ്ദേഹം ഒരു നാടോടി ഇസ്ലാമികവ്യാപാരികളുടെ സംഘത്തില്‍ പെടുകയും അതോടുകൂടി മുഹമ്മദ് യൂസഫ് ഖാന്‍ എന്ന മുസല്‍മാനായി മാറുകയും ചെയ്തു. പാശ്ചാത്യ സെറ്റില്‍മെന്റ് ആയി മാറിയിരുന്ന പോണ്ടിച്ചേരിയില്‍ ആ സംഘത്തോടൊപ്പം പ്രവേശിച്ച യൂസഫ് ഖാന്‍ അവിടെയൊരു പശ്ചാത്യ കുടുംബത്തിലെ ജോലിക്കാരനായി കൂടി. അവിടെ വച്ച് പ്രണയത്തിലായ മര്‍സിയ എന്ന ഫ്രഞ്ച് പെണ്‍കൊടിയെ പിന്നീട് അദ്ദേഹം ജീവിത സഖിയാക്കി.

വീട്ടുജോലി മതിയാക്കി തഞ്ചാവൂര്‍ മാറാഠി സൈന്യത്തിലെ കാലാള്‍പ്പടയില്‍ ചേര്‍ന്നതോടുകൂടിയാണ് മരുതനായകം അഥവാ മുഹമ്മദ് യൂസഫ് ഖാന്‍ എന്ന പോരാളിയുടെ ജനനം സംഭവിക്കുന്നത്. പടയോട്ടങ്ങളും പിടിച്ചടക്കലുമായി നാട്ടുരാജ്യങ്ങള്‍ മത്സരിക്കുന്നു. മറ്റൊരുവശത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മറ്റു പാശ്ചാത്യരേയും നാട്ടുരാജാക്കന്മാരെയും ഒതുക്കി സാമ്രാജ്യത്വ ശക്തിയായി വളരുന്നു. വൈകാതെ മാറാഠികളെയും മറവരേയുമൊക്കെ വീഴ്ത്തി സുല്‍ത്താനേറ്റിന്റെ ഭാഗമായ ആര്‍ക്കോട്ട് നവാബ് തമിഴ് മണ്ണില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. അന്നേരം ആര്‍ക്കോട്ട് നവാബിന്റെ സിംഹാസനം പിടിച്ചെടുക്കുക എന്ന സ്വപ്നം കണ്ട് പട കൂട്ടിയിരുന്ന നിയുക്ത നവാബിന്റെ അടുത്ത ബന്ധു ആയ ചന്ദാ സാഹിബിന്റെ പടയില്‍ ചേര്‍ന്നിരുന്നു മുഹമ്മദ് യൂസഫ് ഖാന്‍. എന്നാല്‍ ചന്ദാ സഹേബ് വിചാരിച്ചപോലെ അത് അത്ര എളുപ്പമായിരുന്നില്ല.

നവാബിന്റെ മകനായ മുഹമ്മദ് അലിഖാന്‍ വല്ലാജ്ഹ് തന്റെ പാരമ്പര്യ അവകാശം സംരക്ഷിക്കുന്നതിന് അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പക്ഷത്തില്‍ ബ്രിട്ടീഷ് സേന അണിനിരന്നപ്പോള്‍, ചന്ദ സഹേബീന്റെ പക്ഷത്ത് ഫ്രഞ്ച് സേന നിരന്നു. നീണ്ട പല പോരാട്ടങ്ങള്‍ക്കും ചെറിയ ചെറിയ വിജയങ്ങള്‍ക്കും ഒടുവില്‍ മുഹമ്മദ് അലിഖാനായി ബ്രിട്ടീഷ് ക്യാപ്റ്റന്‍ റോബര്‍ട്ട് ക്ലൈവ് നയിച്ച യുദ്ധം ജയിക്കയും ആര്‍ക്കട്ട് നവാബായി മുഹമ്മദ് അലിഖാന്‍ വല്ലാജ്ഹിനെ സിംഹാസനാരൂഢനാക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ചന്ദാ സാഹേബിന്റെ പട്ടാളത്തിലെ പ്രതിഭകളെ തിരഞ്ഞെടുത്തു സ്വന്തം പട്ടാളത്തില്‍ ചേര്‍ക്കുക എന്ന നടപടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അനുവാദത്തോടെ ആര്‍ക്കോട്ട് നവാബ് തുടങ്ങി കഴിഞ്ഞു. കേവലം ശിപായി ആയി തുടങ്ങിയ മരുതനായകം/മുഹമ്മദ് യൂസഫ് ഖാന്റെ പോരാട്ട വീര്യം റോബര്‍ട്ട് ക്ലൈവിനെ ആകര്‍ഷിക്കുകയും, അദ്ദേഹം മരുതനായകത്തിന്റെ വളര്‍ച്ചയ്ക്ക് വഴി ഒരുക്കുകയും ചെയ്തു.

