ബാഴ്സലോണയില്‍ നിന്ന് താരങ്ങളുടെ പലായനം തുടരുകയാണ്. യുവന്റസില്‍ നിന്നെത്തിച്ച പിയാനിക്കിനെ ടര്‍ക്കിഷ് ക്ലബ്ബായ ബെസ്കിറ്റാസിന് വായ്പയായി നല്‍കിയതാണ് ഏറ്റവും ഒടുവിലത്തേത്. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നെടുത്ത ആന്റോയ്ന്‍ ഗ്രീസ്മാനേയും തിരിച്ചു ലോണായി കൊടുത്തു. പിയാനിക്കിനെ പണയം വെച്ച് കിട്ടിയ തുകകൊണ്ടും ഗ്രീസ്മാന് അതല്റ്റിക്കോയ്ക്ക് വേണ്ടി പകുതി കളിയെങ്കിലും ഇറങ്ങിയാല്‍ കിട്ടുന്ന 40 ദശലക്ഷം യൂറോ കൊണ്ടും ബാഴ്സയ്ക്ക് ഒന്നുമാകാന്‍ പോകുന്നില്ല. പക്ഷെ, കിട്ടുന്ന പണത്തേക്കാള്‍ നൂകാംപ് ലാഭമായി കാണുന്നത് വേതനച്ചെലവിലെ കുറവാണ്. അതാണ് കാറ്റലോണിയന്‍ ക്ലബ്ബിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി.
മെസ്സിയുടെ പോക്കിനെ ‘സങ്കടകരം പക്ഷെ അനിവാര്യം’ എന്നാണ് ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട വിശേഷിപ്പിച്ചത്. ഭയാനകമായ ഒരു പിന്തുടര്ച്ചയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും ബര്‍ത്തോമ്യു നുണയനും പ്രകാശവേഗത്തില്‍ പണം ചെലവഴിച്ചയാളാണെന്നും പ്രസിഡന്റ് പറഞ്ഞു. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി 1.35 ശതകോടി യൂറായുടെ കടത്തിലെത്തി നില്‍ക്കുകയാണെന്നും ലപ്പോര്‍ട്ട വെളിപ്പെടുത്തി. മാര്‍ച്ചിലെ ക്ലബ്ബ് ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറിയ ഉടനെ തന്നെ കളിക്കാര്‍ക്ക് വേതനം കൊടുക്കാന്‍ 80 ദശലക്ഷം യൂറോ ലോണെടുക്കാന്‍ നിര്‍ബന്ധിതരായി. 550 ദശലക്ഷം കൂടി കടമെടുത്താലേ കാര്യങ്ങള്‍ കുറച്ചെങ്കിലും മുന്നോട്ട് പോകൂ. ക്ലബ്ബിന്റെ മൊത്തം ആസ്തി 451 ദശലക്ഷം യൂറോ നെഗറ്റീവാണ്. തന്റെ മുന്‍ഗാമിയായ ബര്‍ത്തോമ്യു നേതൃത്വം കൊടുത്ത മാനേജ്മെന്റാണ് പ്രതിസന്ധിക്കിടയാക്കിയ യഥാര്‍ത്ഥ വില്ലനെന്നും കൊവിഡിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ലപ്പോര്‍ട്ട ചൂണ്ടിക്കാട്ടുന്നു.

മുതിര്‍ന്ന താരങ്ങളുമായി നീണ്ട കരാറും പ്രായം കുറഞ്ഞ കളിക്കാരുമായി ഹ്രസ്വമായ കരാറുകളിലുമാണ് ബര്‍ത്തോമ്യു മാനേജ്മെന്റ് ഏര്‍പ്പെട്ടതെന്ന് ലപ്പോര്‍ട്ട പരാതിപ്പെട്ടു. ഇടനിലക്കാരുമായി സംശയകരമായ ഇടപാടുകളുണ്ടായിരുന്നു. ടെലിവിഷന്‍ സംപ്രേഷണത്തിന് അഡ്വാന്‍സായി വാങ്ങിയ പണവും ചെലവഴിക്കപ്പെട്ടു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ട സ്റ്റേഡിയം കാണികള്‍ക്ക് സുരക്ഷിതമായി ഇരുന്ന് കളി കാണാന്‍ പറ്റാത്ത നിലയിലായി. ആകെ വരുമാനത്തിന്റെ 103 ശതമാനവും ബാഴ്സ ചെലവഴിച്ചിരുന്നത് കളിക്കാരുടെ വേതനം നല്‍കാനാണ്. മറ്റ് ക്ലബ്ബുകളേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ അധികമാണിത്. ബാഴ്സയുടെ ഈ സീസണിലെ ആകെ വേതനം 88 ദശലക്ഷമായി ലാലിഗ നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വരുമാനത്തിന്റെ 65 മുതല്‍ 70 ശതമാനം വരെയായി വേതനം ചുരുക്കാനുള്ള നീക്കമാണ് ലപ്പോര്‍ട്ട നടത്തിക്കൊണ്ടിരിക്കുന്നത്.

