‘കല്ലുമാല കാതില്‍ കമ്മലതില്ലേലും’; ‘ടിക് ടോക് കല്യാണ’വുമായി മാത്യൂസ്

നിഖില വിമല്‍, മാത്യൂസ്, നാസ്ലന്‍ ഗഫൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മാത്യൂസുമായി ജന്മദിനം പങ്കിടുന്ന പൃഥ്വിരാജാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. മാത്യുവിന്റെ കഥാപാത്രം ചെറുപ്രായത്തില്‍ വിവാഹം കഴിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ജോ ആന്‍ഡ് ജോയുടെ പ്രമേയം. അരുണ്‍ ഡി ജോസും രവീഷ് നാഥും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

നടനെന്ന റോളില്‍ സമീപകാലത്ത് ഏറെ പ്രശംസ നേടിയ സംവിധായകന്‍ ജോണി ആന്റണി മാത്യൂസിന്റെ പിതാവിന്റെ വേഷത്തിലെത്തുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സ്മിനു സിജോയാണ് അമ്മ വേഷത്തില്‍. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലീന ആന്റണി മാത്യൂസിന്റെ മുത്തശ്ശി റോളിലുണ്ട്.

വിദ്യാര്‍ത്ഥികളായിരിക്കെത്തന്നെ വിവാഹിതരാകുന്നവരുടെ വീഡിയോകള്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിരുന്നു. ‘എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ..കല്ലുമാലക്കാതില്‍ കമ്മലതില്ലേലും’ എന്ന പാട്ട് പശ്ചാത്തലമാക്കിയുള്ള ടിക് ടോക് വീഡിയോകളാണ് വൈറലായത്. വിവാഹപ്രായമായവര്‍ തമ്മിലുള്ള വിവാഹമാണെങ്കിലും ഇത്തരം വിവാഹങ്ങളെ ‘ടിക് ടോക് കല്യാണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ജോ ആന്‍ഡ് ജോ ഫസ്റ്റ്‌ലുക്കിന് പിന്നാലെ ടിക് ടോക് കല്യാണമാണോയെന്ന കമന്റുകളുമെത്തി.

ജോ ആന്‍ഡ് ജോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അന്‍സര്‍ ഷായാണ് ജോ ആന്‍ഡ് ജോയുടെ ഛായാഗ്രഹണം. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണമൊരുക്കുന്നു. ഇമാജിന്‍ സിനിമാസും സിഗ്നേച്ചര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകരന്‍, കല – നിമേഷ് താനൂര്‍, മേക്കപ്പ് – സിനൂപ് രാജ്, വസ്ത്രാലങ്കാരം – സുജിത്ത് സി. എസ്, സ്റ്റില്‍സ് – ഷിജിന്‍ പി രാജ്, പരസ്യകല – മനു ഡാവിന്‍സി, എഡിറ്റര്‍ – ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍ – സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ – റെജിവാന്‍ അബ്ദുള്‍ ബഷീര്‍, വാര്‍ത്ത പ്രചരണം – എ.എസ്. ദിനേശ്.

‘കുട്ടിക്കല്യാണം’ മുന്‍പും മലയാള സിനിമയില്‍ പ്രമേയമായിട്ടുണ്ട്. ദിലീപ്, സുലേഖ, തിലകന്‍, ജഗതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ‘മീനത്തില്‍ താലികെട്ട്’ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ലാല്‍ ജോസിന്റെ കഥയ്ക്ക് എ.കെ. സാജനും എ. കെ സന്തോഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ മീനത്തില്‍ താലികെട്ട് 1998ലാണ് പുറത്തിറങ്ങിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഓമനക്കുട്ടന്‍ പ്രത്യേക സാഹചര്യത്തില്‍ വിവാഹം കഴിക്കുന്നതും ഭാര്യ ഗര്‍ഭിണിയായതിനേത്തുടര്‍ന്ന് അച്ഛന്‍ ഓമനക്കുട്ടനെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.