മധുര മരുതനായകത്തിന്റെ ഭരണത്തിന്‍ കീഴില്‍

തങ്ക പതക്കത്തോടെ ആര്‍ക്കോട്ട്-ബ്രിട്ടീഷ് ആര്‍മിയിലെ സകല ശിപായിമാരുടെയും കമാന്‍ഡര്‍ ഓഫീസര്‍ എന്ന ഉന്നത പദവി അലങ്കരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ ആയിരുന്നു. ‘പാളയം’ എന്ന പേരില്‍ ചിന്നി ചിതറി കിടന്നിരുന്ന ശക്തവും സമ്പന്നവുമായ പല നാട്ടുരാജ്യങ്ങളിലേക്കും ആധിപത്യം ഉറപ്പിക്കാനും സമ്പത്ത് ഏകോപിപ്പിച്ചു വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ബുദ്ധിയും ശക്തിയും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചു വിജയം നേടിയ മരുതനായകത്താല്‍ ആര്‍ക്കോട്ട്-ആംഗലേയ അധികാരം വര്‍ധിച്ചു. പ്രബല പാളയപതികളായ അഴക് മുത്തുകോനും പൂലി തേവരും മരുതനായകത്താല്‍ വീഴ്ത്തപ്പെട്ടു. അതോടെ മുഹമ്മദ് യൂസഫ് ഖാന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സ്വയം നടന്നുകയറി.

നികുതി വര്‍ധനവിന് കാരണഭൂതനായ മരുതനായകത്തെ ആര്‍ക്കോട്ട് നവാബിനും അധിപനായ ഹൈദരാബാദ് നൈസാം ഗവര്‍ണര്‍ ജനറല്‍ ആയി പ്രഖ്യാപിക്കുക മാത്രമല്ല, തന്റെ ആധിപത്യത്തിലുള്ള മധുര ഉള്‍പ്പെടെ ഉള്ള സമ്പന്നവും ശക്തവുമായ ദേശത്തിന്റെ അധിപനായി പ്രഖ്യാപിക്കുകയും ഉണ്ടായി. ജനക്ഷേമം എന്ന ആശയം നടപ്പിലാക്കി സാധാരണ നാടുവഴികളില്‍ നിന്ന് വത്യസ്തനാവാന്‍ മുഹമ്മദ് യൂസഫ് ഖാന്‍ ശ്രമിച്ചു. മധുരനിവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച ആര്‍ക്കോട്ട് നവാബിനെതിരെ തെളിഞ്ഞും മറഞ്ഞും നിലപാട് എടുത്തുകൊണ്ട് ജാതി-മത ഭേദമന്യേ ജനപ്രീതി നേടിയ മുഹമ്മദ് യൂസ്ഫ് ഖാന്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഖാന്‍ സഹേബ് ആയിരുന്നു.