30 ദശലക്ഷം യൂറോയായിരുന്നു ഗ്രീസ്മാന്റെ വാര്‍ഷിക ശമ്പളം. 102 കളികളില്‍ നിന്ന് 35 ഗോളുകള്‍ നേടിയ ഫ്രഞ്ച് താരത്തിന്റെ പ്രകടനത്തില്‍ ബാഴ്സയ്ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഗ്രീസ്മാനെ പോറ്റാന്‍ പറ്റുന്ന ഒരു ക്ലബ്ബിനെ തപ്പി നടന്നപ്പോഴാണ് അത്ലറ്റിക്കോ തന്നെ താല്പര്യമറിയിച്ചത്. ബാഴ്സയില്‍ ഗ്രീസ്മാന് വലിയ സംഭാവനയൊന്നും ചെയ്തില്ലെങ്കിലും പഴയ തട്ടകമായ അത്ലറ്റിക്കോയിലെത്തുമ്പോള് ഫോം വീണ്ടെടുത്തേക്കും. ലാലിഗയിലെ ഏറ്റവും പ്രധാന വൈരികളിലൊന്നിനെ വീണ്ടും ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്തതെങ്കിലും സാമ്പത്തികമായി ആ ഇടപാട് നൂകാംപിന് മെച്ചമാണ്.
ബ്രസീലിയന്‍ റൈറ്റ് ബാക്ക് എമേഴ്സണ്‍ റോയലിനോട് തങ്ങള്‍ക്ക് പതിവില്ലാത്ത ഒരു ചെയ്ത്താണ് ബാഴ്സലോണ ചെയ്തത്. വാങ്ങിയ ഉടനെ ടോട്ടനം ഹോട്സ്പറിന് വിറ്റു. കടുപ്പമായിപ്പോയെങ്കിലും മറിച്ചുവിറ്റ വകയില്‍ ഒമ്പത് ദശലക്ഷം യൂറോ ലപ്പോര്‍ട്ട ക്ലബ്ബിന് നേടിക്കൊടുത്തു. എമേഴ്സണെ ഏറെ ദുഖത്തിലാഴ്ത്തിയ നീക്കമായിരുന്നു അത്. ബാഴ്സ ആരാധകര്‍ക്കുപോലും അത് അത്ര പിടിച്ചില്ല.
ബാഴ്സലോണയില്‍ കളിക്കുമ്പോഴത്തെ അനുഭവം ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ സ്വപ്നമായിരുന്നു അത്. ഇത് ചെയ്ത രീതി എന്നെ വേദനിപ്പിക്കുന്നു. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. കാര്യങ്ങള്‍ ശരിയാക്കാന്‍ മെച്ചപ്പെട്ട വഴികളുണ്ടായിരുന്നു.
എമേഴ്സണ്‍ റോയല്‍
ലാമാസിയയിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന ഗിനിയന്‍ മിഡ്ഫീല്‍ഡര്‍ ഇലായ്ഷ് മൊറീബ (18) ആര് ബി ലെയ്പ്സിഗിലേക്കും പോയി. മൊറീബയുമായി 22 ദശലക്ഷം യൂറോയുടെ കരാറിലാണ് ജര്‍മന്‍ ക്ലബ്ബ് ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത സീസണില്‍ മൊറീബ ഫ്രീ ഏജന്റ് ആകുമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയും മുന്‍പ് ബാഴ്സ മാനേജ്മെന്റ് മൊറീബ ഡീല്‍ നടത്തിയത്.

ബാഴ്സ ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുകയും ആശങ്കയേറ്റുന്നതുമായ ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയാണ് കടന്നുപോയത്. പക്ഷെ, പണച്ചോര്ച്ചയുണ്ടാകുന്ന മുറിവുകള്‍ തുന്നിക്കെട്ടുന്ന തിരക്കിലാണ് ലപ്പോര്‍ട്ട. മുതിര്‍ന്ന കളിക്കാരായ ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്ക്വെറ്റ്സ് ത്രയം ശന്വളം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധത കാണിച്ചത് മാനേജ്മെന്റിനും ക്ലബ്ബിനും വലിയ ആശ്വാസമായി. പുതിയ കളിക്കാരെ വാങ്ങാന്‍ തുണയായത് ഈ വിട്ടുവീഴ്ച്ചയാണ്. പുതിയ സൈനിങ്ങുകളായ മെംഫിസ് ഡീപേയും സെര്‍ജിയോ അഗ്വേറോയും എറിക് ഗാര്‍സിയയും മറ്റേത് ക്ലബ്ബില്‍ കിട്ടാവുന്നതിനേക്കാളും ചെറിയ വേതനത്തിന് കളിക്കാനും തയ്യാറായി. മൂവരും വന്നത് ഫ്രീ ഏജന്റായാണ്. റാക് വണ്‍ റേഡിയോ സ്റ്റേഷന് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ബാഴ്സലോണ വരുമാനത്തിന്റെ 85 ശതമാനമാണ് ഇപ്പോള്‍ വേതനത്തിന് ചെലവഴിക്കുന്നത്. ജൂണില്‍ ഇത് 110 ശതമാനമായിരുന്നിടത്തു നിന്നാണ് ഈ മാറ്റം.
കണക്കിലെ കളിവിട്ട് മൈതാനത്തേക്ക് വന്നാലും ബാഴ്സലോണയില്‍ ഒരു പുതിയ തുടക്കത്തിന്റെ സൂചനകള്‍ കാണാം. മെസ്സി പോയെങ്കിലും പിക്വെ, ബുസ്ക്വെറ്റ്സ്, ആല്‍ബ എന്നിങ്ങനെ ക്യാപ്റ്റന്മാര്ക്ക് പഞ്ഞമില്ല. ഫ്രെങ്കി ഡി യോങ്ങും ടെര് സ്റ്റേഗനും കൂടിയുള്ളപ്പോള്‍ ബാഴ്സയുടെ ആത്മവീര്യത്തിന് കോട്ടം തട്ടാന്‍ ഇടയില്ല. ഡീപേ നൂകാംപില്‍ മികച്ച തുടക്കമിട്ടുകഴിഞ്ഞു. വേള്‍ഡ് ക്ലാസ് മിഡ്ഫീല്‍ഡര്‍ ആയി പതിനെട്ടുകാരന് പെഡ്രി ഉയര്‍ന്നുവരുന്നു.

