‘രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബില്‍ ഭരണഘടനാ വിരുദ്ധം’; വീണ ജോര്‍ജ് അവതരിപ്പിച്ച ബില്ല് നിലനില്‍ക്കില്ലെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ആദ്യ ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യം സഭയില്‍ താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വൈരുദ്ധ്യമുണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞ് സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയാണ് ഉണ്ടായതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

‘പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ ദ എപിഡെമിക് ഡിസീസ് ആക്ട് 1897′ എന്ന നിയമം 22-04-2020 മുതല്‍ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ സാഹചര്യത്തില്‍ മേല്‍ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തില്‍ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിയമം നിലനില്‍ക്കെ അതേ വിഷയത്തില്‍ വ്യത്യസ്തമായ രീതിയില്‍ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തില്‍ അനുശാസിക്കുന്നതാണ്’, മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തി പിടിക്കുന്നതിനു വേണ്ടി ആയതില്‍ അതിയായ സന്തോഷമുണ്ട്.

പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ ‘The Epidemic Disease Act 1897’ എന്ന നിയമം 22-04-2020 മുതല്‍ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ സാഹചര്യത്തില്‍ മേല്‍ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തില്‍ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയമം നിലനില്‍ക്കെ അതേ വിഷയത്തില്‍ വ്യത്യസ്തമായ രീതിയില്‍ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തില്‍ അനുശാസിക്കു ന്നതാണ്.

254-ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധ മാണെന്ന് ഇന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

Also Read: കെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു; പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി നേതാവ്, വെല്ലുവിളിച്ച് സികെ ജാനു

ഒരേ വിഷയത്തില്‍ രണ്ട് നിയമവും രണ്ട് ശിക്ഷയും നിര്‍ദ്ദേശിക്കപ്പെട്ടാല്‍ ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്‌നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയാണ് ഉണ്ടായത്.

ആദ്യ ഇടപെടല്‍ നല്ല ഒരനുഭവമായിരുന്നു.