ഈ തരത്തില്‍ പെട്ടെന്ന് ഉണ്ടായ ആ പോരാളിയുടെ വളര്‍ച്ച ബ്രിട്ടീഷ്-ആര്‍ക്കോട്ട് നവാബ് ശക്തികളെ അസ്വസ്ഥമാക്കി. തങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന ഒരു പോരാളി ഗവര്‍ണര്‍ എന്ന നിലയിലേക്കും, അതിലുപരി സ്വയം ഒരു രാജശക്തിയായി വളരുന്നതിലേക്കും തെളിയുന്ന വഴി അവരെ മരുതനായകത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. നവാബിന്റെ അനുവാദത്തോടെ മധുര മീനാക്ഷി ക്ഷേത്രത്തിലെ സമ്പത്ത് കവര്‍ന്ന്, ക്ഷേത്രം തകര്‍ക്കാന്‍ പോന്ന പടയെ മുഹമ്മദ് യൂസുഫ് ഖാന്റെ മധുര പട ആര്‍ക്കോട്ട് വരെ തുരത്തി ആക്രമിച്ചതോടെ നവാബിനു മുഹമ്മദ് യൂസുഫ് ഖാനോടുള്ള വൈരാഗ്യം വര്‍ധിച്ചു. യൂസഫ് ഖാന് കിട്ടി പോന്ന ജനപിന്തുണയെ ആകട്ടെ ബ്രിട്ടീഷ് ആധിപത്യത്തെയും ആശങ്കപ്പെടുത്തി.

വൈകാതെ ബ്രിട്ടീഷ് പട്ടാളം മധുരയില്‍ ചെന്ന് മരുതനായകവുമായി ഏറ്റുമുട്ടിയെങ്കിലും ദയനീയമായി തോറ്റു പിന്‍വാങ്ങേണ്ടി വന്നു. ആ അപമാനം തന്നെ ഒരു വര്‍ഷത്തിനു ശേഷം വന്‍ പടയുമായി വീണ്ടും മരുതനായകത്തെ തകര്‍ക്കാന്‍ അവരെ മധുരയിലേക്ക് എത്തിച്ചു. ഇത്തവണ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി കോട്ടയ്ക്കകത്തേക്ക് ജലവും ധാന്യവും എത്തിക്കുന്നത് തടയുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാര്‍ പയറ്റിയത്. എന്നാല്‍ അതുകൊണ്ടും യൂസഫ് ഖാന്‍ നേതൃത്വം നല്‍കിയ ആ ജനതയുടെ മനോവീര്യം തകര്‍ക്കാനായില്ല. കുതിര മാംസം തിന്നും അവര്‍ അതിനെ പ്രതിരോധിച്ചു.

ഒരു വിധത്തിലും ശക്തമായ മരുതനായകം കോട്ടയേയും മരുതനായകത്തേയും നേരിട്ട് തകര്‍ക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ ബ്രിട്ടീഷ് സൈന്യം പതിവുപോലെ ചതി മെനഞ്ഞു. കോട്ടയില്‍ സ്വാധീനവും പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും ഉള്ള രണ്ടുപേരെ വശത്താക്കി എന്നും, അതല്ല, ഭീഷണിപ്പെടുത്തി വശംവദരാക്കി എന്നും ചരിത്രപരമായ രണ്ടു വാദങ്ങള്‍ ഉണ്ട്. എന്തുതന്നെയായാലും ആ രണ്ടുപേര്‍ മറ്റാരുമായിരുന്നില്ല, മുഹമ്മദ് യൂസഫ് ഖാന്റെ ദിവാന്‍ ശ്രീനിവാസ റാവുവും, മരുതനായകത്തിന്റെ പഴയ പോണ്ടിച്ചേരി സുഹൃത്തായിരുന്ന ഒരു ഫ്രഞ്ച് പൗരന്‍ ആയിരുന്നു എന്നും, അതല്ല, അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആയിരുന്നു എന്നൊക്കെയുള്ള വ്യക്തമല്ലാത്ത ചില വാദങ്ങള്‍ നിലനില്‍ക്കുന്നു. എന്തായാലും കോട്ടയ്ക്കകത്ത് ഒരു സുബഹി നിസ്‌കാരം ചെയ്യുന്ന നിരായുധനായ മുഹമ്മദ് യൂസഫ് ഖാനെ ചതിയില്‍ ബ്രിട്ടീഷ് പട്ടാളത്തിന് കൈമാറുകയായിരുന്നു എന്ന ചരിത്രത്തില്‍ മാത്രം മറ്റു വാദഗതികള്‍ ഇല്ല.