മെസ്സിയുടെ വിടവ് നികത്താനായേക്കില്ലെങ്കിലും അന്‍സു ഫാറ്റി പത്താം നമ്പര്‍ ജേഴ്സിക്ക് അര്‍ഹന്‍ തന്നെയാണ്. ലാമാസിയയുടെ പുതിയ വണ്ടര്കിഡ്ഡിനെ ചുറ്റിപ്പറ്റി ക്ലബ്ബിനും ആരാധകര്‍ക്കും ഒട്ടേറെ പ്രതീക്ഷകളുണ്ട്. മുട്ടിനേറ്റ മാരകപരുക്കില് നിന്ന് ഫാറ്റി മുക്തനായി. സെപ്റ്റംബര്‍ 19ന് ഗ്രനാഡയ്ക്കെതിരായ ലാലിഗാ മത്സരത്തില്‍ ഫാറ്റി കളിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മെസ്സിയുടെ പിന്‍ഗാമിയാകുക എന്ന ഭാരിച്ച വെല്ലുവിളി ഫാറ്റി ഏറ്റെടുത്തുകഴിഞ്ഞു. 18കാരന് ബാഴ്സയ്ക്കൊപ്പം വളരാന്‍ ഏറെ സമയം മുന്നിലുണ്ട്.
കുട്ടീഞ്ഞോ, ഡെംബലെ, അഗ്വേറോ എന്നിവര്‍ കൂടി പരുക്കില്‍ നിന്ന് കരകയറി മികച്ച പ്രകടനത്തിലേക്കെത്തിയാല് റൊണാള്‍ഡ് കോമാന്റെ സ്ക്വാഡ് ശക്തമാകും. കുട്ടീഞ്ഞോ പരിശീലനത്തിന് തിരിച്ചെത്തി. ഗെറ്റഫേയുമായുള്ള മത്സരത്തില്‍ ബെഞ്ചിലുണ്ടായിരുന്നു. ആഗ്വേറേയും ഡെംബലെയും നവംബറില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

ലാമാസിയയിലെ കുട്ടികളില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കേണ്ട സീസണ് കൂടെയാണിത്. അറോഹോ, മിങ്ഗ്വെസ, റിക്വി പ്യൂഷ്, അന്‍സു ഫാറ്റി എന്നിവരേപ്പോലെ മറ്റ് താരങ്ങളേയും ഒരുക്കിക്കൊണ്ടുവരേണ്ട സമയം. അലജാന്ദ്രോ ബാല്‍ഡെ, ഗാവി, നിക്കോ ഗൊണ്‍സാലസ്, ഗോള്‍കീപ്പര്‍ അര്‍ണോ ടെനാസ് എന്നിവരെ ചാംപ്യന്‍സ് ലീഗ് 2021/22 സീസണിലേക്ക് ബാഴ്സ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ക്ലബ്ബിന്റെ നിലനില്പിന് വേണ്ടി ലപ്പോര്‍ട്ടയും ടീമിന്റെ ആത്മാവ് നിലനിര്‍ത്താന്‍ പിക്വെ, ആല്‍ബ, ബുസ്ക്വെറ്റ്സും ഒത്തിണക്കമുള്ള ഒരു സ്ക്വാഡിനെ ഒരുക്കാന്‍ കോമാനും പരിശ്രമിക്കുന്നു. മെസ്സിയുടെ അഭാവം കളിക്കളത്തില്‍ മാത്രമല്ല പ്രതിഫലിക്കുകയെന്ന് ഓരോ ഫുട്ബോള്‍ ആരാധകര്‍ക്കും അറിയാം. ബാഴ്സലോണ മുന്‍പില്ലാത്തവിധം ഒത്തൊരുമ കാണിക്കേണ്ട സന്ദര്‍ഭമാണിത്. കാറ്റലോണിയന്‍ പ്രതിരോധവീര്യവുമായി ബാഴ്സ എല്ലാം മറികടന്ന് കുതിപ്പ് തുടരുമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷ.