ജെഡിഎസില്‍ തീരുമാനമായി; മാത്യു ടി തോമസും കൃഷ്ണന്‍കുട്ടിയും മന്ത്രി സ്ഥാനം പങ്കിടും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് പാര്‍ട്ടിയില്‍നിന്ന് ആരെല്ലാം മന്ത്രിമാരാവണം എന്നതില്‍ ജെഡിഎസില്‍ തീരുമാനമായി. മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും മന്ത്രി സ്ഥാനം പങ്കിടും. രണ്ടുപേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും.

ആദ്യ ടേം മാത്യു ടി തോമസിനായിരിക്കും എന്നാണ് സൂചന. ദേശീയ നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഈ നിര്‍ദ്ദേശം വെച്ചത്. ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി കേരളാ ഘടകത്തിന്റെ യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജെഡിഎസ് ദേശീയാധ്യക്ഷന്‍ ദേവഗൗഡ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന് നടക്കും. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചന നടക്കുകയാണ്. പദവികളും പ്രാതിനിധ്യവും സംബന്ധിച്ച് വ്യക്തത വരുത്താന്‍ സിപിഐഎമ്മും സിപിഐയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി.

നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ചീഫ് വിപ്പ് പദവി വിട്ട് നല്‍കാമെന്നും സംസ്ഥാന ജറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

നാല് മന്ത്രി സ്ഥാനങ്ങള്‍ നിലവില്‍ കൈവശമുള്ള സിപിഐ ഒരു മന്ത്രി സ്ഥാനം വിട്ടുനല്‍കണമെന്ന് സിപിഐഎം അഭ്യര്‍ത്ഥിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നണിയിലെത്തുകയും അര്‍ഹമായ മന്ത്രിസഭാ പ്രാതിനിധ്യം ചോദിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഐഎന്‍എല്ലും കോവൂര്‍ കുഞ്ഞുമോനും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കത്ത് നല്‍കിയിരുന്നു.