15 ഒക്ടോബര്‍ 1764-ല്‍ മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ തൂക്കിലേറ്റപ്പെട്ടു. രണ്ടു തവണയും തൂക്കുകയര്‍ പൊട്ടി താഴെ വീണ മരുതനായകം മൂന്നാം തൂക്കില്‍ കൊല്ലപ്പെട്ടു. മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാനെ അതിയായി ഭയന്നിരുന്ന ആര്‍ക്കോട്ട് നവാബ്, അദ്ദേഹത്തിന്റെ ശവശരീരങ്ങള്‍ കഷ്ണങ്ങളാക്കി. തല തിരുച്ചിയിലും, അദ്ദേഹത്തിന്റെ ഉടലില്‍ അവയവം പോലെ പ്രവര്‍ത്തിച്ചിരുന്ന ഉടവാള്‍ പാളയംകോട്ടയിലും കാലുകളില്‍ ഒന്ന് പെരിയ കുളത്തും, മറ്റൊന്ന് തഞ്ചാവൂരിലും അടക്കി. കബന്ധമാകട്ടെ മരുതനായകം ആണ്ട മധുരയില്‍ തന്നെ അടക്കി. മരുതനായകത്തിന്റെ മകനുമായി കടന്നുകളഞ്ഞ ഭാര്യ മാര്‍സിയ മകനെ വളര്‍ത്താന്‍ ദിവാന്‍ ശ്രീനിവാസ റാവുവിനെ ഏല്‍പ്പിക്കുന്നു. തന്റെ അന്ത്യാഭിലാഷമായി അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ആര്‍ക്കോട്ട് നവാബിന്റെയും ബ്രിട്ടീഷ് കമ്പനിയുടെയും ദൃഷ്ടിയില്‍ നിന്ന് അവനെ സുരക്ഷിതനായി വളര്‍ത്തുക എന്നായിരുന്നു. അവര്‍ അത്രമേല്‍ ഭയന്നിരുന്നു. ആ ഭയം ശ്രീനിവാസ റാവുവിലും പകര്‍ന്നിരുന്നു. അന്ന് കോട്ടയ്ക്കുള്ളില്‍ എന്ത് മറിമായം, അല്ലെങ്കില്‍ ചതിയായിരുന്നു അരങ്ങേറിയത് എന്നത് ഒരു പ്രഹേളികയായി അവശേഷിക്കയാണ്. ഏതായാലും മുഹമ്മദ് യൂസഫ് ഖാന്റെ മകനെ ശ്രീനിവാസ റാവു പിന്നീട് മരുതനായകമായി വളര്‍ത്തി എന്നതിലാണ് മരുതനായകത്തിന്റെ ചരിത്രം അവസാനിക്കുന്നത്.

ഇന്ത്യയിലെ മികച്ച പോരാളികളായി, പോരാളികളിലെ തലവേദനകളായി ബ്രിട്ടീഷ് തന്നെ പില്‍ക്കാലത്ത് അടയാളപ്പെടുത്തിയ രണ്ടുപേരുകളില്‍ ഒന്ന് മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ ആയിരുന്നു. മറ്റൊന്ന് മൈസൂര്‍ ഹൈദര്‍ വംശം. മൈസൂര്‍ വംശത്തെ എക്കാലവും ഓര്‍ക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. അവരുടെ ഖബര്‍ ചരിത്രമുദ്രയായി സൂക്ഷിക്കുന്നു. മധുരയിലെ മരുതനായകം കോട്ടയും, അദ്ദേഹം പാര്‍ത്ത് പോന്ന പഴയ പാണ്ഡ്യരാജാവിന്റെ കൊത്തളവും പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി ബ്രിട്ടീഷ് ഗവണ്മെന്റ് പൊളിച്ചു നീക്കി. എന്നാല്‍ മധുരയിലെ സമ്മട്ടിപുരത്തില്‍ ചെറിയൊരു മക്കാം ഉണ്ട് മധുര മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്റെ പേരില്‍. ചരിത്രത്തിന്റെ ചാരം മൂടിപ്പോയ ആ ഖബറിസ്ഥാനില്‍ മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ അന്ത്യവിശ്രമം കൊള്ളുന്നു.