കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഷെയര്‍ ചെയ്യുന്ന ചിത്രം തെലങ്കാനയിലേത്; ആയിരക്കണക്കിന് പേരെ അണിനിരത്തി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ചൊവ്വാഴ്ച രാത്രി മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഒരു ചിത്രം പങ്കുവെക്കുന്ന തിരക്കിലാണ്. വലിയ ആള്‍ക്കൂട്ടം പങ്കെടുത്ത ഒരു സമ്മേളനത്തിന്റെ ചിത്രമാണത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനീവാസ് അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഈ ചിത്രം പങ്കുവെച്ചത്.

തെലങ്കാനയിലെ മഹ്ബൂബ് നഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെയും തൊഴില്‍ രഹിതരായ യുവാക്കളുടെയും സമ്മേളനത്തിന്റെ ചിത്രമാണ് ചര്‍ച്ചയായത്. ‘കോണ്‍ഗ്രസ് എവിടെ എന്ന് ഇനിയും ചോദിക്കുമോ?’ എന്ന തലക്കെട്ടോടെയാണ് വി.ബി ശ്രീനിവാസ് ചിത്രം പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

രേവന്ത് റെഡ്ഡി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസ് വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കൈവിട്ട പഴയ കോട്ടകളിലാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ശ്രദ്ധേയമാണ്.


സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് കഴിഞ്ഞ ഏഴ് വര്‍ഷമായി വിദ്യാര്‍ത്ഥികളെയും യുവതയെയും അവഗണിക്കുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ടിപിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു. വിദ്യാര്‍ത്ഥി കൂട്ടായ്മയും തൊഴില്‍ രഹിതരായ യുവജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കും. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ ത്യാഗങ്ങളും പ്രക്ഷോഭകാലത്ത് നടത്തിയ തൊഴില്‍ വാഗ്ദാനങ്ങളും ടിആര്‍എസ് മറന്നെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

മോട്ടോര്‍ ബൈക്കുകളുടെ അകമ്പടിയോടെയാണ് രേവന്ത് റെഡ്ഡി സമ്മേളന സ്ഥലത്തേക്കെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് അദ്ദേഹത്തിന് നല്‍കിയത്.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ഭട്ടി വിക്രമര്‍ക്ക, മുന്‍ പ്രതിപക്ഷ നേതാവ് മുഹമ്മദ് അലി ഷബീര്‍, മധു ഗൗഡ്, മുന്‍ മന്ത്രി ഡോ. ഗീത റെഡ്ഡി, എഐസിസി സെക്രട്ടറി വംശിചന്ദ് റെഡ്ഡി, മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിത റാവു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.